മാഞ്ചസ്റ്റർ യുണൈറ്രഡിലേക്കുള്ള രണ്ടാം വരവ് ഗംഭീരമാക്കി ക്രിസ്റ്റ്യാനൊ റൊണാൾഡോ
ന്യൂകാസിലിനെതിരെ 2 ഗോളടിച്ച് രണ്ടാം വരവിൽ തകർപ്പൻ തുടക്കം
മാഞ്ചസ്റ്റർ: മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിഖ്യാതമായ ഏഴാം നമ്പർ ജേഴ്സിയിൽ 12 വർഷങ്ങൾക്ക് ശേഷമുള്ള മടങ്ങിവരവ് രാജകീയമാക്കി പോർച്ചുഗീസ് ഫുട്ബാൾ ഇതിഹാസം ക്രിസ്റ്റ്യാനൊ റൊണാൾഡോ. യുണൈറ്റഡിലേക്കുള്ള രണ്ടാം വരവിലെ അരങ്ങേറ്റ മത്സരത്തിൽ ഇന്നലെ ന്യൂകാസിലിനെതിരെ രണ്ട് ഗോൾ നേടി ടീമിന് ഗംഭീര ജയം സമ്മാനിക്കാനും റൊണാൾഡോയ്ക്കായി.
റൊണാൾഡോയെക്കൂടാതെ ബ്രൂണോ ഫെർണാണ്ടർസും ജെസ്സെ ലിൻഗാർഡും ഓരോ ഗോൾ വീതം നേടിയപ്പോൾ ന്യൂകാസിലിനെതിരെ 4-1ന്റെ ജയം നേടി പോയിന്റ് ടേബിളിൽ ചിരവൈരികളായ മാഞ്ചസ്റ്റർ സിറ്റിയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്താനും യുണൈറ്റഡിനായി.
യുണൈറ്റഡിൽ തന്റെ സഹതാരം കൂടിയായിരുന്ന റൊണാൾഡോയ്ക്ക് ന്യൂകാസിലിനെതിരെ ആദ്യ ഇലവനിൽ തന്നെ കോച്ച് ഒലെ ഗുണ്ണർ സോൾഷേർ അവസരം നൽകുകയായിരുന്നു.
പതിയെതുടങ്ങി കൊട്ടിക്കയറുകയായിരുന്നു ഇന്നലെ റൊണാൾഡോ. യുണൈറ്റഡിന്റെ ആക്രമണവും ന്യൂകാസിലിന്റെ പ്രതിരോധവും കണ്ടുകൊണ്ടാണ് ഒന്നാം പകുതി പുരോഗമിച്ചത്. നിരന്തരമായ ശ്രമങ്ങൾക്കൊടുവിൽ ഒന്നാംപകുതിയുടെ അധികസമയത്ത് ന്യൂകാസിലിന്റെ പ്രതിരോധ കോട്ട തകർത്ത് റൊണാൾഡോ ചുവന്ന ചെകുത്താൻമാരുടെ അക്കൗണ്ടിൽ ആദ്യ ഗോൾ എത്തിച്ചു. മേസൺ ഗ്രീൻവുഡിന്റെ ഷോട്ട് ന്യൂകാസിൽ ഗോളി വുഡ്മാൻ തടുത്തിട്ടെങ്കിലും റീബൗണ്ട് പിടിച്ചെടുത്ത് റൊണാൾഡോയുടെ ക്ലിനിക്കൽ ഫിനിഷ് വലകുലുക്കിയതോടെ ഓൾഡ്ട്രാഫോർഡ് ആഹ്ലാദാവേശത്തിൽ പൊട്ടിത്തെറിക്കുകയായിരുന്നു. 56-ാം മിനിട്ടിൽ ജാവിയൻ മാക്വില്ലോ ന്യൂകാസിലിനെ ഒപ്പമെത്തിച്ചു. എന്നാൽ 62-ാം മിനിട്ടിൽ ലൂക് ഷാ നീട്ടിക്കൊടുത്ത പന്ത് തന്നിലെ അത്ലിറ്റിസവും പുറത്തെടുത്ത് മനോഹരമായി ന്യൂകാസിൽ വലയ്ക്കുള്ളിലാക്കി റൊണാൾഡോ യുണൈറ്റഡിനെ വീണ്ടും മുന്നിലെത്തിക്കുകയായിരുന്നു. 80-ാംമിനിട്ടിൽ തകർപ്പൻ ലോംഗ് റേഞ്ചറിലൂടെ ബ്രൂണോ യുണൈറ്റഡിന്റെ ലീഡുയർത്തി. 92-ാം മിനിട്ടിൽ ജെസ്സെ ലിംഗാർഡ് കഴിഞ്ഞ സീസണിലെല്ലാം ലോണിൽ പോയശേഷമുള്ള മടങ്ങിവരവ് ഗംഭീരമാക്കി യുണൈറ്റഡിന്റെ അക്കൗണ്ടിൽ നാലാം ഗോളും എത്തിച്ചു. ഗോളി ഡിഗിയയുടെ തകർപ്പൻ സേവുകളും യുണൈറ്റഡിന്റെ വിജയത്തിൽ നിർണായകമായി.
മറ്റൊരു മത്സരത്തിൽ ലെസ്റ്റർസിറ്റി 1-0ത്തിന് നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിയെ കീഴടക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |