SignIn
Kerala Kaumudi Online
Wednesday, 24 April 2024 11.57 AM IST

കരിപ്പൂർ റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ

karippur

കരിപ്പൂർ വിമാനാപകടം സംബന്ധിച്ച റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്. അപകടത്തിന് മുഖ്യകാരണം മുഖ്യപൈലറ്റിന്റെ പിഴവും അതു പരിഹരിക്കുന്നതിൽ സഹപൈലറ്റ് വരുത്തിയ വീഴ്ചയുമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 281 പേജുള്ള റിപ്പോർട്ടിൽ ഭാവിയിൽ അപകടങ്ങൾ ഒഴിവാക്കാൻ 43 സുരക്ഷാനിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്. സാധാരണഗതിയിൽ ഇങ്ങനെ റിപ്പോർട്ട് നൽകിയാൽ അത് നടപ്പാക്കിയോ എന്ന പരിശോധന നടക്കാറില്ല. എന്നാൽ അന്വേഷണ റിപ്പോർട്ടിലെ സുരക്ഷാനിർദ്ദേശങ്ങൾ വിമാനത്താവളത്തിൽ നടപ്പാക്കാൻ വിദഗ്ദ്ധരുടെ സംഘത്തെ നിയോഗിക്കുമെന്ന് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറയുകയുണ്ടായി. അതിന് വിമാനത്താവള അതോറിട്ടി ഒരു സമയക്രമം നിശ്ചയിക്കണം. ഇത്തരം അപകടങ്ങൾ കാരണം വിലപ്പെട്ട എത്രയോ ജീവനുകളാണ് ആകാശത്തിൽ പൊലിയുന്നത്. 2020 ആഗസ്റ്റ് ഏഴിന് നടന്ന കരിപ്പൂർ വിമാനാപകടത്തിൽ 21 പേരാണ് മരിച്ചത്. നിരവധിപേർക്ക് ഗുരുതരമായി പരിക്കേറ്റു. 184 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.‌

റൺവേയിൽ വിമാനം നിലംതൊട്ടത് അതിന്റെ പകുതിയും പിന്നിട്ടാണ്. ടേബിൾ ടോപ് റൺവേയായതു കൊണ്ട് മറ്റ് വിമാനത്താവളങ്ങളെ അപേക്ഷിച്ച് ഇവിടെ ലാൻഡിംഗ് ദുഷ്‌കരമായാണ് കരുതപ്പെടുന്നത്. റൺവേയ്ക്ക് നീളം കൂട്ടണമെന്ന് അപകടത്തിന് പിന്നാലെ വിദഗ്ദ്ധരും പൊതുരംഗത്തെ പ്രമുഖരും ആവശ്യപ്പെട്ടിരുന്നതാണ്. ഈ ആവശ്യം അതോറിട്ടി പരിഗണിച്ചിട്ടില്ല. വിമാനത്താവളങ്ങൾക്ക് വസ്തു എടുത്ത് നൽകേണ്ട ചുമതല സംസ്ഥാന സർക്കാരിനാണ്. അത് വർഷങ്ങളോളം വൈകിപ്പിക്കുകയും നീട്ടിക്കൊണ്ട് പോവുകയും ചെയ്യുന്ന പ്രവണത ബന്ധപ്പെട്ടവർ കാണിക്കാറുണ്ട്. പലപ്പോഴും വിമാനത്താവളത്തിന്റെ വികസനത്തെ പിറകോട്ടടിക്കാൻ ഇതിടയാക്കിയിട്ടുണ്ട്. വിമാനത്താവള വികസനത്തിന് സ്ഥലം ആവശ്യമാണെന്ന് കണ്ടാൽ യുദ്ധകാലാടിസ്ഥാനത്തിൽ അത് എടുത്തു നൽകാൻ സംസ്ഥാന സർക്കാരും തയ്യാറാകണം. ഇല്ലെങ്കിൽ ആ പേര് പറഞ്ഞ് വികസനം നീട്ടിക്കൊണ്ടുപോകുന്ന നയമായിരിക്കും വിമാനത്താവള അതോറിട്ടിയും സ്വീകരിക്കുക.

