SignIn
Kerala Kaumudi Online
Saturday, 18 September 2021 6.41 AM IST

സർക്കാർ ചെലവിൽ സ്വകാര്യ ഐ.ടി.ഐകളെ സഹായിക്കുന്നു

iti

പട്ടികജാതിവികസന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന 44 സർക്കാർ ഐ.ടി.ഐകളിൽ 2020ൽ ഓൺലൈൻ വഴി അഡ്‌മിഷന് അപേക്ഷ ക്ഷണിച്ചിരുന്നു. പട്ടികജാതിയിൽപ്പെട്ട കുട്ടികൾക്ക് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നതുമായ പ്രസ്‌തുത അഡ്മിഷൻ സോഫ്ട്‌വെയർ സംബന്ധിച്ച് നിരവധി പരാതികൾ കുട്ടികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും ഉയർന്നിരുന്നു. കുട്ടികൾ ആദ്യം അക്ഷയ കേന്ദ്രത്തിൽ പോയി വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്ത് അപേക്ഷ ഫോം ഡൗൺലോഡ് ചെയ്ത് പ്രിന്റെടുത്ത് പേനകൊണ്ട് പൂരിപ്പിച്ചശേഷം വീണ്ടും അക്ഷയകേന്ദ്രത്തിൽ പോയി അപേക്ഷാ ഫോം, യോഗ്യതാ സർട്ടിഫിക്കറ്റുകൾ, ജാതി സർട്ടിഫിക്കറ്റുകൾ തുടങ്ങിയവ സ്‌കാൻ ചെയ്ത് നിശ്ചിത സൈസിൽ ഒറ്റ പി.ഡി.എഫ് ഫയൽ ആക്കി സബ്‌മിറ്റ് ചെയ്യണം. ഈ രീതി ഒരിടത്തും നിലവിലില്ലാത്തതിനാൽ അക്ഷയ കേന്ദ്രങ്ങളിലെയും കംപ്യൂട്ടർ സെന്ററുകളിലെയും ജീവനക്കാർക്ക് ശരിയായ രീതിയിൽ അപേക്ഷ സമർപ്പിക്കാൻ സാധിക്കാതെ വരികയും ചെയ്തു. പേനകൊണ്ട് പൂരിപ്പിച്ച പല അപേക്ഷകളും സ്‌കാൻ ചെയ്തപ്പോൾ അക്ഷരങ്ങൾ വ്യക്തമല്ലാതാവുകയും തന്മൂലം അപേക്ഷ പരിഗണിക്കാൻ പറ്റാതെയും വന്നു. ഈ രീതിയിൽ അപേക്ഷ സമർപ്പിക്കുന്നതിന് ഒരു കുട്ടിക്ക് അക്ഷയകേന്ദ്രത്തിൽ 110 രൂപ വരെ (14 പേജുള്ള പ്രോസ്പെക്റ്റസ് പ്രിന്റ് ഉൾപ്പെടെ) ചെലവാകുന്നു.

മുൻവർഷം വ്യാപകമായ പരാതി ഉയർന്നിട്ടും പട്ടികജാതിയിൽപ്പെട്ട കുട്ടികളോട് 2021ലും ഇതേ തെറ്റ് ആവർത്തിച്ചിരിക്കുകയാണ്. കഴിഞ്ഞ വർഷവും ഈ വർഷവും സ്വകാര്യ ഐ.ടി.ഐകളിൽ അഡ്മിഷൻ ആരംഭിച്ച് ഒരു മാസം കഴിഞ്ഞിട്ടാണ് പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള ഐ.ടി.ഐകളിൽ അഡ്‌മിഷൻ നടപടികൾ ആരംഭിച്ചത്. ഇതെല്ലാംകൂടി കൂട്ടിവായിക്കുമ്പോൾ മനസിലാകുന്നത് പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള ഐ.ടി.ഐകളിൽ സീറ്റുകൾ ഒഴിച്ചിട്ട് അവിടെ വരേണ്ട കുട്ടികളെ സ്വകാര്യ ഐ.ടി.ഐകൾക്ക് ലഭ്യമാക്കി കൊടുത്തുകൊണ്ടിരിക്കുന്ന ഒരു ടീം വകുപ്പ് ഡയറക്ടറേറ്റിൽ പ്രവർത്തിച്ചുവരികയാണെന്നാണ്. ഈ പ്രശ്നത്തിൽ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണം.

ഫ്രാൻസിസ് ജോൺ,

മുതുലപുരം,ആനക്കര

ഇടുക്കി

ശമ്പളം നല്‌കുന്ന സർക്കാരിന്

നിയമനത്തിൽ പങ്കു വേണ്ടേ?

എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങളിൽ സുതാര്യത ഉറപ്പുവരുത്താൻ മാനേജ്‌മെന്റ്, സർക്കാർ സർവകലാശാല എന്നിവയുടെ പ്രതിനിധികൾ അടങ്ങിയ സമിതി രൂപീകരിക്കണമെന്ന 11ാം ശമ്പള കമ്മിഷന്റെ ശുപാർശ ശ്രദ്ധേയമാണ്. സർക്കാർ ജീവനക്കാരുടെ ശമ്പളത്തിന്റെ സിംഹഭാഗവും എയ്ഡഡ് മേഖലയിലേക്കാണ് പോകുന്നത്. ശമ്പളം നൽകുന്ന സർക്കാറിന് നിയമന കാര്യത്തിൽ യാതൊരു പങ്കുമില്ലെന്നതാണ് പരമാർത്ഥം . ഈ പ്രതിഭാസം ഇന്ത്യയിൽ കേരളത്തിൽ മാത്രമാണ് നിലനില്‌ക്കുന്നത്. നിലവിൽ എയ്ഡഡ് മേഖലയിലെ നിയമനങ്ങളിൽ സർവത്ര അഴിമതിയും സ്വജന പക്ഷപാതവുമാണ് നടക്കുന്നത്. ഈ അവസ്ഥയ്ക്ക് മാറ്റം വന്നേ മതിയാകൂ. ഈ ശുപാർശയെങ്കിലും നടപ്പിലാക്കാനുള്ള ആർജ്ജവം സർക്കാർ കാണിക്കണം


റെജി റ്റി. റ്റി
മുള്ളൻകൊല്ലി
വയനാട്

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: ITI
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.