കെ.എസ്.എഫ്.ഇ ലാപ്ടോപ് വിതരണം പ്രതിസന്ധിയിൽ
കൊല്ലം: കുടുംബശ്രീ അംഗങ്ങളുടെ മക്കൾക്ക് ഓൺലൈൻ പഠനത്തിന് ലാപ്ടോപ് വാങ്ങാൻ കെ.എസ്.എഫ്.ഇ അവതരിപ്പിച്ച 'വിദ്യാശ്രീ' പദ്ധതിയിൽ കല്ലുകടി. തിരഞ്ഞെടുക്കപ്പെട്ട നാലു കമ്പനികൾ കുറഞ്ഞ വിലയ്ക്ക് ലാപ്ടോപ് നൽകാൻ വിസമ്മതിച്ചാണ് പ്രതിസന്ധി സൃഷ്ടിച്ചത്.
500 രൂപ വീതമുള്ള മാസത്തവണ ചിട്ടിയിൽ ചേരുന്ന കുടുംബശ്രീ അംഗങ്ങളുടെ മക്കൾക്കായിരുന്നു ലാപ് ടോപ്പിന് അർഹത. എന്നാൽ, കമ്പനിക്കാർ ചതിച്ചതോടെ പരമാവധി മൂന്നു തവണ മാത്രം അടച്ചവരുടെ പണം തിരികെ നൽകാനാണ് ഇപ്പോഴത്തെ ആലോചന. സ്വന്തം പണത്തിന് ലാപ്ടോപ്പ് വാങ്ങിയശേഷം ബില്ല് ഹാജരാക്കിയാൽ 20,000 രൂപ വായ്പ നൽകാമെന്നാണ് കെ.എസ്.എഫ്.ഇയുടെ പുതിയ അറിയിപ്പ്. ഇതുവരെ ലാപ്ടോപ് ലഭിച്ചവർക്ക് ലഭിച്ചു; മാസത്തവണ ചിട്ടിയിൽ നേരത്തേമുതൽ ഉണ്ടായിരുന്നവർക്കും ബില്ല് സമർപ്പിച്ചാൽ വായ്പ അനുവദിക്കാനാണ് നീക്കം. ലാപ്ടോപ് വാങ്ങാൻ മറ്റുപല നോൺ ബാങ്കിംഗ് സ്ഥാപനങ്ങളും കമ്പനികളും കുറഞ്ഞ പലിശനിരക്കിൽ വായ്പ നൽകുന്നുണ്ട്. കെ.എസ്.എഫ്.ഇ ലോണുകൾക്ക് 12 മുതൽ 18 ശതമാനം വരെ പലിശയുണ്ട്. അതുകൊണ്ടുതന്നെ കെ.എസ്.എഫ്.ഇയുടെ പുതിയ ആശയത്തോട് കുടുംബശ്രീ അംഗങ്ങൾ താത്പര്യം കാട്ടാൻ സാദ്ധ്യതയില്ല.
25 ശതമാനം ഉപഭോക്തൃവിഹിതം കഴിഞ്ഞ് 15,000 രൂപയ്ക്ക് ലാപ്ടോപ് നൽകുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ കമ്പനികൾക്ക് ആദ്യഘട്ടത്തിലെ താത്പര്യം പിന്നീട് ഇല്ലാതായതാണ് പ്രതിസന്ധി സൃഷ്ടിച്ചത്.
വിദ്യാശ്രീ പദ്ധതി
2020 ജൂൺ 24ന് കുടുംബശ്രീ മിഷനുമായി സംസ്ഥാന സർക്കാരിന്റെ ധാരണാപത്രം
ലാപ് ടോപ്പ് വിതരണം ചെയ്യാനായി നാലു കമ്പനികളെ തിരഞ്ഞെടുത്തു
വായ്പയുടെ 5 ശതമാനം പലിശ സർക്കാരും 4 ശതമാനം കെ.എസ്.എഫ്.ഇയും വഹിക്കും
സംസ്ഥാനത്ത് അപേക്ഷിച്ചത് 1,44,028 കുടുംബശ്രീ അംഗങ്ങൾ
2021 മേയ് വരെ നല്കിയത് 4000ത്തിൽ താഴെ ലാപ്ടോപുകൾ മാത്രം