കോഴിക്കോട്: സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ജുഡിഷ്യൽ അംഗം കെ.ബൈജുനാഥ് സെൻട്രൽ മാർക്കറ്റ് സന്ദർശിച്ചു.
സെൻട്രൽ മാർക്കറ്റിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ മനുഷ്യാവകാശങ്ങൾ ലംഘിക്കുകയാണെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സന്ദർശനം. മാദ്ധ്യമവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിൽ നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാൻ സെപ്തംബർ 4ന് നഗരസഭാ സെക്രട്ടറിക്ക് ഉത്തരവ് നൽകിയിരുന്നു.
സെൻട്രൽ മാർക്കറ്റിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത കമ്മിഷൻ വിലയിരുത്തി.അടിയന്തിര നടപടികൾ സ്വീകരിച്ച് ജനങ്ങളും കച്ചവടക്കാരും അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കണമെന്ന് കമ്മിഷൻ ഉത്തരവിട്ടു.
കോർപ്പറേഷൻ അഡീഷണൽ സെക്രട്ടറി എസ്.സജി, ടൗൺ അസി.കമ്മിഷണർ ബിജുരാജ്, ഹെൽത്ത് സൂപ്പർവൈസർ വി.ഷജിൽ കുമാർ , ഹെൽത്ത് ഇൻസ്പെക്ടർ മേഘനാഥൻ എന്നിവരും മാർക്കറ്റിൽ എത്തിയിരുന്നു.