SignIn
Kerala Kaumudi Online
Thursday, 25 April 2024 3.30 AM IST

വികസനത്തിന് വേഗതയില്ല; ആളൊഴിഞ്ഞ് പൊന്നുംതുരുത്ത്

l

കടയ്ക്കാവൂർ: പ്രകൃതി രമണീയമായ പൊന്നുംതുരുത്തിന്റെ വികസനത്തിൽ അധികൃതർ ശ്രദ്ധിക്കുന്നില്ലെന്ന പരാതി ശക്തമാകുന്നു. അഞ്ചുതെങ്ങ് പഞ്ചായത്തിലാണ് വിദേശികളെയും സ്വദേശികളെയും ഒരുപോലെ ആകർഷിക്കുന്ന പൊന്നുംതുരുത്ത്. അഞ്ചുതെങ്ങ് കായലിന്റെ മദ്ധ്യഭാഗത്തായാണ് പൊന്നുംതുരുത്ത് സ്ഥിതിചെയ്യുന്നത്. പണ്ട് പന്ത്രണ്ട് ഏക്കറോളം ഉണ്ടായിരുന്നത് ഇപ്പോൾ അനധികൃതമായ മണ്ണെടുപ്പ് മൂലം ആറ് ഏക്കറോളമായി ചുരുങ്ങി.

അപൂർവയിനം സസ്യങ്ങളുൾപ്പെടെ വ്യത്യസ്ത ജൈവവൈവിദ്ധ്യത്താൽ സമ്പന്നമാണ് പൊന്നുംതുരുത്ത്. ഭക്തജനങ്ങളെയും വിനോദ സഞ്ചാരികളെയും ഒരുപോലെ ആകർഷിക്കുന്ന പൊന്നുംതുരുത്ത് ഒരുപ്രാവശ്യം കണ്ടിട്ടുള്ളവർ തുരുത്തിന്റെ പ്രകൃതിരമണീയത ആസ്വദിക്കാൻ വീണ്ടും വീണ്ടും എത്തുമെന്നതാണ് പ്രത്യേകത. ഉപനയനത്തിനായി മദ്ധ്യതിരുവിതാംകൂറിൽ നിന്ന് ജലമാർഗം തിരുവിതാംകൂറിൽ പോയിരുന്ന ബ്രാഹ്മണർ ഇടത്താവളമായി പൊന്നുംതുരുത്ത് ഉപയോഗിച്ചിരുന്നു. അവരുടെ പൂജയ്ക്കായി സ്ഥാപിച്ച ശിവപ്രതിഷ്ഠയാണ് ആദ്യമായി തുരുത്തിൽ ഉണ്ടായിരുന്നത്. കാലക്രമേണ ജലപാതകൾ ഇല്ലാതായപ്പോൾ ക്ഷേത്രം പ്രദേശത്തെ പുരാതന കുടുംബത്തിന് ആരാധനയ്ക്കായി ബ്രാഹ്മണർ വിട്ടുകൊടുക്കുകയായിരുന്നു.

അനന്തമായ ടൂറിസം സാദ്ധ്യതകളുള്ള മേഖലയാണ് പൊന്നുംതുരുത്തും പരിസരപ്രദേശങ്ങളും. എന്നാൽ അധികൃതർ ഇത് വേണ്ട രീതിയിൽ ഉപയോഗപ്പെടുത്തുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

ശിവപാർവതി വിഷ്ണുക്ഷേത്രം

നൂറ്റാണ്ടുകൾ പഴക്കമുള്ള ത്രികാലങ്ങളിലും പൂജ നടക്കുന്ന ശിവപാർവതി വിഷ്ണുക്ഷേത്രമാണ് പൊന്നും തുരുത്തിലെ പ്രധാന ആകർഷണം. ശൈവ വൈഷ്ണവ നാഗർകാവുകളോടുകൂടിയ ക്ഷേത്രത്തിലെ ഏറ്റവും പ്രധാന ഉത്സവമായ ശിവരാത്രി ദിനത്തിൽ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്.

കടത്തുവള്ളമുണ്ട്

നെടുങ്ങണ്ട ഒന്നാം പാലംവഴി മങ്കുഴിയിൽ എത്തിയാൽ തുരുത്തിലെത്താൻ കടത്തുവള്ളം ക്ഷേത്രം വകയായി തന്നെയുണ്ട്. വക്കം പണയിൽകടവ്, വിളബ്ഭാഗം, ഉടയാംകുഴി, അകത്തുമുറി തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് ബോട്ടിലോ വള്ളത്തിലോ ക്ഷേത്രത്തിലെത്താനുള്ള സൗകര്യവുമുണ്ട്.

പേരിനു പിന്നിലെ കഥ

ഒരുകാലത്ത് തിരുവിതാംകൂർ രാജകുടുംബം സ്വർണം സൂക്ഷിക്കാനായി തുരുത്ത് ഉപയോഗിച്ചിരുന്നെന്നും അങ്ങനെയാണ് പൊന്നുംതുരുത്ത് എന്ന പേര് ലഭിച്ചതെന്നും ഐതിഹ്യമുണ്ട്.

നടപ്പാക്കാത്ത വികസനം

മുരുക്കുംപുഴ, കഠിനംകുളം, പെരുമാതുറ, പണയിൽകടവ്, പൊന്നുംതുരുത്ത്, കായിക്കര തുടങ്ങിയ പ്രദേശങ്ങളിലെ ടൂറിസം സാദ്ധ്യതകളെപ്പറ്റി പഠിക്കാൻ 2019ൽ അന്നത്തെ മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രൻ പ്രദേശം സന്ദർശിച്ചിരുന്നു. വളരെയധികം ടൂറിസം വികസന സാദ്ധ്യതകളുള്ളതിനാൽ ഈ സ്ഥലങ്ങളുടെ ടൂറിസം വികസനത്തിന് വേണ്ട നടപടികൾ സ്വീകരിക്കുമെന്നും അന്ന് മന്ത്രി പറഞ്ഞിരുന്നു. എന്നാൽ വർഷം രണ്ടു കഴിഞ്ഞിട്ടും പൊന്നു തുരുത്തിന്റെയും പരിസരപ്രദേശങ്ങളുടെയും വികസനത്തിനായുള്ള യാതൊരു നടപടികളും ബന്ധപ്പെട്ടവർ കൈക്കൊണ്ടിട്ടില്ലെന്നാണ് ജനങ്ങളുടെ ആക്ഷേപം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.