ദുഷ്കരസാഹചര്യങ്ങളിൽ വിമാനം ഇറക്കുന്നത് സംബന്ധിച്ച് കൂടുതൽ പാഠങ്ങൾ ഉൾപ്പെടുത്തി പൈലറ്റ് പരിശീലനം നവീകരിച്ച് കാര്യക്ഷമമാക്കണമെന്നതാണ് റിപ്പോർട്ടിലെ മറ്റൊരു പ്രധാന നിർദ്ദേശം. ഇതും നടപ്പാക്കാൻ കാലതാമസം വരരുത്. പൈലറ്റിന്റെ ഡ്യൂട്ടി ക്രമീകരണങ്ങൾ അവരെ മാനസിക സമ്മർദ്ദത്തിലാക്കാൻ പാകത്തിലാകരുത്. കരിപ്പൂരിൽ ഇറങ്ങുന്നതു ദുഷ്‌കരമാണെന്നു മനസിലാക്കിയപ്പോൾ കൊച്ചിയിലേക്കോ കോയമ്പത്തൂരിലേക്കോ പറക്കാമായിരുന്നെന്ന് റിപ്പോർട്ടിലുണ്ട്. എന്നാൽ കരിപ്പൂരിൽത്തന്നെ ഇറങ്ങാൻ മുഖ്യ പൈലറ്റ് സാഠെ തീരുമാനിക്കുകയായിരുന്നു. പിറ്റേന്ന് സാഠെയ്ക്ക് അവധിയായിരുന്നു. എന്നാൽ അവസാന നിമിഷം ഇക്കാര്യത്തിൽ എയർ ഇന്ത്യ മാറ്റം വരുത്തി. പിറ്റേന്നു കരിപ്പൂരിൽ നിന്നു ദോഹയിലേക്കുള്ള വിമാനം പറത്താൻ സാഠെയെ നിയോഗിക്കുകയും ചെയ്തു. അപകടദിവസം ദുബായിൽ നിന്ന് പുറപ്പെടുന്നതിന് മണിക്കൂറുകൾ മുമ്പാണ് ഇക്കാര്യം പൈലറ്റിനെ അറിയിച്ചത്. ഇത് പൈലറ്റിന്റെ സമ്മർദ്ദം ഉയർത്താൻ ഇടയാക്കിയിരിക്കും. ഇതിനാലാവാം കരിപ്പൂരിൽത്തന്നെ വിമാനം ഇറക്കാൻ അദ്ദേഹം തീരുമാനിച്ചതും. അവസാന നിമിഷം ഡ്യൂട്ടിയിൽ മാറ്റം വരുത്തേണ്ടത് ചില ഘട്ടങ്ങളിൽ ആവശ്യമായി വരുമെങ്കിലും പൈലറ്റിന്റെ ശാരീരികവും മാനസികവുമായ അവസ്ഥകൾ കൂടി കണക്കിലെടുത്ത് അവരുടെ കൂടി സമ്മതത്തോടെ വേണം ഇതൊക്കെ നടപ്പാക്കാൻ. ഡ്യൂട്ടികൾ അടിച്ചേൽപ്പിക്കുന്ന ശൈലിയിൽ മാറ്റം വരുത്താൻ എയർ ഇന്ത്യയും ഇതൊരു പാഠമായി എടുക്കണം. റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്ന സാഹചര്യത്തിൽ യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കുന്ന സുരക്ഷാവീഴ്ചയും ശ്രദ്ധക്കുറവും ഉടൻ പരിഹരിക്കാൻ വ്യോമയാന മന്ത്രാലയം നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KARIPUR PLANE CRASH
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.