SignIn
Kerala Kaumudi Online
Friday, 29 March 2024 1.02 PM IST

വട്ടംകറക്കുന്ന വട്ടക്കയത്തിൽ പൊലിഞ്ഞവരേറെ...

ss

വിതുര: മരണക്കയമായ വട്ടക്കയത്തിൽ ഇതുവരെ പൊലിഞ്ഞത് നൂറോളം ജീവനുകൾ. സുഹൃത്തുക്കളോടൊപ്പം പൊന്മുടി സന്ദശിച്ച് മടങ്ങവേ വട്ടക്കയത്തിൽ മുങ്ങിമരിച്ച പോത്തൻകോട് നന്നാട്ടുകാവ് സ്വദേശി നൗഫലാണ് അവസാനത്തെ ഇര. സ്ഥിരം അപകടമേഖലയായ വട്ടക്കയത്തിൽ മുങ്ങിമരിച്ചവരിലേറെയും യുവാക്കളാണ്. കയത്തിന്റെ ആഴം തിരിച്ചറിയാനാകാതെ വെള്ളത്തിൽ ഇറങ്ങുന്നവരാണ് അപകടത്തിൽപ്പെടുന്നത്. ഇതുതന്നെയാണ് നൗഫലിനും സംഭവിച്ചത്. ഒപ്പം മുങ്ങിത്താണ രണ്ടുപേരെ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്.

ഇത്തരത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെയും ഭാഗ്യംകൊണ്ടുമാത്രം രക്ഷപ്പെട്ടവരുടെയും കഥകൾ കല്ലാർ നിവാസികൾക്ക് പറയാൻ ഒരുപാടുണ്ട്. 2019ലെ റിപ്പബ്ളിക് ദിനത്തിൽ നെടുമങ്ങാട് കന്യാകുളങ്ങര സ്വദേശിയായ സമീർ(24) മരിച്ചിരുന്നു. ഇത്തരത്തിൽ എല്ലാവർഷവും ഇവിടെ മരണം നടക്കാറുണ്ട്. ഒരു വർഷം ഏഴു മരണം വരെ സംഭവിച്ചിട്ടുമുണ്ട്. മുൻകരുതൽ നടപടികൾ സ്വീകരിക്കാത്തതാണ് പ്രശ്നങ്ങൾക്കുള്ള പ്രധാന കാരണമായി നാട്ടുകാർ പറയുന്നത്. എന്നാൽ മരണങ്ങൾ നിരവധിയുണ്ടായിട്ടും നടപടി മാത്രം ഇനിയും അകലെയാണ്.

വട്ടക്കയം എന്ന മരണക്കയം

അപകടം പതിയിരിക്കുന്ന കല്ലാറിൽ വട്ടക്കയത്തിലാണ് ഏറ്റവും കൂടുതൽ ജീവൻ നഷ്ടമായിട്ടുള്ളത്. അപകടം പതിയിരിക്കുന്ന ഇവിടെ അറിഞ്ഞുകൊണ്ട് ആരും കുളിക്കാനിറങ്ങാറില്ല. മറ്റ് ജില്ലകളിൽ നിന്ന് എത്തുന്നവരാണ് വട്ടക്കയത്തിൽ മരിച്ചവരിൽ ഏറെയും. ഇരുപത് അടിയോളം താഴ്ചയുള്ള കയത്തിൽ വീണാൽ ജീവൻ തിരിച്ചുകിട്ടുക പ്രയാസമാണ്. ഇവിടെ അപായ സൂചനാബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലരും ഇത് കണക്കാക്കാറില്ല.

25വർഷം മരണം 100 കടന്നു

കല്ലാർ നദിയിൽ മുങ്ങിമരിച്ചവരുടെ എണ്ണം പരിശോധിച്ചാൽ ഞെട്ടും.

കാൽ നൂറ്റാണ്ടിനിടെ നൂറിൽപരം പേരുടെ ജീവനാണ് നദി കവർന്നെടുത്തത്. ഇതിൽ തൊണ്ണൂറു ശതമാനവും യുവാക്കളാണ്. പൊന്മുടി സന്ദർശിക്കാനെത്തുന്ന യുവാക്കളിൽ ഭൂരിഭാഗം പേരും കല്ലാറിലിറങ്ങി കുളിക്കാറുണ്ട്. വഴുക്കൻ പാറകളുള്ള നദിയിൽ നിറയെ മണൽക്കുഴികളാണ്. ഇത്തരം കയങ്ങളിൽ പതിച്ചാണ് പലർക്കും ജീവൻ നഷ്ടമായത്. കാൽനൂറ്റാണ്ട് മുമ്പ് തിരുവനന്തപുരം ഡെന്റൽ കോളേജിൽ നിന്നെത്തിയ എട്ട് വിദ്യാർത്ഥികൾ കല്ലാറിൽ മുങ്ങിമരിച്ചിരുന്നു. ഇതാണ് നദിയിൽ നടന്ന ഏറ്റവും വലിയ ദുരന്തം.

മണൽക്കയങ്ങൾ നിറയുന്നു

നിരോധനം നിലവിലുണ്ടെങ്കിലും കല്ലാറിലെ മണലൂറ്റ് നിർബാധം തുടരുന്നതായാണ് നാട്ടുകാർ പറയുന്നത്. ഇത്തരത്തിൽ രൂപപ്പെട്ട മണൽക്കുഴികളാണ് നദിയിലേറെയും. ഇവയാണ് സഞ്ചാരികളെ അപകടത്തിലാക്കുന്ന പ്രധാന വില്ലൻ.

"കല്ലാറിൽ വർദ്ധിച്ചുവരുന്ന അപകടമരണങ്ങൾക്ക് പരിഹാരം കാണുന്നതിന് നടപടി വേണം. ഇതിനായി ഗൈഡുകളെ നിയമിക്കണം."

മംഗലകരിക്കകം മോഹനൻ,

സി.പി.എം ബ്രാഞ്ച് സെക്രട്ടറി

കല്ലാറിലെ മരണം (വർഷം- മരണം എന്ന കണക്കിൽ)

1999-പത്ത്

2000-ഏഴ്

2002-അഞ്ച്

2005-മൂന്ന്

2006-രണ്ട്

2008-ഒന്ന്

2014-ആറ്

2015-നാല്

2016-ആറ്

2017-ഏഴ്

2018-അഞ്ച്

2019-ഒന്ന്

2021-ഒന്ന്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.