ഗുരുദേവനെയും കണിച്ചുകുളങ്ങര ദേവിയെയും പ്രണമിച്ചാണ് വെള്ളാപ്പള്ളി നടേശന്റെ ദിവസത്തുടക്കം. എല്ലാ അനുഗ്രഹങ്ങൾക്കും നേട്ടങ്ങൾക്കും പിന്നിൽ ഇരുവരുമാണെന്ന അചഞ്ചലമായ വിശ്വാസം. ആ വിശ്വാസം മുറുകെപ്പിടിച്ചാണ് സംഘടനാപ്രവർത്തനങ്ങളുടെ തിരക്കിട്ട ഒരു ദിവസത്തിലേക്ക് ഇഴുകിച്ചേരുക.
ആറു മണിക്ക് ഉണരുന്നതാണ് പതിവു തെറ്റാത്ത ശീലം. വെള്ളാപ്പള്ളിയുടെ വാക്കുകൾ കടമെടുത്താൽ 'ഉണർന്നില്ലെങ്കിൽ എന്റെ ഗൺമാന്മാർ പൊക്കിയിരിക്കും!" പ്രാഥമിക കൃത്യങ്ങൾക്കു ശേഷം രണ്ടു ഗ്ളാസ് വെള്ളം കുടിക്കും. പിന്നീട് മുറ്റത്തേക്കിറങ്ങി വീടിനു ചുറ്റും പത്തു റൗണ്ട് നടപ്പ്. അപ്പോഴേക്കും അര മണിക്കൂർ പിന്നിടും. തിരികെ വീട്ടിൽ കയറിയാലുടൻ ഒരു ഗ്ളാസ് ചൂട് നാരങ്ങാ വെള്ളം. പ്രതിരോധശക്തി ഉറപ്പാക്കാനാണെന്ന് ചിരിയോടെ കമന്റ്.
പിന്നെ പത്രം വായനയാണ്. ആദ്യം കേരളകൗമുദി വായിച്ചു തീർക്കും. ഇതിനിടയിൽ വാർത്താ ചാനലുകൾ മാറ്റി മാറ്റി കണ്ടുകൊണ്ടിരിക്കും. പത്രം വായന പൂർത്തിയായാലുടൻ കുളി. അതിനു ശേഷം പൂജാമുറിയിൽ കയറി ഗുരുദേവനെയും കണിച്ചുകുളങ്ങര ദേവിയെയും പ്രണമിച്ച് അനുഗ്രഹം വാങ്ങും. പൂജാമുറിയിൽ കരുതിയിരിക്കുന്ന കണിച്ചുകുളങ്ങര ദേവിയുടെ പ്രസാദം നെറ്റിയിൽ ചാർത്തുന്നതോടെ ചുവന്ന സിന്ദൂര വട്ടപ്പൊട്ട് തെളിയും.
പ്രഭാതഭക്ഷണത്തിന് പച്ചക്കറി വേവിച്ചതാണ് ഇഷ്ടം. ഒരു ഗ്ളാസ് വെള്ളവും കുടിക്കും. ദോശയും ഇഡ്ഡലിയുമുണ്ടെങ്കിൽ ഒാരോന്ന് കഴിച്ചെന്നിരിക്കും. ഒരു കട്ടൻചായ കൂടി കുടിക്കുന്നതോടെ തിരക്കേറിയ ദിവസത്തേക്ക് ഇറങ്ങുകയായി. ആദ്യം ഓഫീസിൽ കാണാനെത്തിയവർക്കു മുന്നിലേക്ക്. വീടിനോടു ചേർന്നുള്ള ഓഫീസിലേക്ക് നടന്നെത്തുമ്പോൾ നിരവധി പേർ കാത്തുനില്പുണ്ടാകും. ആവലാതികളും പരാതികളും സശ്രദ്ധം കേട്ട് പരിഹാരം. മുഴുവൻ ആളുകളെയും കണ്ടതിനു ശേഷമായിരിക്കും പരിപാടി സ്ഥലത്തേക്കുള്ള യാത്രകൾ.
ഉച്ചയ്ക്ക് കുറച്ച് ചോറ് കഴിക്കുന്നതാണ് ശീലം. മീൻ കറി നിർബന്ധം. ചെറിയ മീനുകളായ ചൂട, മത്തി, അയല എന്നിവയാണ് പ്രിയം. ഇറച്ചി നിർബന്ധമില്ല. കിട്ടിയാൽ കഴിക്കും. വെജിറ്റബിൾ കറികളും വേണം. സാമ്പാറു കൂടിയുണ്ടെങ്കിൽ തൃപ്തിയായി. രണ്ടു മണിയാകുമ്പോഴേക്കും ഉച്ചഭക്ഷണം കഴിച്ചിരിക്കും. ഒരു വിട്ടുവീഴ്ചയും അനുവദിക്കാതെയുള്ള ഉറക്കമാണ് അടുത്തഘട്ടം. തിരക്കുണ്ടെങ്കിൽ മൂന്നരയ്ക്ക് എഴുന്നേൽക്കും. അല്ലെങ്കിൽ നാലാകും. യാത്രാവേളയിലും ഈ ശീലത്തിൽ മാറ്റമില്ല.
ഒരു കട്ടൻ ചായയും കുടിച്ച് ഒാഫീസിലേക്ക്. സന്ദർശകരെ കാണുന്നതും ഫയൽ പരിശോധിക്കുന്നതും ഉൾപ്പെടെയുള്ള ജോലികൾ രാത്രി പതിനൊന്നു വരെ നീളും. പിന്നെ ടിവിക്കു മുന്നിലേക്ക്. ദോശയോ ഇഡ്ഡലിയോ രാത്രിഭക്ഷണം. കടലക്കറിയുണ്ടെങ്കിൽ സന്തോഷം. പന്ത്രണ്ടിനു മുമ്പ് ഉറക്കം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |