SignIn
Kerala Kaumudi Online
Friday, 19 April 2024 7.26 PM IST

കരിപ്പൂർ അപകടം പാഠമാക്കി.... സേഫ് ലാൻഡിംഗ്...!

airport

തിരുവനന്തപുരം: കരിപ്പൂർ വിമാനാപകടത്തിന്റെ പാഠങ്ങളിൽ ഉൾക്കൊണ്ട് തയ്യാറാക്കിയ പദ്ധതികൾ വഴി കൂടുതൽ സുരക്ഷിതമായിരിക്കുകയാണ് തിരുവനന്തപുരം വിമാനത്താവളം. മഴയത്തും കാഴ്ചക്കുറവുള്ളപ്പോഴും സുരക്ഷിതമായി ലാൻഡിംഗ് നടത്താൻ കഴിയുന്ന അപ്രോച്ച് ലൈറ്റിംഗ് സിസ്റ്റം 5.83 കോടി രൂപ ചെലവിൽ സജ്ജമാക്കിക്കഴിഞ്ഞു. ഏത് അടിയന്തര സാഹചര്യവും നേരിടാൻ അത്യാധുനിക ഫയർസ്റ്റേഷൻ 12.5 കോടിക്കാണ് നിർമ്മിച്ചത്. ഇതിന്റെ 14.5 മീറ്റ‌ർ ഉയരമുള്ള വാച്ച് ടവർ എയർ ട്രാഫിക് കൺട്രോളറായും ഉപയോഗിക്കാം. റൺവേയിൽ നിന്ന് തെന്നിമാറിയുള്ള അപകടങ്ങളും കാഴ്ചപരിധി കുറഞ്ഞ് വിമാനം വഴിതിരിച്ചുവിടുന്നതു മൂലമുള്ള സാമ്പത്തിക- സമയ നഷ്ടവും ഇല്ലാതാകും

അത്യാധുനിക സൗകര്യങ്ങളോടെ പുതിയ എയർ ട്രാഫിക് കൺട്രോൾ ടവറും ടെക്നിക്കൽ ബ്ലോക്കും നിർമ്മിക്കാൻ എയർപോർട്ട് അതോറിട്ടി നടപടി ആരംഭിച്ചു. അന്താരാഷ്ട്ര വിമാനങ്ങളുടെ ലാൻഡിംഗ് നടക്കുന്ന വള്ളക്കടവ് ഭാഗത്തെ റൺവേ-32ലാണ് മഴയോ മൂടൽമഞ്ഞോ ഉണ്ടെങ്കിൽ സുരക്ഷിതമായി വിമാനമിറക്കാനാവുന്ന ലൈറ്റിംഗ് സംവിധാനമൊരുക്കിയത്. നിലവിൽ റൺവേയിൽ 800 മീറ്റർ കാഴ്ചപരിധിയുണ്ടെങ്കിൽ മാത്രമേ വിമാനമിറക്കാനാവൂ. പുതിയ ലൈറ്റിംഗ് സംവിധാനം വന്നതോടെ കാഴ്ചപരിധി 550 മീറ്റർ വരെ താണാലും ലാൻഡിംഗ് സാദ്ധ്യമാവും.

ടേബിൾടോപ്പ് വിമാനത്താവളമായ കരിപ്പൂരിലേതുപോലെ ആശങ്കയുളവാക്കുന്ന സാഹചര്യം ഇവിടെയില്ല. മഹാ പ്രളയകാലത്ത് നെടുമ്പാശേരി മുങ്ങിയപ്പോൾ നിരവധി വിമാനങ്ങൾ തിരുവനന്തപുരത്തേക്കാണ് തിരിച്ചുവിട്ടത്. ഓഖി ചുഴലിക്കാറ്റുണ്ടായപ്പോഴും ഇവിടമായിരുന്നു രക്ഷാദൗത്യത്തിന്റെ കേന്ദ്രം. എന്നാൽ വിമാനത്താവളത്തിന്റെ റൺവേ രാജ്യാന്തര നിലവാരത്തിലാക്കാൻ ഇനിയും സ്ഥലമേറ്റെടുക്കണം. 3373 മീറ്റർ നീളവും 150 അടി വീതിയുമുള്ളതാണ് തിരുവനന്തപുരത്തെ റൺവേ. ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ഐ.സി.എ.ഒ) മാനദണ്ഡപ്രകാരമുള്ള ബേസിക് സ്ട്രിപ്പില്ലാത്തതാണ് പ്രശ്നം. റൺവേയുടെ മദ്ധ്യത്തിൽ നിന്ന് 150മീറ്റർ ഇരുവശത്തും ഒഴിച്ചിടണമെന്നാണ് ചട്ടം. ഇവിടെ നിർമ്മാണം അനുവദിക്കില്ല. റൺവേയുടെ പലഭാഗത്തും 20 മീറ്റർ വരെ കുറവുണ്ട്.

സ്ഥലം വേണം

-----------------------

ആൾസെയിന്റ്സ് ഭാഗത്താണ് ഏറ്റവും സ്ഥലക്കുറവ്. 13 ഏക്കർ ഏറ്റെടുത്താൽ മാത്രമേ അന്താരാഷ്ട്ര നിയമപ്രകാരമുള്ള സ്ട്രിപ്പ് സജ്ജമാക്കാനാവൂ. 628 ഏക്കർ സ്ഥലം മാത്രമാണ് വിമാനത്താവളത്തിനുള്ളത്. എല്ലാവർഷവും അന്താരാഷ്ട്ര ഓർഗനൈസേഷൻ പരിശോധനയ്ക്കെത്തുമ്പോൾ ബേസിക് സ്ട്രിപ്പ് സജ്ജമാക്കാൻ സമയം നീട്ടി ചോദിക്കുകയാണ് പതിവ്. കൊവിഡ് പ്രതിസന്ധിക്ക് മുമ്പ് തിരുവനന്തപുരത്തെ എയർട്രാഫിക് കൺട്രോളിന്റെ നിയന്ത്റണത്തിൽ യാത്രാ-സൈനിക വിമാനങ്ങളടക്കം മൂന്നുറോളം വിമാനങ്ങൾ പ്രതിദിനം കടന്നുപോകുന്നുണ്ടായിരുന്നു.

പുത്തൻ റൺവേ

--------------------------

2015 ജൂലായിലാണ് തിരുവനന്തപുരം വിമാനത്താവളത്തിന്റെ റൺവേ പുതുക്കിപ്പണിതത് (റീ കാർപ്പെറ്റിംഗ്). ഐ.സി.എ.ഒ നിഷ്‌കർഷിക്കുന്ന മാനദണ്ഡപ്രകാരം 15 വർഷം കൂടുമ്പോഴാണ് റൺവേ പുതുക്കിപ്പണിയേണ്ടത്. 191 രാജ്യങ്ങളിലെ വിമാനത്താവളങ്ങളിൽ ഒരേ നിലവാരത്തിലാണ് റൺവേ ഒരുക്കേണ്ടത്. ഗുണമേന്മയേറിയ ബിട്യുമെൻ, മെറ്റൽ എന്നിവയ്ക്കൊപ്പം രാസപദാർത്ഥങ്ങളും കൂട്ടിച്ചേർത്താണ് മൂന്ന് പാളിയായി റൺവേ റീകാർപ്പറ്റിംഗ് നടത്തുക. 15 വർഷത്തേക്ക് ഒരു വിള്ളൽ പോലുമുണ്ടാകരുതെന്ന കർശന വ്യവസ്ഥയോടെയാണിത്.

പക്ഷിക്കൂട്ടം ഭീഷണി

വിമാനങ്ങൾക്ക് കടുത്ത ഭീഷണിയാണ് സമീപത്തെ പക്ഷിക്കൂട്ടം. വള്ളക്കടവിൽ എയർപോർട്ട് മതിലിനോട് ചേർന്നും എൻ.എസ് ഡിപ്പോ, ബംഗ്ലാദേശ് റോഡ് എന്നിവിടങ്ങളിലും മുട്ടത്തറ പൊന്നറ പാലത്തിനടുത്തെ തുറന്ന സ്ഥലത്തും മാലിന്യക്കൂമ്പാരമാണ്. ഇറച്ചിയുടെ അവശിഷ്ടം ഭക്ഷിക്കാനെത്തുന്ന പരുന്ത്, കാക്ക, കൊക്ക്, മൂങ്ങ എന്നിവയുടെ കൂട്ടം വിമാനങ്ങൾക്ക് ഭീഷണിയാണ്. പക്ഷിയിടിച്ചാൽ വിമാനത്തിന്റെ എൻജിൻ തകരാറിലാകും. നിയന്ത്രണം തെറ്റാനും സാദ്ധ്യതയുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.