പാലക്കാട്: സ്കൂളും കോളേജും തുറക്കുന്നതിന് മുന്നോടിയായി ജില്ലയിൽ മുന്നൊരുക്കം തുടങ്ങി. സ്കൂളുകളും പരിസരവും വൃത്തിയാക്കുന്നത് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളാണ് ആരംഭിക്കുന്നത്. ഇതിന്റെ ഭാഗമായി കെ.എസ്.ടി.എ ഇന്നു മുതൽ വിവിധ സ്കൂളുകൾ വൃത്തിയാക്കും. എല്ലാ സർക്കാർ, എയ്ഡഡ് സ്കൂളുകളും അടുത്ത മാസം ആദ്യവാരത്തോടെ പ്രവർത്തനം പൂർത്തീകരിക്കാനാണ് കെ.എസ്.ടി.എയുടെ തീരുമാനം. സ്കൂൾ തുറക്കുന്ന തീയതി പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ വൃത്തിയാക്കൽ പൂർത്തിയാക്കാനാണ് അധികൃതരുടെ ലക്ഷ്യം.
രണ്ടു വർഷമായി അടഞ്ഞ് കിടക്കുകയാണ് പല സ്കൂളുകളും. കളിസ്ഥലങ്ങളിൽ പലതിലും പുല്ല് പിടിച്ചിട്ടുണ്ട്. ഇവയെല്ലാം വെട്ടിവൃത്തിയാക്കാൻ ദിവസങ്ങൾ വേണ്ടിവരും. കെ.എസ്.ടി.എയ്ക്കൊപ്പം എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ എന്നീ സംഘടനകളും വരും ദിവസങ്ങളിൽ ശുചീകരണത്തിന്റെ ഭാഗമാകും. എല്ലാ സ്കൂളുകളിലെയും അദ്ധ്യാപകരും വൃത്തിയാക്കൽ പ്രവൃത്തിയിൽ സജീവമായി പങ്കെടുക്കും.
പല സ്കൂളുകളിലും ഓൺലൈൻ ക്ലാസുകളുടെ ഭാഗമായി അദ്ധ്യാപകർ എത്തുന്നുണ്ട്. എങ്കിലും മുഴുവൻ ക്ലാസുകളും തുറക്കാത്തതിനാൽ പലതും പൊടിപിടിച്ച് കിടക്കുകയാണ്. ചില സ്കൂളുകൾ കൊവിഡ് ചികിത്സാ കേന്ദ്രങ്ങളാണ്. ഈ മാസം അവസാനത്തോടെ ഇവിടത്തെ രോഗികളെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റുമെന്ന് അധികൃതർ പറഞ്ഞു.
പൂർണമായി സാനിറ്റൈസ് ചെയ്താണ് ക്ലാസ് മുറികൾ ഒരുക്കുക. ഇതിന് വിവിധ സന്നദ്ധ സംഘടനകളുടെയും യുവാക്കളുടെയും സഹായവും തേടും. കോളേജുകൾ ഒക്ടോബർ നാലിനാണ് തുറക്കുന്നത്. നിലവിൽ കോളേജുകളിൽ ഒന്നാം വർഷ ബിരുദ പ്രവേശനം നടക്കുകയാണ്. ഈ തിരക്ക് കഴിഞ്ഞാലുടൻ കോളേജും പരിസരവും വൃത്തിയാക്കും. എല്ലാ വിദ്യാർത്ഥികളെയും ഒന്നിച്ച് എത്തിക്കാൻ കഴിയാത്തതിനാൽ ഓൺലൈൻ ക്ലാസുകളും തുടരും. കൂടാതെ പഠനോപകരണങ്ങൾ, പുസ്തകം എന്നിവ കുട്ടികൾക്ക് ലഭ്യമായിട്ടുണ്ടോ എന്ന് ഉറപ്പാക്കുകയും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |