കൊട്ടാരക്കര: വ്യാജ നമ്പർ പതിച്ച ആംബുലൻസുമായി സർവീസ് നടത്തിയയാളെ പൊലീസ് അറസ്റ്റ് ചെയ്തു. മൈലം ഇഞ്ചക്കാട് കാര മൂട് പാലവിള വീട്ടിൽ റോബിൻ തോമസിനെ ( 29 ) യാണ് കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. വെട്ടിക്കവല സ്വദേശിയായ ഷിബു എന്നയാളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കൊട്ടാരക്കര പൊലീസ് കേസെടുത്തത്. ഷിബുവിന്റെ ഉടമസ്ഥതയിലുള്ള KL-09 V 5037-ാം നമ്പർ മാരുതി ഒമിനി ആംബുലൻസ് വാഹനം വർഷങ്ങൾക്ക് മുൻപ് കർണാടകയിൽ കൊണ്ടുപോയി വിറ്റിരുന്നു. ഈ വാഹനത്തിന്റെ റെക്കാർഡുകൾ വ്യാജമായി ഉണ്ടാക്കി അതേ കമ്പനിയുടെ മറ്റൊരു വാഹനത്തിൽ വ്യാജമായി രജിസ്ട്രേഷൻ നമ്പർ ഉൾപ്പടെ ഉപയോഗിച്ച് പ്രതിയായ റോബിൻ മൂന്ന് വർഷത്തോളമായി ആംബുലൻസ് സർവീസ് നടത്തുകയായിരുന്നു. തന്റെ പഴയ വണ്ടിയുടെ രജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് മറ്റൊരു വണ്ടി സർവീസ് നടത്തുന്ന കാര്യം ശ്രദ്ധയിൽ പെട്ട ഷിബു കൊട്ടാരക്കര പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഷിബു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൊട്ടാരക്കര ഐ.എസ്. എച്ച്. ഓ ജോസഫ് ലിയോണിനെ നേതൃത്വത്തിൽ എസ്. ഐ. സുദർശനൻ , സി.പി.ഒ മാരായ ഷിബു കൃഷ്ണൻ, ജിബ്സൺ ജെയിംസ്, ബിനീഷ് കുമാർ, സലിൽ എന്നിവരടങ്ങിയ സംഘത്തിന്റെ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പൊലീസ് പിടിച്ചെടുത്ത വാഹനത്തിന്റെ എൻജിൻ നമ്പരുൾപ്പടെ കൃത്രിമമായി തിരുത്തിയിട്ടുള്ളതായി കണ്ടെത്തി. ഈ കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരുന്നതായി ഐ. എസ്. എച്ച്. ഒ. ജോസഫ് ലിയോൺ അറിയിച്ചു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |