SignIn
Kerala Kaumudi Online
Thursday, 19 May 2022 5.22 PM IST

പണം ചോർത്തും സൈബർ വല

kk

സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കാനുള്ള ഒരുക്കം സർക്കാർ ആരംഭിച്ചുകഴിഞ്ഞു. തയ്യാറെടുപ്പുകൾ നടത്താൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി

വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി കഴിഞ്ഞദിവസം വ്യക്തമാക്കുകയും ചെയ്തു. ഓൺലൈൻ പഠനം സൃഷ്ടിക്കുന്ന പൊല്ലാപ്പുകൾ ഓരോദിവസം ചെല്ലുന്തോറും കൂടിവരികയാണ്. കുട്ടികൾ കെണികളിൽ അകപ്പെടുമ്പോൾ തീ തിന്നുന്നത് രക്ഷിതാക്കളും അദ്ധ്യാപകരുമാണ്. വലിയ കുറ്റകൃത്യങ്ങളിൽ കൊച്ചുകുട്ടികൾ പോലും അകപ്പെട്ടേക്കാമെന്ന ആശങ്കയാണെങ്ങും. കഴിഞ്ഞ ദിവസം തൃശൂർ സ്വദേശിയായ ഒമ്പതാം ക്ലാസുകാരന്റെ ഓൺലൈൻ കളി ഭ്രമത്തിൽ, ബാങ്കിൽ നിക്ഷേപിച്ചിരുന്ന നാല് ലക്ഷം രൂപയാണ് നഷ്ടമായത്. ഇതോടെ വിദ്യാർത്ഥികളുടെ മൊബൈൽ ഫോൺ ഉപയോഗത്തിൽ അതീവ ജാഗ്രത പുലർത്തണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. സൈബർ സെല്ലിന്റെ സഹായത്തോടെ സ്‌കൂളുകൾ കേന്ദ്രീകരിച്ച് ബോധവത്‌കരണപരിപാടികളും സജീവമാക്കി.

വീടിനകത്ത് ഓൺലൈൻ പഠനം നടക്കുമ്പോൾ വിദ്യാർത്ഥികൾ അറിഞ്ഞോ അറിയാതെയോ ചെന്നുചാടുന്ന അപകടങ്ങൾ കൂടുകയാണൈന്നാണ് പൊലീസിന് ലഭിക്കുന്ന പരാതികൾ വ്യക്തമാക്കുന്നത്.

ഒൻപതാം ക്ലാസുകാരൻ മൊബൈൽ ഗെയിമിന് അടിമയായതോടെയാണ് പണം നഷ്ടപ്പെട്ടത്. മകളുടെ വിവാഹം അടുത്തതോടെ ബാങ്കിൽ നിന്ന് പണമെടുക്കാൻ ചെന്നപ്പോഴാണ് അക്കൗണ്ടിൽ നയാപൈസയില്ലെന്ന് മാതാപിതാക്കൾ അറിഞ്ഞത്. പരാതിയുമായി ബാങ്ക് അധികൃതരുടെ അടുത്ത് ചെന്നപ്പോൾ അവരും കൈമലർത്തി. തുടർന്ന് പല അക്കൗണ്ടുകളിലേക്ക് തുക പോയതിന്റെ രേഖകൾ കൈമാറി. ഇതുമായി പൊലീസിനെ സമീപിച്ച് അന്വേഷണം നടത്തിയപ്പോഴാണ് പണം പോയത് മൊബൈൽ കളിയിലൂടെയാണെന്നും പിന്നിൽ ഒമ്പതാം ക്ലാസുകാരനായ സ്വന്തം മകനാണെന്നും കണ്ടെത്തിയത്. പഠിക്കാൻ മിടുക്കനായ വിദ്യാർത്ഥിക്ക് വീട്ടുകാർ മൊബൈൽ വാങ്ങി നൽകിയിരുന്നു. അമ്മയുടെ സിം കാർഡാണ് ഇതിൽ ഉപയോഗിച്ചിരുന്നത്. ഈ നമ്പറിലായിരുന്നു ബാങ്ക് അക്കൗണ്ട് ബന്ധിപ്പിച്ചിരുന്നത്. പണം നഷ്ടമാകുമ്പോൾ ബാങ്കിൽ നിന്ന് വരുന്ന സന്ദേശങ്ങളും ഇതേ ഫോണിലേക്കായതിനാൽ മാതാപിതാക്കൾ അറിഞ്ഞില്ല. ഒമ്പതാം ക്ലാസുകാരനെ കൗൺസലിംഗിന് വിധേയനാക്കിയിട്ടുണ്ട്.

