കായംകുളം: ജുവലറിയുടെ ഭിത്തി തുരന്ന് പത്ത് കിലോ വെള്ളി ആഭരണം കവർന്നു. ലോക്കർ പൊളിക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനാൽ സ്വർണം നഷ്ടപ്പെട്ടില്ല. കായംകുളം കീരിക്കാട് തെക്ക് സാധുപുരത്ത് അജയന്റെ സാധുപുരം ജുവലേഴ്സിലാണ് ഇന്നലെ രാത്രി മോഷണം നടന്നത്. മേശയിൽ സൂക്ഷിച്ചിരുന്ന ഏഴ് ലക്ഷം രൂപയുടെ വെള്ളി ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്.
മോഷ്ടാക്കൾ കടയോട് ചേർന്നുള്ള കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ ഭിത്തിയാണ് ആദ്യം തുരന്നത്. ഇതിലൂടെ അകത്ത് കയറിയശേഷമാണ് സ്വർണക്കടയുടെ ഭിത്തി തുരന്നത്. തുടർന്ന് രണ്ട് ലോക്കറുകൾ ഗ്യാസ് കട്ടറുപയോഗിച്ച് മുറിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതിലായിരുന്നു സ്വർണം സൂക്ഷിച്ചിരുന്നത്.
രണ്ട് ഗ്യാസ് സിലിണ്ടറുകളും ആയുധങ്ങളും കടയിൽ ഉപേക്ഷിച്ചാണ് മോഷ്ടാക്കൾ കടന്നത്. സി.സി ടിവി കാമറകൾ തിരിച്ചുവച്ച നിലയിലായിരുന്നു. കമ്പ്യൂട്ടർ ഹാർഡ് ഡിസ്കും നഷ്ടപ്പെട്ടിട്ടുണ്ട്. ഉടമ രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്.
കായംകുളം ഡിവൈ.എസ്.പി അലക്സ് ബേബിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി തെളിവെടുത്തു. സമീപത്തെ സി.സി ടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. ഡോഗ് സ്ക്വാഡ് മണം പിടിച്ച് ദേശീയപാതവരെയെത്തി. സയന്റിഫിക് വിദഗ്ദ്ധർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.