SignIn
Kerala Kaumudi Online
Friday, 19 April 2024 2.24 PM IST

റോക്കറ്റിനും നോക്കുകൂലിയോ?

cargo

മാനത്തമ്പിളി മാമനെ കാട്ടീട്ട് മാമുകൊടുക്കുന്ന അമ്മ നങ്ങേലിയോട് മകൻ നോക്കുകൂലി ചോദിക്കാനിടയുള്ള ഒരു പുരോഗമന ലോകത്താണ് നാം. രാപ്പകലില്ലാതെ ഫോണിൽ മുഴുകിയിരിക്കുന്നവരിൽ ചിലർക്ക് ജീവിതം മുഴുവൻ പേറിനടക്കാൻ പോന്ന വേദനകൾ നോക്കുകൂലിയായി കിട്ടിയെന്നും വരാം. സ്വർഗത്തിലേക്ക് പ്രവേശനം കിട്ടിയിട്ടും അവിടത്തെ സ്വർണംപതിച്ച തറയിലേക്ക് മാത്രം ആർത്തിയോടെ നോക്കിനടന്ന മേമണിന് ദൈവത്തെ കാണാനായില്ല. ഭൂമിയുടെ മാറുപിളർന്ന് ധാതുസമ്പത്തുകൾ കരസ്ഥമാക്കാൻ ഉത്സാഹിക്കുന്നവരുടെ - ഖനന മാഫിയയുടെ - പൂർവികനായ ഇയാളെ ദൈവം കൈയോടെ സ്വർഗത്തിൽ നിന്നും പുറത്താക്കിയത്രെ. മണ്ണിലും പൊന്നിലും ആർത്തിമൂത്ത രാഷ്ട്രീയക്കാരുടെ മുൻഗാമിയാവാം മേമൺ.

മേനോൻ മൂത്താൽ മേനോക്കിയാവുമോ എന്നറിയില്ല. എന്തായാലും ഒരു മേൽനോട്ടക്കാരനായതു കൊണ്ടാണോ ആ പേര് ലഭിച്ചതെന്നും വ്യക്തമല്ല. ദിവാസ്വപ്നം കണ്ട് മാനംനോക്കി കഴിയുന്നവളാണോ മാനത്തുകണ്ണി ? ആകാശത്ത് ധൂമരേഖകൾ വരച്ചുകൊണ്ടുയരുന്ന റോക്കറ്റിനെ വിസ്മയത്തോടെ നോക്കിനിന്നവരുണ്ടാവാം. റോക്കറ്റ് വിക്ഷേപണം നേരിട്ട് ദർശിക്കാൻ കഴിഞ്ഞ ഭാഗ്യശാലികളുണ്ടാവാം. അവർക്കെല്ലാം നിനച്ചിരിക്കാതെ നല്ലകാലം വന്നിരിക്കുന്നു. റോക്കറ്റിന്റെ കൂറ്റൻ യന്ത്രഭാഗവുമായി പോകുന്ന ലോറികളെ നോക്കിനിന്നിട്ടുണ്ടെങ്കിലും നിങ്ങൾ ഭാഗ്യവാനാണ്. ടണ്ണിന് 2000 രൂപ വീതം പത്തുലക്ഷം രൂപ റോക്കറ്റിന് നോക്കുകൂലി വാങ്ങിയവരുടെ നാട്ടിലാണ് നിങ്ങൾ ജീവിക്കുന്നത്.

തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഘടകകക്ഷി സ്ഥാനാർത്ഥിയോട് പാർട്ടിയറിയാതെ നോക്കുകൂലി വാങ്ങി തോല്പിക്കുന്ന അടവുനയവും വർദ്ധിച്ചുവരികയാണ്. സർവകലാശാല - പി.എസ്.സി പരീക്ഷകളിൽ വിജയിപ്പിക്കാൻ നോക്കുകൂലി വാങ്ങുന്നവരും ഉണ്ടത്രെ. പൊലീസും ആരോഗ്യപ്രവർത്തകരും അഹോരാത്രം പണിയെടുക്കുമ്പോഴും വീട്ടിലിരുന്ന് നോക്കുകൂലി വാങ്ങുന്ന ജീവനക്കാരുടെയും അദ്ധ്യാപകരുടെയും പക്ഷത്താണ് സർക്കാർ എന്ന് തോന്നിപ്പോകും. തൊഴിലെടുക്കാതെ ആനുകൂല്യങ്ങളും സ്ഥാനമാനങ്ങളും ശമ്പളവും വാങ്ങുന്ന സംഘടനാ നേതാക്കളും നോക്കുകൂലിയുടെ പരിധിയിൽപ്പെടേണ്ടവരത്രെ.

ഭരണ - പ്രതിപക്ഷ കക്ഷികൾ തങ്ങളുടെ ആനുകൂല്യ വർദ്ധനവിനുള്ള ഭേദഗതികൾ സഭയിൽ വോട്ടിനിടുമ്പോൾ ഇരുകൈകളും പൊക്കി പിന്തുണയ്‌ക്കുന്നതുപോലെ, ദേവാസുരന്മാർ ഒത്തുപിടിച്ച ഒരു സംഭവമേയുള്ളൂ - 'പാലാഴി മഥനം." കാര്യം കഴിഞ്ഞപ്പോൾ 'കൂരായണ" എന്നായി ദേവന്മാർ. അസുരന്മാർക്ക് നോക്കുകൂലി പോയിട്ട് പണിക്കൂലി പോലും കൊടുക്കാതെ ബുദ്ധിയും തന്ത്രവും കൊണ്ട് ദേവന്മാർ കാര്യം കണ്ടു.

