തൃശൂർ: ശതാഭിഷിക്തനാവുന്ന എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഗാനോപഹാരവുമായി യോഗം കൗൺസിലർ ബേബിറാം സരോവരം. 'ശതാഭിഷേകം ശക്തന് ശതാഭിഷേകം' എന്നു തുടങ്ങുന്ന ഗാനം എൽ.ഇ.ഡി ലൈറ്റിൽ പ്രകാശിക്കുന്ന തരത്തിൽ ഡിജിറ്റലായി അച്ചടിച്ച് ഫ്രെയിം ചെയ്താണ് സമർപ്പിക്കുക.
ഇന്ന് വൈകിട്ട് നാലിന് കണിച്ചുകുളങ്ങരയിൽ എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ. എം. എൻ സോമൻ, വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ്, യോഗം കൗൺസിലർമാരായ എ.ജി തങ്കപ്പൻ, പി. സുന്ദരൻ, പി.ടി മന്മഥൻ, പി.എസ്.എൻ. ബാബു, സന്ദീപ് പച്ചയിൽ, പി.കെ പ്രസന്നൻ, ഇ.എസ് ഷീബ, എബിൻ അമ്പാടി, ബാബു കടുത്തുരുത്തി, വിപിൻരാജ് എന്നിവർ ചേർന്ന് നൽകുമെന്ന് ബേബിറാം പറഞ്ഞു. കരുത്തിന്റെയും സ്നേഹത്തിന്റെയും പ്രതീകമായ, ഒറ്റത്തടിയിൽ തീർത്ത ഗജകുടുംബത്തിന്റെ ദാരുശിൽപ്പവും സമ്മാനിക്കും. ചേർപ്പ് ദാരുശിൽപ്പ പൈതൃക ഗ്രാമത്തിൽ വാസ്തു പ്രകാരം പ്രത്യേകം തയ്യാറാക്കിയതാണിത്. തൃശൂരിൽ നെയ്ത പൊന്നാടയും അണിയിക്കും.
വെള്ളാപ്പള്ളി നടേശന്റെ കുടുംബാംഗങ്ങളുടെ പേര് പരാമർശിച്ചുള്ളതാണ് അദ്ദേഹത്തെ പ്രകീർത്തിക്കുന്ന ഗാനം. 2020 ലെ ചതയത്തിന് 'ചതയ ചരിതം' എന്ന പേരിൽ ശ്രീനാരായണ ഗുരുവിനെക്കുറിച്ച് എഴുതിയ ഗാനത്തിന്റെ സംഗീതവും ആലാപനവും നിർവഹിച്ചത് കാവാലം ശ്രീകുമാറാണ്. തുഷാർ വെള്ളാപ്പള്ളിയുടെ നിർദ്ദേശപ്രകാരം പ്രധാനമന്ത്രി മോദിയെക്കുറിച്ചെഴുതിയ പാട്ട് രണ്ടാം മോദി സർക്കാരിന്റെ ഒന്നാം വാർഷികത്തിന് പ്രകാശിപ്പിച്ചു. 'കതിരിന്റെ അവകാശികൾ' എന്ന കവിത മുൻ കൃഷിമന്ത്രി വി.എസ്. സുനിൽകുമാറിന്റെ എഫ്.ബി പേജിൽ വന്നത് ശ്രദ്ധേയമായിരുന്നു. ഭക്തി ഗാനങ്ങളും സമരഗീതങ്ങളും ഓണപ്പാട്ടും രചിച്ചിട്ടുണ്ട്. ഗാനങ്ങളിൽ 10 എണ്ണം സജീവ്കുമാർ കല്ലടയുടെ ചാനൽ മലയാളം കമ്പനി വീഡിയോ ആക്കി. 500 ഹൈക്കു കവിതകളും രചിച്ചിട്ടുണ്ട്. ബേബിറാം കൊടുങ്ങല്ലൂർ പുല്ലൂറ്റ് സ്വദേശിയാണ്. നിരവധി സാമൂഹിക സാംസ്കാരിക സംഘടനകളിൽ അംഗവും ഭാരവാഹിയുമാണ്. ഭാര്യ ലിഷ. മക്കൾ: ആപ്ത സരോജ, ആത്മജ് റാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |