ഒറ്റപ്പാലം: എം.ടിയുടെ പത്ത് ചെറുകഥകൾക്ക് എം.ടി തന്നെ ഒരുക്കിയ തിരക്കഥകളിൽ ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന 'കാഴ്ച' സിനിമയുടെ ചിത്രീകരണം പൂർത്തിയായി. ശ്യാമപ്രസാദിനു പുറമേ പ്രിയദർശൻ, ജയരാജ് തുടങ്ങി പ്രമുഖരായ പത്ത് സംവിധായകരാണ് തിരക്കഥകൾ സിനിമകളാക്കുന്നത്.
എം.ടിയുടെ ഭാര്യ കലാമണ്ഡലം സരസ്വതി, മകൾ അശ്വതി എന്നിവരും കാമറയ്ക്ക് മുന്നിലും പിന്നിലുമുണ്ട്. അശ്വതിയാണ് കാഴ്ചയുടെ നിർമ്മാതാവ്.
ഷൊർണൂരിനടുത്ത് കവളപ്പാറ കാരക്കാട് ചിറ്റടിയത്തുമന, ചെറുതുരുത്തി പൈങ്കുളം കോന്നനാത്ത് തറവാട്, പാലക്കാട്ടെ പി.ബി. മേനോന്റെ തറവാട് എന്നിവിടങ്ങളിലായിരുന്നു പ്രധാന ചിത്രീകരണം. നരേൻ, പാർവതി തിരുവോത്ത്, തമിഴ് നടൻ ഹരീഷ് ഉത്തമൻ എന്നിവരാണ് പ്രധാന താരങ്ങൾ.
പത്ത് ദിവസം കൊണ്ടാണ് ശ്യാമപ്രസാദ് ചിത്രീകരണം പൂർത്തിയാക്കിയത്.
പത്ത് കഥകളിൽ പ്രിയദർശൻ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണവും ഷൊർണൂരും പരിസരങ്ങളിലുമായി ഉടൻ തുടങ്ങും. ഒ.ടി.ടി പ്ലാറ്റ്‌ഫോമിൽ സീരീസ് ആയി പത്ത് സിനിമകളും റിലീസ് ചെയ്യുമെന്നാണറിയുന്നത്.