ന്യൂഡൽഹി: . തന്റെ മാതാപിതാക്കളായ സതീഷ് കുമാറിനും സരോജ ദേവിയ്ക്കുമൊപ്പമുള്ള ആദ്യ വിമാനയാത്രയുടെ സന്തോഷം പങ്കുവച്ച് ജാവലിൻ ത്രോയിൽ ഒളിമ്പിക്സ് സ്വർണം സ്വന്തമാക്കി രാജ്യത്തിന്റെ അഭിമാനം വാനോളമുയർത്തിയ സൂപ്പർതാരം നീരജ് ചോപ്ര. ഒരു കുഞ്ഞു സ്വപ്നം സാക്ഷാത്കരിച്ചു എന്ന് പറഞ്ഞ് തന്റെ ഇൻസ്റ്റഗ്രാം, ട്വിറ്റർ അക്കൗണ്ടിലും പോസ്റ്റ് ചെയ്ത ചിത്രവും കുറിപ്പും അതിവേഗം വൈറലായി.
നീരജിന്റെ മാതാപിതാക്കൾ ആദ്യമായാണ് വിമാനയാത്ര നടത്തുന്നത്.നീരജിന്റെ സ്പോൺസർമാരായ ജെ.എസ്. ഡബ്ല്യു കർണാടകയിലെ ബെല്ലാരിയിൽ സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുക്കാനായി മാതാപിതാക്കൾക്കൊപ്പം പോകുന്ന ചിത്രമാണ് നീരജ് പോസ്റ്റ് ചെയ്തത്.
എന്റെ ചെറിയൊരു സ്വപ്നം സാക്ഷാത്കരിച്ചു. മാതാപിതാക്കൾക്കൊപ്പം ആദ്യമായി ഒരു വിമാനയാത്ര നടത്താൻ ഇന്ന് കഴിഞ്ഞു എന്ന ഹൃദയ സ്പർശിയായ കുറിപ്പും അതിനൊപ്പം ഇംഗ്ലീഷിലും ഹിന്ദിയിലും നീരജ് എഴുതി. വിമാനത്തിന്റെ വാതിലിനരകിൽ മൂവരും നിൽക്കുന്നതും അകത്തിരിക്കുന്നതുമായ ചിത്രങ്ങളാണ് നീരജ് പങ്കുവചത്.