SignIn
Kerala Kaumudi Online
Thursday, 25 April 2024 10.01 AM IST

ഈ വീഴ്ച റെയിൽവേ എങ്ങനെ കാണുന്നു?

train

ദൂരസ്ഥലങ്ങളിൽ നിന്ന് നാട്ടിലേക്കു വരുന്ന മലയാളികളെ ആകമാനം ഉത്‌കണ്ഠാകുലരാക്കാൻ പോന്നതാണ് ഡൽഹി - തിരുവനന്തപുരം നിസാമുദ്ദീൻ എക്സ്‌പ്രസ് ട്രെയിനിൽ ശനിയാഴ്ച രാത്രി നടന്ന വൻ കവർച്ച. സഹോദരി പുത്രിയുടെ വിവാഹച്ചടങ്ങിൽ സംബന്ധിക്കാൻ വന്ന അമ്മയ്ക്കും മകൾക്കും മറ്റൊരു തമിഴ്‌നാട് സ്വദേശിനിക്കും ഉണ്ടായ ദുരനുഭവം രാത്രികാലങ്ങളിൽ ഈ റൂട്ടിൽ ട്രെയിൻ യാത്രികർ പലപ്പോഴും നേരിടേണ്ടിവരുന്ന സംഭവങ്ങളിൽ ഒന്നു മാത്രമാണ്. മയക്കുമരുന്നു നൽകി ബോധം കെടുത്തിയാണ് ഇവരുടെ പക്കലുണ്ടായിരുന്ന സ്വർണവും പണവും വിലയേറിയ മൊബൈൽ ഫോണുകളും കവർച്ച ചെയ്തത്. യാത്രക്കാരായി കയറിക്കൂടി സൂത്രത്തിൽ ഇങ്ങനെ കവർച്ച നടത്തി സുരക്ഷിതമായി രക്ഷപ്പെടുന്ന വിരുതന്മാർ നിരവധി. അതുകൊണ്ടാകണമല്ലോ കവർച്ച വിവരം തിരുവനന്തപുരത്ത് അറിഞ്ഞ മാത്രയിൽ റെയിൽവേ പൊലീസ് കവർച്ചക്കാരുടെ ഫോട്ടോകൾ കാണിച്ച് ഇവരിലാരെങ്കിലും സഹയാത്രികരായിരുന്നോ എന്ന് ആരാഞ്ഞത്. അവരിൽ ഒരാൾ തങ്ങളുടെ എതിർസീറ്റിലുണ്ടായിരുന്നത് അമ്മയും മകളും ഓർത്തെടുത്ത് പൊലീസിനെ അറിയിക്കുകയും ചെയ്തു. പൊലീസിന് കൃത്യമായി ആളെ പിടികിട്ടുകയും ഫോട്ടോ പ്രസിദ്ധീകരണത്തിനു നൽകുകയും ചെയ്തു. രാത്രികാലത്ത് ദീർഘദൂര വണ്ടികളിൽ സായുധ പൊലീസ് ബന്തവസും കർക്കശ പരിശോധനയുമൊക്കെ നിർബന്ധമാക്കിയിട്ടുണ്ടെന്നാണു വയ്പ്. എന്നാൽ ആഗ്രയിൽ നിന്ന് തങ്ങൾ ട്രെയിനിൽ കയറിയതു മുതൽ കമ്പാർട്ട്‌മെന്റിൽ ഒരു സമയത്തും ഒരു പൊലീസുകാരനെപ്പോലും കണ്ടില്ലെന്നാണ് കവർച്ചയ്ക്കിരയായ അമ്മയും മകളും പറയുന്നത്. ആൺതുണയില്ലാതെ സഞ്ചരിക്കേണ്ടിവരുന്ന സ്ത്രീകളാണ് അക്രമികളുടെയും കവർച്ചക്കാരുടെയും പ്രധാന ഇരകളാകുന്നത്. നിസാമുദ്ദീനിൽ കവർച്ചയ്ക്കിരയായ അമ്മയ്ക്കും മകൾക്കുമൊപ്പം കൂട്ടിനു മറ്റാരുമില്ലായിരുന്നു. കാൽനൂറ്റാണ്ടിലേറെയായി ആഗ്രയിൽ കുടുംബമായി കഴിയുന്ന വിജയലക്ഷ്മിയും മകളും ഏറെ കരുതലോടെയാണ് യാത്ര ചെയ്തിരുന്നത്. ചുരിദാറിൽ പ്രത്യേക പോക്കറ്റ് തയ്‌ച്ച് സ്വർണം അതിനകത്തു സൂക്ഷിച്ചിട്ടും കവർച്ച ചെയ്യപ്പെടുകയായിരുന്നു. യാത്രക്കാരുടെ മനഃശാസ്ത്രവും പെരുമാറ്റവുമൊക്കെ സസൂക്ഷ്മം പഠിച്ചുവച്ചിട്ടുള്ള കൊള്ളക്കാരെ കബളിപ്പിക്കാൻ സാധാരണ മുൻകരുതലുകളൊന്നും പോരായെന്നു വ്യക്തമാക്കുന്നതു കൂടിയാണ് ഈ സംഭവം.

ട്രെയിനുകൾ അകാരണമായി വൈകിയാൽ യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകാൻ റെയിൽവേ ബാദ്ധ്യസ്ഥമാണെന്ന് സുപ്രീംകോടതി തീർപ്പുണ്ടായത് ഏതാനും ദിവസം മുൻപാണ്. യാത്രക്കാർക്ക് മതിയായ സുരക്ഷ ഒരുക്കേണ്ട കാര്യത്തിലും റെയിൽവേ പലപ്പോഴും ഉദാസീനത കാണിക്കുകയാണ്. രാത്രികാല ട്രെയിനുകളിൽ ആസൂത്രിതമായ കവർച്ചകൾ അരങ്ങേറുന്ന ചില സ്ഥിരം റൂട്ടുകളുണ്ട്. തമിഴ്‌നാട്ടിലെ ചില പ്രദേശങ്ങൾ ഇക്കാര്യത്തിൽ കുപ്രസിദ്ധി നേടിയവയുമാണ്. കൊവിഡ് കാലമായതിനാൽ ട്രെയിനുകളിൽ യാത്രക്കാർ കുറവായത് കൊള്ളസംഘങ്ങൾക്ക് നല്ല അവസരമായിട്ടുണ്ട്. റെയിൽവേ അധികൃതർ ഇതു മനസിലാക്കി കൂടുതൽ സ‌ുരക്ഷാ നടപടികൾ സ്വീകരിക്കേണ്ടതായിരുന്നു. യാത്രക്കാരുടെ ക്ഷേമത്തിൽ താത്‌പര്യമില്ലെന്നതു പോകട്ടെ, അവരുടെ ദേഹസുരക്ഷ പോലും കാര്യമാക്കുന്നില്ലെന്നല്ലേ ഇപ്പോൾ നടന്നതുപോലുള്ള സംഭവങ്ങൾ എടുത്തുകാണിക്കുന്നത്. വിജയലക്ഷ്മിക്കും മകൾക്കും തൊട്ടടുത്ത കോച്ചിലെ തമിഴ്‌നാട്ടുകാരിക്കും സ്വർണവും മൊബൈലുകളുമേ യാത്രയ്ക്കിടെ നഷ്ടമായുള്ളൂ. ജീവന് അപകടമൊന്നും സംഭവിക്കാത്തത് പരമഭാഗ്യം. യാത്രക്കാരുടെ വസ്തുവകകൾ സുരക്ഷിതമായി സൂക്ഷിക്കേണ്ടത് യാത്രക്കാരുടെ സ്വന്തം ഉത്തരവാദിത്വമാണെന്നാകും റെയിൽവേയുടെ നിലപാട്. എന്നാൽ രാത്രികാലത്ത് ആവശ്യമായ സുരക്ഷ ഒരുക്കുന്നതിൽ വന്ന ഗുരുതരമായ വീഴ്ചയ്ക്ക് എന്തു ന്യായീകരണമാണുള്ളത്?

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ROBBERY IN NIZAMUDIN EXPRESS
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.