ശ്രീചിത്രയിലെ ഡോക്ടർ ജീമോന്റെ ഗവേഷണ ഫലം
തിരുവനന്തപുരം:സംസ്ഥാനത്ത് ഉയർന്ന രക്തസമ്മർദ്ദമുള്ള ആറു രോഗികളിൽ ഒരാൾക്ക് മാത്രമേ മതിയായ നിയന്ത്രണം കൈവരിക്കാനാകുന്നുള്ളൂവെന്ന് ഗവേഷണ ഫലം. ഹൈപ്പർടെൻഷൻ റോഡ് മാപ്പിന്റെ ഗവേഷകനായ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജിയിലെ എപ്പിഡെമിയോളജി ഫാക്കൽറ്റിയായ ഡോക്ടർ ജീമോന്റെ കണ്ടെത്തലാണിത്. ഗ്ലോബൽ ഹാർട്ട് ജേർണലിൽ ഈ പഠനം പ്രസിദ്ധീകരിച്ചു.
നിശബ്ദ കൊലയാളി എന്നറിയപ്പെടുന്ന ഹൈപ്പർടെൻഷൻ ആന്തരികാവയവങ്ങൾക്ക് കാര്യമായ കേടുപാടുകൾ സംഭവിക്കുന്നത് വരെ രോഗലക്ഷണങ്ങൾ പ്രകടമാക്കാറില്ല. ഹൃദ്രോഗം, ഹൃദയാഘാതം എന്നിവയുമായി ബന്ധപ്പെട്ട മരണങ്ങളിൽ പകുതിയോളം ഹൈപ്പർടെൻഷൻ കാരണമാണ്. ഹൈപ്പർടെൻഷൻ നിയന്ത്രണം ഫലപ്രദമാക്കാൻ ആരോഗ്യപ്രവർത്തകരെ ഉൾപ്പെടുത്തിയുള്ള ടാസ്ക് ഷെയറിംഗ് തന്ത്രം ആവിഷ്കരിക്കേണ്ടത് അത്യാവശ്യമാണെന്നും ഇവരെ നേരത്തേ തിരിച്ചറിയുന്നതിനായി സർക്കാർ, സംഘടനകൾ എന്നിവയുടെ സഹായത്തോടെ സ്ക്രീനിംഗ് കാമ്പെയ്നുകൾ നടത്തണമെന്നും ഡോക്ടർ ജീമോന്റെ റിപ്പോർട്ടിൽ നിർദേശിക്കുന്നു.