SignIn
Kerala Kaumudi Online
Monday, 16 May 2022 6.50 PM IST

ഭൂമി അളക്കാൻ നീക്കം,​ വിജയമോഹിനി മിൽ വിൽക്കാനെന്ന് തൊഴിലാളികൾ

v

തിരുവനന്തപുരം: എൺപത് വർഷത്തെ പൈതൃകവുമായി തലസ്ഥാനത്ത് പ്രവർത്തിച്ചിരുന്ന വിജയമോഹിനി മിൽസ് കൊവിഡ് പ്രതിസന്ധിക്കിടെ വിൽക്കാൻ നീക്കമെന്ന് തൊഴിലാളികൾ. ഭൂമി അളക്കാനുള്ള നോട്ടീസ് തൊഴിലാളി സംഘടനകൾക്ക് നൽകിയിട്ടുണ്ട്. മാനേജ്മെന്റ് ഇതിന് ഹൈക്കോടതി ഇടപെടലിൽ പൊലീസ് സഹായവും തേടി. എന്നാൽ നൂറുകണക്കിന് തൊഴിലാളികളുടെ ഉപജീവനത്തിന്റെ കാര്യത്തിൽ തീരുമാനമുണ്ടാകാതെ ഭൂമി അളക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് സംയുക്ത ട്രേഡ് യൂണിയൻ പ്രവർത്തകർ.

മിൽ സ്ഥിതിചെയ്യുന്ന സ്ഥലം സാമ്പത്തിക പ്രതിസന്ധി കാരണം പണയംവയ്ക്കുന്നതായാണ് തൊഴിലാളികളെ ധരിപ്പിച്ചിട്ടുള്ളത്. ഇത് വിശ്വസിക്കാനാവില്ലെന്നും രണ്ടുവർഷം മുമ്പ് 10.65 ഏക്കറുള്ള മില്ലിന്റെ ആധാരം എൻ.ടി.സി ആസ്ഥാനത്തേക്ക് എടുത്തുകൊണ്ടുപോയതായും പറയുന്നു. ഇതിനൊപ്പം കരമടയ്ക്കുന്ന രസീത് ഉൾപ്പെടെ അയച്ചുകൊടുക്കാൻ നിർദ്ദേശമുണ്ടായിരുന്നതായും തൊഴിലാളികൾ പറഞ്ഞു.

തൊഴിലാളികളുടെ ഉപരോധത്തിന് പിന്നാലെ ബോണസ് നൽകാതെ ഒരുമാസത്തെ ശമ്പളം നൽകിയിട്ടുണ്ട്. നിലവിൽ ശമ്പളത്തിന്റെ 35 ശതമാനം മാത്രമാണ് തൊഴിലാളികൾക്ക് നൽകുന്നതെങ്കിലും മാനേജ്‌മെന്റ് പ്രതിനിധികൾക്കും ഓഫീസ് സ്റ്റാഫിനും മുഴുവൻ ശമ്പളവും നൽകുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധി കാരണമാണ് തൊഴിലാളികൾക്കുള്ള ശമ്പളവും ബോണസും മുടങ്ങിയതെന്നാണ് മാനേജ്‌മെന്റിന്റെ വിശദീകരണം. കൊവിഡിന് ശേഷം മാർച്ച് 31ന് തുറന്ന മിൽ ജൂൺ 15നാണ് അടച്ചത്. നാഷണൽ ടെക്സ്‌റ്റൈൽസ് കോർപ്പറേഷന് കീഴിലുള്ള മില്ലിൽ നിന്ന് തൊഴിലാളികളെ ചവിട്ടി പുറത്താക്കാനാണ് ശ്രമമെന്നും സംയുക്ത ട്രേഡ് യൂണിയൻ ഭാരവാഹികൾ ആരോപിച്ചു.

നിലവിലെ സ്ഥിതി

ശമ്പളവും തൊഴിലും ഇല്ലാതായതോടെ ഒട്ടുമിക്ക തൊഴിലാളികളും ഉപജീവനത്തിനായി മറ്റ് ജോലികൾ തേടിപോയിട്ടുണ്ട്. മാനേജ്‌മെന്റ് പ്രതിനിധികളും ഓഫീസ് സ്റ്റാഫുമടക്കം 200 ഓളം ജീവനക്കാരാണ് നിലവിലുള്ളത്. അതിൽ മാനേജ്‌മെന്റ് പ്രതിനിധികൾക്കും ഓഫീസ് സ്റ്റാഫിനും മാത്രമാണ് നിലവിൽ ജോലിക്കെത്താൻ നിർദ്ദേശമുള്ളത്.

ചരിത്രം പേറുന്ന മിൽ

സർ സി.പി രാമസ്വാമി അയ്യരായിരുന്നു മിൽസിന്റെ മുഖ്യശില്പി. 12 ലക്ഷം രൂപ മുതൽ മുടക്കോടെ 1946ൽ എൻ.ജെ. നായർ എന്ന ബിസിനസുകാരനാണ് വിജയമോഹിനി മിൽ എന്ന സ്ഥാപനം ആരംഭിച്ചത്. തുടക്കത്തിൽ 9000 സ്പിൻഡിൽ കപ്പാസിറ്റിയുണ്ടായിരുന്നിടത്ത്, 1958-59 ആയപ്പോഴേക്കും 15,080 ആയി ഉയർന്നു. തിരുമലയിലെ 10.65 ഏക്കറിലാണ് മിൽ സ്ഥിതിചെയ്യുന്നത്. 1995ൽ മിൽ

ആധുനികവത്കരിച്ചു.

1960ൽ വിജയലക്ഷ്മി മിൽസ് ഗ്രൂപ്പിന് സ്ഥാപനം കൈമാറി. അന്ന് കപ്പാസിറ്റി 25,000. സാമ്പത്തിക ബുദ്ധിമുട്ടുകാരണം 1971ൽ അടച്ചിട്ടു. പിന്നീട് സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷനിൽ നിന്നുള്ള സാമ്പത്തിക സഹായത്തോടെ സംസ്ഥാന സർക്കാർ ഏറ്റെടുത്ത് പ്രവർത്തനമാരംഭിച്ചെങ്കിലും പ്രതിസന്ധി തുടർന്നു. 1974ൽ പീഡിത വ്യവസായ പട്ടികയിൽ ഉൾപ്പെടുത്തി നാഷണൽ ടെക്സ്റ്റൈൽസ് കോർപ്പറേഷൻ (എൻ.ടി.സി) മിൽ ഏറ്റെടുത്തു. കോട്ടൺ, പോളിസ്റ്റർ, പോളിസ്റ്റർ കോട്ടൺ, വിസ്‌കോസ്, ഫൈബർ എന്നീ ഉത്പന്നങ്ങളാണ് ഇവിടെ ഉത്പാദിപ്പിച്ചിരുന്നത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.