നഷ്ടമായത് എല്ലുമുറിയെ പണിതെടുത്ത പണം

കൃഷിയും കൂലിപ്പണിയും ചെയ്ത് മാതാപിതാക്കൾ സ്വരുക്കൂട്ടി ബാങ്കിൽ നിക്ഷേപിച്ച തുകയാണ് മകന്റെ ഓൺലൈൻ കളിയിലൂടെ നഷ്ടമായത്.

അവർ രണ്ടു മക്കളെ പഠിപ്പിച്ചത് ഏറെ കഷ്ടപ്പെട്ടായിരുന്നു. പഠനത്തിൽ മികവ് പുലർത്തിയിരുന്ന മകൻ പലപ്പോഴും ക്ലാസ്സിലെ മറ്റ് കുട്ടികൾക്ക് മാതൃകയും അച്ഛനമ്മമാർക്ക് അഭിമാനവുമായിരുന്നു. കൂട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങിയാണ്, അവൻ ഓൺലൈൻ ഗെയിം ഇൻസ്റ്റാൾ ചെയ്തത്.

ഗെയിമിന് അടിമപ്പെട്ടതോടെ പണം കൊടുത്തു വാങ്ങുന്ന പുതിയ സങ്കേതങ്ങൾ അവൻ തേടിപ്പിടിക്കുകയായിരുന്നു.

ആദ്യമാദ്യം പത്തും പതിനഞ്ചും രൂപയുടെ കളി സങ്കേതങ്ങളാണ് വാങ്ങിത്തുടങ്ങിയത്. അച്ഛനും അമ്മയും സഹോദരിയും തിരിച്ചറിയുന്നില്ലെന്ന് മനസിലാക്കിയതോടെ നൂറും ആയിരവും വിലപിടിപ്പുള്ള സങ്കേതങ്ങളും ഓൺലൈൻ കളി ഉപകരണങ്ങളും വാങ്ങാൻ തുടങ്ങി. അങ്ങനെയാണ് അവർ സ്വരുകൂട്ടിയ മുഴുവൻ പണവും അക്കൗണ്ടിൽ നിന്നും നഷ്ടപ്പെട്ടത്.

അദ്ധ്യാപകരും വലയിൽ

തൃശൂരിലെ പ്രമുഖ സ്കൂൾ പ്രിൻസിപ്പലിന്റെ പേരിൽ ഫേസ്ബുക്കിൽ വ്യാജപ്രൊഫൈൽ സൃഷ്ടിച്ചും പണംതട്ടാൻ ശ്രമം. ഒരു സുഹൃത്തിനുവേണ്ടി ഇരുപതിനായിരം നൽകാൻ അഭ്യർത്ഥിച്ച് പലരോടും ചാറ്റ് ചെയ്തതായിരുന്നു തട്ടിപ്പ്. ഇതു സംബന്ധിച്ച് സൈബർ പൊലീസിൽ പരാതി നൽകിയെങ്കിലും പ്രതിയെ പിടികൂടാനായില്ല. അദ്ധ്യാപകരുടെ ഫോൺനമ്പറുകളും സാമൂഹിക മാദ്ധ്യമങ്ങളിലെ അക്കൗണ്ടുകളുമെല്ലാം ഉപയോഗിച്ച് നിരവധി തട്ടിപ്പുകളാണ് നടക്കുന്നതെന്ന് പൊലീസ് പറയുന്നു.

സ്കൂളിന്റെയും അദ്ധ്യാപകരുടേയും പ്രതിച്ഛായയ്ക്ക് ദോഷമാകുമോ എന്ന് ശങ്കിച്ച് പലരും പരാതി കൊടുക്കാൻ മടിക്കുന്നതായും പറയുന്നു.

ഓൺലൈനിൽ അവയവദാന തട്ടിപ്പും

ബാങ്കിംഗ്, ഓൺലൈൻ തട്ടിപ്പുകൾക്ക് പിന്നാലെ അവയവദാനത്തിന്റെ പേരിൽ സന്ദേശം പ്രചരിപ്പിച്ച് പണം തട്ടുന്ന സംഘങ്ങളും വലവിരിക്കുന്നതായാണ് പൊലീസ് നൽകുന്ന സൂചന. ' നാല് വൃക്കകൾ ലഭ്യമാണ്. അപകടത്തിൽപ്പെട്ട സുഹൃത്തിന്റെ കുടുംബം അവരുടെ വൃക്കകൾ സംഭാവന ചെയ്യാൻ ആഗ്രഹിക്കുന്നു. ഈ സന്ദേശം മറ്റാർക്കെങ്കിലും കൈമാറുക, ..' എന്ന സന്ദേശമാണ് കഴിഞ്ഞദിവസങ്ങളിൽ വ്യാപകമായി ഫോണിൽ പ്രചരിച്ചത്.

