കൊച്ചി: മോമു പൊതുവേ കുഴപ്പക്കാരിയല്ല. കൃത്യമയത്ത് ഭക്ഷണവും ഉടമകളുടെ സ്നേഹവും എല്ലാം അവൾക്ക് കിട്ടുന്നുണ്ട്. കുമ്പളങ്ങിയാണ് മോമുവെന്ന പേർഷ്യൻ പൂച്ചയുടെ ലോകം. ഉടമകളായ ശരത്തിന്റെയും സോനയുടെയും കൂടെ പുഴവക്കിലൂടെയുള്ള സായാഹ്ന സവാരിയാണ് അവളുടെ ഇഷ്ട്ടവിനോദം. അങ്ങനെയിരിക്കെയാണ് കഴിഞ്ഞ ആഴ്ച നടത്തത്തിനിടയ്ക്ക് പുഴയരികിൽ തിളങ്ങുന്ന ഒരു ചെറു മത്സ്യം അവളുടെ കണ്ണിൽ പെട്ടത്. മോമു ഓടിപ്പോയി മത്സ്യത്തെ ഒറ്റ ശ്വാസത്തിനു വിഴുങ്ങി. ഒരു നിമിഷത്തിന് ശേഷമാണ് കെണിയിൽ പെട്ടെന്ന് അവൾക്ക് മനസിലായത്. അവൾ വിഴുങ്ങിയ കുഞ്ഞു മൽസ്യത്തിന്റെ വായിൽ ഒരു ചൂണ്ടകൊളുത്തും അതിന്റെ കൂടെതന്നെ നൈലോൺ നൂലുമുണ്ടായിരുന്നു. രക്ഷപ്പെടാൻ അവളുടേതായ രീതിയിൽ ശ്രമിപ്പോൾ നൂല് വലിയുകയും സ്റ്റീൽ കൊളുത്ത് കുടലിൽ തുളച്ചു കയറുകയും ചെയ്തു. നിസ്സഹയമായ കരച്ചിലായിരുന്നു ശേഷം. ഈ അവസ്ഥയിലാണ് ശരത്തും സോനയും മോമുവിനെ സർക്കാർ ജില്ലാ വെറ്റിനറി ആശുപത്രിയിൽ എത്തിക്കുന്നത്. എക്സ്റെയും, സ്കാനും എടുത്തപ്പോൾ ഡോക്ടർമാർ കണ്ടെത്തിയത് ചെറുകുടലിന്റെ ആദ്യ ഭാഗത്ത് തുളച്ചു കയറി തറച്ചിരിക്കുന്ന കൊളുത്താണ്. കൂടാതെ നൂൽ പുറമെ നിന്നും വലിഞ്ഞതിന്റെ ഭാഗമായി കുടലിന്റെ ഭിത്തിയിൽ ധാരാളം മുറിവുകളും നീരും കാണപ്പെട്ടു. അതോടെ കൊളുത്തും നൂലും പുറത്തെടുക്കാൻ ശസ്ത്രക്രിയ വേണ്ടി വരുമെന്നും വായിലൂടെ വലിച്ചെടുക്കൽ ഒരു വിധത്തിലും സാദ്ധ്യമല്ലെന്നും വെറ്ററിനറി സർജൻ അറിയിച്ചു. ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ ഹെഡ് ഡോ.ഇന്ദിരയുടെ നേതൃത്വത്തിൽ ഡോ. ലത്തീഫ്, ഡോ.പാർവതി, ഡോ.ആനന്ദ് എന്നിവർ ചേർന്ന് ശസ്ത്രക്രിയയിലൂടെ വിജയകരമായി കൊളുത്തും നൂലും പുറത്തെടുക്കുകയും കുടലിനുണ്ടായ കെടുപാടുകൾ തുന്നിച്ചേർക്കുകയും ചെയ്തു. ഓപ്പറേഷനും അഞ്ചു ദിവസത്തെ മരുന്നും കഴിഞ്ഞപ്പോഴേക്കും മോമു വീണ്ടും സവാരിക്ക് തയ്യാർ. ലോക്ക്ഡൗൺ സമയത്ത് മത്സ്യബന്ധനം വ്യാപകമായതോടെ ചൂണ്ടയുടെ നൂലും കൊളുത്തുമൊക്കെ വഴിവക്കിൽ ഉപേക്ഷിക്കുന്ന ആളുകളുടെ എണ്ണം കൂടിയെന്നും മത്സ്യത്തിന്റെ ഗന്ധം മൂലം മൃഗങ്ങൾ ചൂണ്ട കൊളുത്തും മറ്റും നക്കി അകത്താകുന്ന പ്രവണത കഴിഞ്ഞ കാലയളവിൽ കൂടി വരികയാണെന്നും ഡോക്ടർ പറഞ്ഞു.