തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ദേശീയ റാങ്കിംഗിൽ തുർച്ചയായ നാലാം തവണയും തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ് ആദ്യ 50 റാങ്കിൽ ഇടംനേടി. നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്കിൽ (എൻ.ഐ.ആർ.എഫ്) ഇത്തവണ 44ാം റാങ്ക് നേടിയാണ് മാർ ഇവാനിയോസ് കോളേജ് മികവ് നിലനിറുത്തിയത്. കേരള സർവകലാശാലയുടെ കീഴിലുള്ള എയ്‌ഡഡ് കോളേജുകളിൽ ആദ്യ അമ്പത് റാങ്കിൽ തുടർച്ചയായി എത്തുന്ന ഏക കോളേജെന്ന നേട്ടവും മാർ ഇവാനിയോസിന് സ്വന്തമായി. മൂവായിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന കലാലയത്തിൽ 18 ഡിഗ്രി കോഴ്‌സുകളും 9 പി.ജി കോഴ്‌സുകളുമുണ്ട്. 6 വിഷയങ്ങളിൽ പിഎച്ച്.ഡി ഗവേഷണ സൗകര്യവുമുണ്ട്.