സന്ദേശത്തിൽ മൂന്ന് ഫോൺ നമ്പർ നൽകിയിട്ടുണ്ട്. ഇവ വ്യാജ നമ്പറാണെന്നും പണം തട്ടിക്കാനുള്ള വിദ്യകൾ ഇതിൽ ഒളിഞ്ഞിരിക്കുന്നുണ്ടാകാമെന്നുമാണ് സംശയിക്കുന്നത്. ഇവ പങ്കുവയ്ക്കാതിരിക്കണമെന്നാണ് പൊലീസ് നൽകുന്ന മുന്നറിയിപ്പ്. പണം വാങ്ങിയുള്ള വൃക്ക വില്‌പന നിയമവിരുദ്ധമാണ്. ഇത്തരം പരസ്യം പ്രസിദ്ധീകരിക്കുന്നതും പങ്കുവയ്ക്കുന്നതുമെല്ലാം കുറ്റമാണ്. ബംഗളൂരു സ്വദേശിനിക്ക് ഇത്തരം സന്ദേശങ്ങളിലെ നമ്പറുകളിൽ വിളിച്ച് പണം നഷ്ടമായെന്നും പറയുന്നു. പലരും ഫോൺ നമ്പറുകളിൽ വിളിക്കാതെയും വസ്തുതകൾ തിരിച്ചറിയാതെയും സന്ദേശം വ്യാപകമായി ഷെയർ ചെയ്തിട്ടുണ്ട്.

ഹെൽപ് ലൈൻ സജീവം

ഓൺലൈൻ വഴിയുള്ള സാമ്പത്തികത്തട്ടിപ്പുകൾ തടയാനായി കേരള പൊലീസിന്റെ കൺട്രോൾ സെന്റർ സംവിധാനം നിലവിൽ വന്നിട്ടുണ്ട്. കേന്ദ്ര സർക്കാർ ആവിഷ്‌കരിച്ചിട്ടുള്ള സിറ്റിസൺ ഫിനാൻഷ്യൽ സൈബർ ഫ്രോഡ് റിപ്പോർട്ടിംഗ് ആൻഡ് മാനേജിംഗ് സിസ്റ്റം എന്ന സംവിധാനത്തിന് കീഴിലാണ് കേരള സർക്കാർ കേന്ദ്രീകൃത കോൾ സെന്റർ സംവിധാനം ഏർപ്പെടുത്തിയത്. സാമ്പത്തിക തട്ടിപ്പുകൾക്ക് ഇരയാവുന്നവർക്ക് പരാതി പൊലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഈ കോൾ സെന്ററിലേക്ക് സംസ്ഥാനത്തിന്റെ ഏതു ഭാഗത്തു നിന്നും 155260 എന്ന ടോൾ ഫ്രീ നമ്പറിൽ അറിയിക്കാം.

സൈബർ സാമ്പത്തിക തട്ടിപ്പിന് ഇരയായാൽ എത്രയും വേഗം (പരമാവധി 48 മണിക്കൂർ ) പരാതി 155260 എന്ന ടോൾ ഫ്രീ ഹെൽപ്പ് ലൈൻ നമ്പറിൽ ബന്ധപ്പെട്ട് അറിയിക്കണം. സെന്ററിൽ ലഭിക്കുന്ന പരാതിയെക്കുറിച്ച് നാഷണൽ സൈബർ ക്രൈം പോർട്ടൽ വഴി ബന്ധപ്പെട്ട ബാങ്ക് അധികാരികൾക്ക് അടിയന്തര അറിയിപ്പ് നൽകി പണം കൈമാറ്റം ചെയ്യപ്പെടുന്നത് തടയാനും തുടർന്ന് സൈബർ പൊലീസ് സ്‌റ്റേഷനിൽ പരാതി രജിസ്റ്റർ ചെയ്ത് കുറ്റവാളികൾക്കെതിരെ നിയമനടപടി സ്വീകരിക്കാനും ഈ സംവിധാനത്തിലൂടെ സാധിക്കും. അറിവില്ലായ്മ മൂലമോ നാണക്കേട് ഭയന്നോ പരാതിപ്പെടുന്നവർ ഏറെയില്ല. എങ്കിലും, റിപ്പോർട്ട് ചെയ്യപ്പെടാത്ത കേസുകൾ നിരവധിയുണ്ടെന്നതിൽ സംശയമില്ല.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KOMBUM THUMBEEM
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.