പുലരും മുമ്പേ കോഴിയായി കൂവിയ ദേവേന്ദ്രനാണ് ഗൗതമമുനിയെ വീടിന് പുറത്ത് ചാടിച്ചത്. ചതി തിരിച്ചറിഞ്ഞ മഹർഷി നോക്കുകൂലിയായി കൊടുത്തത് ആ ജന്മം നാണക്കേടിനുള്ളതായിരുന്നു. രേണുക കുളക്കടവിൽ പുരുഷ നഗ്നത നുകർന്നത് ദിവ്യനേത്രത്താൽ കണ്ട് (ഒളികാമറയല്ല, ദിവ്യചക്ഷസുകളായിരുന്നു അന്ന് ഭീഷണി!) ജമദഗ്നി പുത്രനെയാണ് മാതൃഹത്യയ്‌ക്ക് നിയോഗിച്ചത്. ഈ പാപത്തിന്റെ നോക്കുകൂലി പിതാവ് കൈക്കൊണ്ടതുമില്ല.

നോക്കുകൂലിക്കാര്യത്തിൽ മുഗൾ രാജാക്കന്മാരും മോശമല്ല. സ്വന്തം പിതാവിൽ നിന്നും നോക്കുകൂലി വാങ്ങിയ ആളാണ് ഔറംഗസീബ്. ആഗ്ര കൊട്ടാരത്തിലിരുന്ന് താജ്‌മഹൽ നോക്കി നെടുവീർപ്പിടാൻ ഷാജഹാന് ഒരിടംകൊടുത്തെന്ന് മാത്രം. സ്വപുത്രനിൽ നിന്നും യൗവനം നോക്കുകൂലിയായി വാങ്ങിയ പിതാവാണ് യയാതി. ഭാര്യയിൽ നിന്നും നോക്കുകൂലി വാങ്ങി ഭർത്താവുദ്യോഗം നയിക്കുന്നവർ ഇന്നുമുണ്ടല്ലോ?

സാക്ഷാൽ കുബേരന് ഒരിക്കൽ നോക്കുകൂലി കൊടുക്കേണ്ടിവന്നു. പരമശിവന്റെ മിത്രമായിരുന്നിട്ടും ഒരിക്കൽ പാർവതിയെ ഒളികണ്ണിട്ട് വേണ്ടാത്തൊരു നോട്ടം നോക്കി. കാര്യങ്ങൾ മുളയിലേ നുള്ളിക്കളയാനെന്ന മട്ടിൽ, ആദ്യ മിസ്‌ഡ് കോളിൽത്തന്നെ, പാർവതി കുബേരന്റെ ഒരു കണ്ണ് ഫ്യൂസാക്കിക്കളഞ്ഞു! ഫ്യൂസായ കണ്ണിരുന്ന സ്ഥലത്ത് ഒരു മഞ്ഞക്കല മാത്രം. അവിടെ നിന്നാണത്രെ മഞ്ഞപ്പത്രങ്ങളുടെ ഉത്ഭവം!

കല്യാണം, വാടകക്കെട്ടിടം, റിയൽ എസ്റ്റേറ്റ്, സിനിമ, സാഹിത്യം, വാഹനം, നിയമ നിർമ്മാണസഭകൾ, രാഷ്ട്രീയം, പൊലീസ്, ഡോക്ടർ, എൻജിനിയർ, വക്കീൽ തുടങ്ങി സകലമാന മേഖലയിലും ചെറുതും വലുതുമായി പല ഓമനപ്പേരുകളിൽ നോക്കുകൂലി നിലവിലുണ്ട്. എന്നിട്ടും പാവം അട്ടിമറിയുടെ നോക്കുകൂലിക്കാണ് മോക്ഷം കിട്ടി ജയിലിൽ പോയി ബിരിയാണി തിന്നാൻ യോഗം. സ്വന്തം വൃക്ക ദാനം ചെയ്തതിനെക്കാൾ കൊച്ചൗസേപ്പിനെ (ചിറ്റിലപ്പള്ളി) വല്യ ഔസേപ്പാക്കിയത് നോക്കുകൂലിയോടുള്ള ഒറ്റയാൾ പടപ്പുറപ്പാടാണ്.

നോക്കുകൂലികൊണ്ട് ഉപജീവനം കഴിക്കുന്ന യൂട്യൂബർമാരും ബ്ളോഗർമാരും സിനിമാക്കാരും പത്രക്കാരുമൊക്കെ അറിയുന്നുണ്ടോ ഇതിഹാസകാലം മുതൽ ഈ ആർഷഭൂമിയിൽ വേരുപിടിച്ചുനില്ക്കുന്ന ഈ നോക്കുകൂലിയുടെ ആകാശവലുപ്പം?

(ലേഖകന്റെ ഫോൺ: 9447575156)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NOKKU KOOLI
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.