കേരളത്തിന്റെ സാമൂഹിക നവോത്ഥാന ചരിത്രത്തിൽ ഇതിഹാസ തുല്യമായ സ്ഥാനമാണ് ശ്രീനാരായണ ഗുരുദേവ തൃപ്പാദങ്ങളാൽ സ്ഥാപിതമായ ശ്രീനാരായണ ധർമ്മപരിപാലന യോഗത്തിനുള്ളത്. മനുഷ്യൻ മനുഷ്യനെ അയിത്തം കല്പിച്ച് തീണ്ടാപ്പാടകലെ നിറുത്തിയിരുന്ന ഭ്രാന്താലയത്തെ മതസൗഹാർദ്ദത്തിന്റെ ദേവാലയവും നവോത്ഥാനത്തിന്റെ ശ്രീകോവിലുമാക്കിയത് ഗുരു സന്ദേശങ്ങളാണ്. അവ ജനമനസുകളിൽ ആഴത്തിൽ പതിപ്പിച്ചത് ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ സേവന കർമ്മങ്ങളും. ഗുരുനാമത്തിന്റെ വ്യാഹാരബലത്താലും ഗുരു ദർശനത്തിന്റെ പ്രാണബലത്താലും പിന്നാക്ക ജനതയുടെ ആശയും ആശ്രയവുമായി മാറിയ യോഗം, സേവനത്തിന്റെ പുതുവഴികൾ തേടിയുള്ള പ്രയാണത്തിലാണ്.
ഗുരുദർശനത്തിന്റെ ആത്മീയ തലസ്ഥാനമാണ് ശിവഗിരിയെങ്കിൽ, കർമ്മകാണ്ഡമാണ് യോഗം. ആത്മീയതയിൽ ഊന്നിനിന്നുള്ള ഭൗതിക പുരോഗതിയാണ് ശ്രീനാരായണ ധർമ്മത്തിന്റെ അടിത്തറ. ഈ ധർമ്മ രഹസ്യം ഉൾക്കൊണ്ട് ജാതി, മത വിവേചനങ്ങൾക്കും, അസമത്വങ്ങൾക്കുമെതിരെ പുതിയ പോർമുഖങ്ങൾ തുറന്ന യോഗം ജനറൽ സെക്രട്ടറി ശ്രീ.വെള്ളാപ്പള്ളി നടേശന് ഇത് ഗുരു നിയോഗമാണ്. ജനചിത്തങ്ങളെ ഇണക്കിയും പ്രസരിപ്പിച്ചും മുന്നേറിയ ചരിത്രമുള്ള യോഗത്തെ കൂടുതൽ കാലം നയിക്കാനും പുതുചൈതന്യം പകരാനും ഭാഗ്യം സിദ്ധിച്ചത് ഗുരു കടാക്ഷവും. ഗുരുധർമ്മ പ്രചാരണത്തിൽ ഏക മനസോടെയാണ് നിലവിലെ യോഗം നേതൃത്വവും ശിവഗിരി മഠത്തിലെ സന്യാസി ശ്രേഷ്ഠരും പ്രവർത്തിക്കുന്നത്. ശിവഗിരി തീർത്ഥാടനങ്ങളിൽ യോഗനേതൃത്വത്തിന്റെ വർദ്ധിച്ച പങ്കാളിത്തവും 90 വർഷം മുമ്പ് മുടങ്ങിപ്പോയ,ഗുരുദേവ തൃപ്പാദങ്ങളുടെ മഹാസമാധി മണ്ഡല മഹോത്സവം പുനർജ്ജനിപ്പിക്കുന്നതിലും യതി പൂജയുടെ നടത്തിപ്പിലും ശ്രീ.വെള്ളാപ്പള്ളി നടേശൻ നൽകിയ നേതൃത്വവും ഈ ഐക്യത്തിന്റെ സന്ദേശങ്ങളാണ്.
യോഗത്തിന്റെയും എസ്.എൻ ട്രസ്റ്റിന്റെയും സാരഥ്യത്തിൽ ശ്രീ.വെള്ളാപ്പള്ളി നടേശൻ രജതജൂബിലി പിന്നിടുകയാണ്. വെല്ലുവിളികളെയും അവഗണനകളെയും കുതികാൽവെട്ടുകളെയും കർമ്മശുദ്ധിയും പതറാത്ത ലക്ഷ്യബോധവും കൊണ്ട് നേരിട്ട അദ്ദേഹം ശതാഭിഷേക നിറവിലാണ്. ഒരു വർഷം നീണ്ടുനില്ക്കുന്ന ജനക്ഷേമ പ്രവർത്തനങ്ങൾക്കാണ് തുടക്കമാവുന്നത്. എതിർപ്പുകളുടെ, ആരോപണങ്ങളുടെ, വ്യവഹാരങ്ങളുടെ കാറിലും കോളിലും ഉലയാതെ, യോഗത്തയും സമുദായത്തെയും ചേർത്തുപിടിച്ച് സാർത്ഥകമായ 25 വർഷങ്ങൾ പിന്നിട്ട അദ്ദേഹം , അവകാശ സമരങ്ങളുടെ കാവലാളും, ചങ്കുറപ്പുള്ള പോരാളിയുമാണ്.
അദ്വൈതത്തെ പൂണൂലണിയിച്ച ആര്യമതങ്ങളെ ഞെട്ടിച്ചുകൊണ്ട്, നവോത്ഥാന കേരളത്തിന് അരുവിപ്പുറത്ത് ശിലയിട്ട ഗുരുദേവൻ , നിന്ദിതരും പീഡിതരുമായ മനുഷ്യരാശിക്ക് നൽകിയത് വിദ്യകൊണ്ട് പ്രബുദ്ധരാവുക, സംഘടിച്ച് ശക്തരാവുക എന്നീ മോചനമന്ത്രങ്ങളാണ്. വഴി നടക്കാനുള്ള സ്വാതന്ത്ര്യവും വിദ്യാഭ്യാസത്തിനുള്ള അവകാശവും നിഷേധിക്കപ്പെട്ടിരുന്ന വലിയൊരു ജനസമൂഹത്തെ അക്ഷരവെളിച്ചവും അവകാശബോധവും പകർന്ന് നൽകി ആത്മാഭിമാനമുള്ള മനുഷ്യരാക്കിയതിൽ, ഗുരുമന്ത്രം ഉൾക്കൊണ്ട് സ്ഥാപിതമായ വിദ്യാലയങ്ങൾ വഹിച്ച പങ്ക് അവിസ്മരണീയമാണ്. ഉന്നതവിദ്യാഭ്യാസ തലം വരെയുള്ള ഈ വിപ്ലവത്തിന് നാന്ദികുറിച്ചത് മുൻ മുഖ്യമന്ത്രിയും, എസ്.എൻ.ട്രസ്റ്റിന്റെ ആദ്യ സെക്രട്ടറിയുമായിരുന്ന ശ്രീ.ആർ.
ശങ്കറാണ്. 19 വർഷത്തെ ട്രസ്റ്റ് ഭരണത്തിനിടെ സമുദായത്തിനായി സ്ഥാപിച്ചത് 13 കോളേജുകളും മൂന്ന് സ്കൂളുകളുമാണ്. ആർ.ശങ്കറിന് ശേഷം 1973 മുതലുള്ള കാൽനൂറ്റാണ്ടിൽ സംസ്ഥാനത്ത് പുതിയ കോളേജുകളും സ്കൂളുകളും വ്യാപകമായി അനുവദിച്ചെങ്കിലും, 'നേതാവില്ലാത്ത സമുദായം' പിന്തള്ളപ്പെടുകയായിരുന്നു.
ശ്രീ.വെള്ളാപ്പള്ളി നടേശൻ യോഗത്തിന്റെയും എസ്.എൻ ട്രസ്റ്റിന്റെയും സാരഥ്യം ഏറ്റെടുത്തതിന് ശേഷമുള്ള കാൽനൂറ്റാണ്ട് , വിദ്യാഭ്യാസ മേഖലയിൽ സമുദായത്തിന്റെ സുവർണകാലഘട്ടമാണ്. എസ്.എൻ.ട്രസ്റ്റിന് കീഴിൽ മാത്രം സ്ഥാപിതമായത് 33 വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. ലാ കോളേജും എയ്ഡഡ് കോളേജും നഴ്സിംഗ് കോളേജും ഉൾപ്പെടെ 16 കോളേജുകൾ, അഞ്ച് സെൻട്രൽ സ്കൂളുകൾ,12 എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകൾ. യോഗത്തിന് കീഴിൽ ഏഴ് പുതിയ കോളേജുകളും 11 എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളും. എയ്ഡഡ് കോളേജുകളിൽ പുതിയ യു.ജി,പി.ജി കോഴ്സുകൾ. കാലപ്പഴക്കത്തിൽ ദ്രവിച്ച സ്കൂൾ,കോളേജ് കെട്ടിടങ്ങൾക്ക് പുനരുദ്ധാരണത്തിലൂടെ ശാപമോക്ഷം.
'അപരന് വേണ്ടി അഹർനിശം പ്രയത്നം,കൃപണത വിട്ട് കൃപാലു ചെയ്തിടുന്നു'.ഗുരുദേവ കൃതിയായ ആത്മോപദേശ ശതകത്തിലെ ഈ ഈരടികൾ സാർത്ഥകമാക്കിയ ധന്യജീവിതത്തിന് ഉടമയാണ് ശ്രീ.വെള്ളാപ്പള്ളി നടേശൻ. സമുദായത്തിലെ പട്ടിണിപ്പാവങ്ങൾ ഉൾപ്പെടെയുള്ള ലക്ഷോപലക്ഷം സ്ത്രീകൾക്ക് ആത്മാഭിമാനത്തോടെ ജീവിക്കാനും കുടുംബം പുലർത്താനും വഴിയൊരുക്കിയ യോഗത്തിന്റെ മൈക്രോ ഫൈനാൻസ് പദ്ധതി സൃഷ്ടിച്ചത് നിശബ്ദ വിപ്ളവമാണ്. കേരളത്തെ ഗ്രസിച്ച രണ്ട് മഹാപ്രളയങ്ങളിലും സർവതും നഷ്ടപ്പെട്ട കുട്ടനാട്ടിലെയും മറ്റും നൂറുകണക്കിന് കുടുംബങ്ങൾക്ക് ക്യാമ്പുകളൊരുക്കിയും അന്നവും വസ്ത്രവും മുട്ടാതെ നൽകിയും യോഗം ജനറൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ നൽകിയ സാന്ത്വനസ്പർശം കേരളം കണ്ടതാണ്. കൊവിഡിന്റെ മഹാമാരിക്കാലത്ത് വിശക്കുന്ന വയറുകൾക്ക് ഭക്ഷണവും, തലചായ്ക്കാൻ ഇടമില്ലാത്തവർക്ക് സ്വന്തം കിടപ്പാടവും, നിർദ്ധനരായ പരസഹസ്രം വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനോപാധികളും ഒരുക്കിയ 'ഗുരു കാരുണ്യം പദ്ധതി' യോഗ നേതൃത്വത്തിന്റെ മറ്റൊരു നിശബ്ദ വിപ്ളവമാണ്. ഈഴവർക്കും മറ്റുള്ള മനുഷ്യരെപ്പോലെ ജീവിക്കാനുള്ള അവകാശത്തിനായി ഡോ.പല്പുവിന്റെ നേതൃത്വത്തിൽ 13178 പേർ ഒപ്പിട്ട് ശ്രീമൂലം തിരുനാൾ മഹാരാജാവിന് സമർപ്പിച്ച ചരിത്രപ്രസിദ്ധമായ ഈഴവ മെമ്മോറിയലിന്റെ ശതോത്തര രജതജൂബിലി കൂടിയാണിത്.
എക്കാലവും കേരളകൗമുദിയുടെ അഭ്യുദയകാംക്ഷിയും, വളർച്ചയുടെ പടവുകളിലെ നിത്യ പ്രേരകശക്തിയുമായ ശ്രീ.വെള്ളാപ്പള്ളി നടേശന്റെ ശതാഭിഷേക ആഘോഷ വേളയിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും ,അദ്ദേഹത്തെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നവർക്കുമൊപ്പം ഞങ്ങളും ഹൃദയപൂർവം പങ്കുചേരുന്നു. ഗുരുസേവയിൽ മുഴുകി ഇനിയും ദീർഘകാലം കർമ്മിനിരതനാകാനുള്ള കരുത്തും ആയുരാരോഗ്യങ്ങളും അദ്ദേഹത്തിന് കൈവരുത്താൻ ഗുരുദേവ നാമത്തിൽ ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു.