SignIn
Kerala Kaumudi Online
Friday, 19 April 2024 12.48 PM IST

നാർകോട്ടിക് ജിഹാദും കറുത്ത പുകകളും

vivadavela

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യാന്തരീക്ഷത്തിൽ അസ്വസ്ഥയുടെ കറുത്തപുക ഉയരുകയാണ്. ഏറെ നാളായി പുകഞ്ഞുകൊണ്ടിരിക്കുന്ന കനലാണ്. ശരിക്കു പറഞ്ഞാൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനൊക്കെ മുമ്പുതന്നെ കേരളീയ രാഷ്ട്രീയപരിസരം സവിശേഷവും നിർഭാഗ്യകരവുമായ ധ്രുവീകരണ പാതയിലൂടെ സഞ്ചരിച്ച് തുടങ്ങിയിരുന്നു.

തിരഞ്ഞെടുപ്പിന് മുമ്പായിരുന്നു തുർക്കിയിലെ ഹാഗിയ സോഫിയ ചരിത്ര മ്യൂസിയം മുസ്ലിം പള്ളിയായി പരിവർത്തിപ്പിച്ച തീരുമാനത്തെ മുസ്ലിംലീഗ് നേതാവ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ലേഖനത്തിലൂടെ സ്വാഗതം ചെയ്തതും ക്രൈസ്തവസമൂഹത്തിലെ പ്രബലരായ സുറിയാനി കത്തോലിക്കർ, അതായത്, സീറോ മലബാർ സഭയുടെ അരങ്ങത്തും അണിയറയിലുമുള്ളവർ അതിനെതിരെ രംഗത്ത് വന്നതും.

കെ.എം. മാണിയുടെ നിര്യാണത്തോടെ, യു.ഡി.ഫിനകത്ത്, മദ്ധ്യതിരുവിതാംകൂറിലെ പ്രബലന്മാരായ കേരള കോൺഗ്രസ് -എം രണ്ടായി ചേരിതിരിഞ്ഞു. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി, അതുവരെ ഇടതുമുന്നണി മന്ത്രിസഭയുടെ ഭാഗമായിരുന്ന പി.ജെ. ജോസഫും കൂട്ടരും കെ.എം. മാണിയുടെ ആഹ്വാനം ഉൾക്കൊണ്ട് അങ്ങോട്ട് പോയി ഒന്നിച്ചതിന് പ്രത്യേക രാഷ്ട്രീയകാരണമൊന്നുമില്ലായിരുന്നു. കത്തോലിക്കാ സഭയുടെ ആശീർവാദത്തോടെ 1964ൽ പിറവിയെടുത്ത കേരള കോൺഗ്രസ് പല കാലങ്ങളിൽ പലതായി പിളർന്നുപോയിട്ടുണ്ടെങ്കിലും, 2011ൽ അങ്ങനെയൊരു ഐക്യം സംഭവിച്ചതിൽ അസ്വാഭാവികതയില്ലായിരുന്നു. കത്തോലിക്കാസഭാ നേതൃത്വവും കേരള കോൺഗ്രസിന്റെ നേതാക്കളും തമ്മിൽ അന്തരമില്ലാത്തപ്പോൾ പ്രത്യേകിച്ചും.

കത്തോലിക്കാസഭയുടെ പ്രാമാണികത്വം നിലനിറുത്തുന്നതിന് രാഷ്ട്രീയ പിൻബലമായി നിന്നത് 1964ൽ രൂപമെടുത്ത കേരള കോൺഗ്രസ് തന്നെയാണ്. വിമോചനസമര കാലത്ത് കേരള കോൺഗ്രസ് പിറവിയെടുത്തിട്ടില്ലായിരുന്നു. പക്ഷേ വിമോചനസമര കാലം തൊട്ടേ കത്തോലിക്കാസഭയുടെ സ്വാധീനം കോൺഗ്രസ് രാഷ്ട്രീയത്തെ എല്ലാ അളവിലും സ്വാധീനിച്ചുനിറുത്തിപ്പോന്നു. ഒരു കാലത്ത് കെ.എം. ജോർജും പിന്നീട് കെ.എം. മാണിയുമൊക്കെ തന്നെയായിരുന്നു കത്തോലിക്കാ സഭയുടെയും രാഷ്ട്രീയവക്താക്കൾ.

കേരള കോൺഗ്രസുകളിലെ പിളർപ്പുകൾ ആ പ്രസ്ഥാനത്തെയെന്ന പോലെ കത്തോലിക്കാസഭയുടെ രാഷ്ട്രീയബലത്തിനും മങ്ങലേല്പിച്ചിട്ടുണ്ട്. ആഗോളതലത്തിൽ തന്നെ ക്രിസ്ത്യാനിറ്റി നേരിടേണ്ടി വന്ന പ്രതിസന്ധികൾ സമീപകാലത്ത് രൂക്ഷമായപ്പോഴാണ്, കേരളത്തിലും കെ.എം. മാണിയെ പോലെ അവശേഷിച്ച വമ്പനും ജീവിതത്തോട് വിട വാങ്ങുന്നത്. പി.ജെ. ജോസഫാണ് പഴയകാല പ്രതാപികളിൽ ഇന്ന് ജീവിച്ചിരിപ്പുള്ളതെങ്കിലും മാണിയോളം തലയെടുപ്പ് പറയാനില്ല. ആൾബലവും കുറവ്. മാണിയുടെ മകൻ ജോസ് കെ.മാണിക്കൊപ്പമാണ് കേരള കോൺഗ്രസ് അണികളിലേറെയും നിലയുറപ്പിച്ചിരിക്കുന്നത്. പിളർന്ന് വശായ കേരള കോൺഗ്രസിലെ തമ്മിൽ ഭേദം തൊമ്മൻ എന്ന അവസ്ഥയായാണ് അതുപോലും പറയാൻ പറ്റുക!

നൈജീരിയയിലും പാക്കിസ്ഥാനിലും മറ്റും ക്രിസ്ത്യാനികൾ നേരിടേണ്ടി വരുന്ന ആക്രമണങ്ങൾ, തുർക്കിയിലെ ഹാഗിയ സോഫിയ ദേവാലയമ്യൂസിയം മുസ്ലിംപള്ളിയായി പരിവർത്തിക്കപ്പെട്ടത് എന്നിങ്ങനെ ആഗോളതലത്തിൽ ക്രൈസ്തവർ പ്രതിസന്ധി നേരിടുന്നു. കേരളത്തിന്റെ സാംസ്കാരികവും സാമൂഹ്യവുമായ വളർച്ചയ്ക്ക് ക്രിസ്ത്യൻ മിഷണറിമാർ നൽകിയ പങ്ക് എക്കാലവും ഓർമ്മിക്കപ്പെടുന്നതാണ്. ആ സുറിയാനി ക്രിസ്ത്യാനി സമ്പന്ന പാരമ്പര്യം ഓർമ്മകളാകുന്നു. മദ്ധ്യതിരുവിതാംകൂറിൽ, പ്രത്യേകിച്ച്, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ജനസംഖ്യാപരമായും ക്രൈസ്തവസമൂഹം തളർച്ച നേരിടുന്നു. സമീപകാലത്തായി, തൃശൂർ അതിരൂപതയും മറ്റും കൂടുതൽ കുട്ടികളെ ജനിപ്പിക്കാൻ ആഹ്വാനം ചെയ്തത് ശ്രദ്ധിക്കുക. 2011ലെ സെൻസസ് പ്രകാരം മുസ്ലിം ജനസംഖ്യ 27 ശതമാനവും ക്രിസ്ത്യൻ ജനസംഖ്യ 18 ശതമാനവുമാണ്. മുസ്ലിം ജനസംഖ്യ അടുത്ത സെൻസസോടെ 30 ശതമാനത്തിലേക്കെത്തുമെന്നാണ് കണക്കാക്കുന്നത്.

ഈയൊരു പ്രത്യേകമായ സാമൂഹ്യാന്തരീക്ഷത്തിലാണ് ഇസ്ലാമോഫോബിയ എന്നുതന്നെ പറയാവുന്ന തരത്തിലേക്ക് കേരളത്തിലെ കത്തോലിക്കാസമൂഹത്തിൽ വലിയൊരു വിഭാഗം മാറിത്തുടങ്ങിയതിനെ നമ്മൾ വിലയിരുത്തേണ്ടത്. കുറച്ചുകാലമായി കത്തോലിക്കാ സമുദായാംഗങ്ങൾക്കിടയിൽ പ്രചരിക്കുന്ന മുസ്ലിംവിരുദ്ധ ആശയങ്ങൾ, സംഘപരിവാർ അണികളെപ്പോലും തോല്പിക്കുന്ന വിധത്തിലാണെന്ന് പലരും പറയുന്നുണ്ട്. ലവ് ജിഹാദ് എന്ന ആരോപണമുയർത്തി ഏറെക്കാലമായി കെ.സി.ബി.സി ഉൾപ്പെടെ രംഗത്തുണ്ട്.

അതിന്റെ തുടർച്ചയിലെ ഏറ്റവും ഒടുവിലത്തേതാണ് അഭിവന്ദ്യനായ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവന. പുരാതനമായ കുറുവിലങ്ങാട്ട് മാർത്ത മറിയം പള്ളിയിലെ എട്ടുനോമ്പ് തിരുനാളിന്റെ സമാപനത്തോടനുബന്ധിച്ച് നടത്തിയ സന്ദേശത്തിലാണ് ബിഷപ്പ് ശക്തമായി പ്രതികരിച്ചത് എന്നത് ശ്രദ്ധേയമാണ്. കത്തോലിക്കാ വിശ്വാസികളുടെ വൈകാരിക ഇടമാണ് കുറുവിലങ്ങാട് പള്ളി. എഴുതിത്തയ്യാറാക്കിയ പ്രസംഗമാണ് ബിഷപ്പ് വായിച്ചത് എന്നതിൽ നിന്നുതന്നെ ആലോചിച്ചുറപ്പിച്ച് തന്നെയാണ് അദ്ദേഹം പ്രസംഗിച്ചതെന്ന് വ്യക്തം.

പ്രായം കുറഞ്ഞ പെൺകുട്ടികളെ വശത്താക്കാൻ ജിഹാദികൾ വലവിരിച്ച് കാത്തിരിക്കുന്നുവെന്നും ആയുധങ്ങളെടുത്ത് നശിപ്പിക്കുന്നതിന് പകരം മറ്റൊരു മാർഗമെന്ന നിലയിലാണ് ലവ്, നാർകോട്ടിക് ജിഹാദുകൾക്ക് ജനാധിപത്യരാജ്യമായ ഇന്ത്യയിൽ ജിഹാദികൾ ശ്രമിക്കുന്നത് എന്നുമാണ് ബിഷപ്പ് പറഞ്ഞത്. ഒറ്റനോട്ടത്തിൽ തന്നെ അങ്ങേയറ്റം സ്ഫോടനാത്മകമായ പ്രസംഗം.

നാർകോട്ടിക് സംഭവങ്ങൾ നാടിന് ആപത്താണെങ്കിലും അതിന് ഏതെങ്കിലും മതത്തിന്റെ നിറം നൽകുന്നത് ആപത്കരമാണെന്നതിനാൽ ഇത്തരം പ്രതികരണങ്ങളിൽ നിന്ന് പിന്മാറണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചത്. പ്രതിപക്ഷനേതാവ് വി.ഡി. സതീശനും അതേനിലയിൽ പ്രതികരിച്ച് രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ സാമൂഹ്യ ഉത്തരവാദിത്വത്തിൽ വീഴ്ച വരുത്താതിരിക്കാൻ ശ്രദ്ധിച്ചു. സംഘപരിവാർ ശക്തികളായ ബി.ജെ.പി പതിവനുസരിച്ച് പാലാ മെത്രാന്റെ പ്രസ്താവനയിൽ നിന്ന് സുവർണാവസരത്തിനുള്ള സാദ്ധ്യതകളാരാഞ്ഞു.

പാലാ ബിഷപ്പിന്റേത് അങ്ങേയറ്റത്തെ ആപത്കരമായ പ്രസ്താവനയാകുന്നത്, അത് പറഞ്ഞ വ്യക്തി, സന്ദർഭം എന്നീ ഘടകങ്ങളെല്ലാം വിലയിരുത്തുമ്പോഴാണ്. അതിനെ പിന്തുണച്ച് വിവിധ രൂപതകളും രംഗത്തെത്തിയെന്നത് ഒട്ടും തന്നെ ശുഭോദർക്കമല്ല. എരിതീയിൽ എണ്ണയൊഴിക്കും വിധം വിഭാഗീയതയെ മൂർച്ഛിപ്പിക്കാൻ വഴിയൊരുക്കുന്നതായി മുസ്ലിംസംഘടനകൾ പാലാ ബിഷപ്പ് ഹൗസിലേക്ക് നടത്തിയ മാർച്ച്. കേരളത്തിന്റെ മതേതരഘടനയെ ഉല്ലംഘിക്കുന്ന ഒന്നും ഒട്ടും ആശാസ്യമല്ല തന്നെ. പ്രത്യേകിച്ച് ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയതകൾ അവസരത്തിനായി തക്കം പാർത്ത് കഴിയുമ്പോൾ.

രാഷ്ട്രീയ നേതൃത്വങ്ങളുടെ പ്രതിസന്ധി

ഇടത്, വലത് രാഷ്ട്രീയ മുന്നണികളെ ഒരുപോലെ വലയ്ക്കുന്നതായി പാലാ മെത്രാന്റെ പ്രസംഗം എന്നും പറയാതെ വയ്യ. കേരളത്തിന്റെ വലിയ വോട്ടുബാങ്ക് തന്നെയാണ് ക്രൈസ്തവസമൂഹം. പ്രത്യേകിച്ച് കത്തോലിക്കാസഭ. മദ്ധ്യതിരുവിതാംകൂറിൽ ഇത്തവണ ഇടതുമുന്നണിക്ക്, സാധാരണയിൽ കവിഞ്ഞ നേട്ടമുണ്ടായതും (സി.പി.ഐ പറയുന്നത് കാര്യമാക്കേണ്ട!) മാണിയുടെ മകൻ ജോസ് കെ.മാണിയുടെ ഇടതുമുന്നണി പ്രവേശവും മുഖ്യമന്ത്രി പിണറായി വിജയന്റെ സോഷ്യൽ എൻജിനിയറിംഗ് മികവും കൊണ്ടായിരുന്നു. മുഖ്യമന്ത്രി ബിഷപ്പിന്റെ പ്രസ്താവനയെ തള്ളിപ്പറഞ്ഞത് കരുതലോടെയാണ്. എന്നിട്ടും സഭാനേതൃത്വം അതിൽ നീരസത്തിലാണ്.

ഇടതുമുന്നണിക്ക് ബോണസ് നേട്ടമാണ് ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ക്രൈസ്തവമേഖലയിൽ നിന്നുണ്ടായതെങ്കിൽ യു.ഡി.എഫിന്റെ സ്ഥിതിയതല്ല. പ്രത്യേകിച്ച് കോൺഗ്രസിന്റേത്. മദ്ധ്യതിരുവിതാംകൂറിൽ ജോസ് കെ.മാണി വിട്ടുപോയത് അവർക്ക് ദോഷമായിട്ടുണ്ടെങ്കിൽ പോലും ഇപ്പോഴും കോൺഗ്രസിന്റെ പ്രധാന വോട്ടുശക്തിയായി നിലനിൽക്കുന്നത് ക്രൈസ്തവസഭയാണെന്ന് കാണാനാകും. ഒരു ഹരിപ്പാടോ, കരുനാഗപ്പള്ളിയോ പാലക്കാടോ ഒഴിച്ചാൽ കോൺഗ്രസ് ജയിച്ച 21 സീറ്റുകളിൽ ഏതാണ് ക്രൈസ്തവവോട്ടിന്റെ പിൻബലത്തോടെയല്ലാത്തത്?

ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് മുസ്ലിംസമുദായത്തിൽ നിന്ന് 58ഉം ക്രിസ്ത്യൻ സമുദായത്തിൽ നിന്ന് 57ഉം ശതമാനം വോട്ടുകളാണ് ലഭിച്ചത്. മുസ്ലിംലീഗിന്റെ പിൻബലം മുസ്ലിംവോട്ട് ശതമാനത്തെ ഉയർത്തിനിറുത്തിയതിന് ഘടകമായിട്ടുണ്ട്. ക്രിസ്ത്യൻ സമുദായത്തിന്റേത് അങ്ങനെയല്ല. പി.ജെ. ജോസഫ് വിഭാഗം മുന്നണിയുടെ ഭാഗമായത് ഒരു ഘടകമായി പറയാനാവില്ല. മാത്രമല്ല, 2016ൽ കിട്ടിയതിനേക്കാൾ ഏഴ് ശതമാനം ക്രിസ്ത്യൻ വോട്ട് കൂടുതലാണ് ഇത്തവണ കിട്ടിയതും.

നേരത്തേ പറഞ്ഞ ഫലപ്രദമായ സോഷ്യൽ എൻജിനിയറിംഗ് മികവ് കാരണം ഈ രണ്ട് സമുദായങ്ങളുടെയും വോട്ടുവിഹിതം ഇടതുമുന്നണിക്കും കൂടിയിട്ടുണ്ട്. ക്രിസ്ത്യൻ വോട്ടുവിഹിതത്തിൽ 14 ശതമാനത്തിന്റെ വർദ്ധനവുണ്ടായതാണ് അതിലെടുത്ത് പറയേണ്ടത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനേക്കാൾ കൂടിയ വിഹിതമാണിത്. ജോസിന്റെ മുന്നണിപ്രവേശമുൾപ്പെടെയാണ് ഇതിലെ സ്വാധീനഘടകം. അതുകൊണ്ട് കത്തോലിക്കാസഭയെ കൂടുതൽ പിണക്കുന്നത് യു.ഡി.എഫിനാണ് കൂടുതൽ ആത്മഹത്യാപരമാകുക. പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ പ്രതികരണം സഭാനേതൃത്വത്തെ കൂടുതൽ പ്രകോപിപ്പിച്ചതും അതിനാലാകാം.

ബി.ജെ.പിയുടെ ഇടപെടൽ

കത്തോലിക്കാ സഭയ്ക്കകത്തുടലെടുത്ത ഇസ്ലാമോഫോബിയ മുതലെടുക്കാനുള്ള ശ്രമം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ ബി.ജെ.പി നല്ലതുപോലെ നടത്തിയിട്ടും ഫലം കണ്ടില്ലെന്നതും ശ്രദ്ധേയമാണ്. കേരളത്തിന്റെ സവിശേഷമായ സാമൂഹ്യ, രാഷ്ട്രീയാന്തരീക്ഷം സംഘപരിവാറിന്റെ തീവ്രഹിന്ദുത്വ നിലപാടുകളോട് ചേർന്നുനിൽക്കാത്തത് കൊണ്ടായിരിക്കാം അത്. അല്ലെങ്കിൽ ഉൾപ്പാർട്ടി പോര് എല്ലാകാലത്തും തലവേദന സൃഷ്ടിക്കുന്ന ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെ സംഘടനാപരമായുള്ള വിശ്വാസ്യതയില്ലായ്മ കൊണ്ടായിരിക്കാം. 2016ലെ തിരഞ്ഞെടുപ്പിൽ 10 ശതമാനം ക്രൈസ്തവവോട്ടുകൾ സമാഹരിക്കാനായ ബി.ജെ.പിക്ക് ഇത്തവണ കിട്ടിയത് രണ്ട് ശതമാനം മാത്രമാണ് ! ഇപ്പോൾ പാലാ ബിഷപ്പിന്റെ പ്രസംഗത്തെ കൂട്ടുപിടിച്ച് വീണ്ടും ബി.ജെ.പി, രാഷ്ട്രീയമുതലെടുപ്പിനായി കൊണ്ടുപിടിച്ച ശ്രമമാരംഭിച്ചിട്ടുണ്ട്. അതെത്ര കണ്ട് വിജയമാകുമെന്ന് കണ്ടറിയണം!

പ്രതിസന്ധി പരിഹരിക്കാൻ

കത്തോലിക്കാ വിശ്വാസികളിലുണ്ടായിട്ടുള്ള മുസ്ലിം വിരോധം അപകടകരമായ അവസ്ഥയിലേക്ക് പോകാതിരിക്കാൻ ഏറ്റവും ഫലപ്രദമായി ഇടപെടാനാവുക, ഇരു സമുദായങ്ങളിലെയും മിതവാദികളായ ആത്മീയ നേതൃത്വങ്ങൾക്കായിരിക്കും. കത്തോലിക്കർ ഇതര ക്രൈസ്തവസമുദായ നേതൃത്വങ്ങളുമായും ചില ഹൈന്ദവ നേതൃത്വങ്ങളുമായൊക്കെ ഇടയ്ക്കിടയ്ക്ക് നടത്താറുള്ള സംവാദങ്ങൾ മുസ്ലിംസമുദായങ്ങളുമായി ഇല്ലായെന്നതാണ് ആ വിടവ് ഇത്രത്തോളം രൂക്ഷമാക്കിയത്. അതിന് പരിഹാരമുണ്ടാക്കാൻ കഴിവുള്ള വിശാലനേതൃത്വങ്ങൾ കേരളത്തിലെ മുസ്ലിംസമുദായത്തിനിടയിലുണ്ടെന്ന് വിശ്വസിക്കാനാണേവരും ആഗ്രഹിക്കുന്നത്. മുസ്ലിംലീഗിനൊക്കെ അതിൽ വലിയ പങ്ക് വഹിക്കാനായേക്കാം. അത്തരമൊരിടപെടലിന് കാതോർത്തിരിക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VIVADAVELA, LOVE JIHAD, PALA BISHOP
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.