തിരുവനന്തപുരം: ചലച്ചിത്ര അക്കാഡമി മലയാള സിനിമയുടെ നവതിയോടനുബന്ധിച്ച് ഏർപ്പെടുത്തിയ ഫെലോഷിപ്പിന്റെ ഭാഗമായി സമർപ്പിക്കപ്പെട്ട പ്രബന്ധങ്ങളുടെ പുസ്തകരൂപം മന്ത്രി സജി ചെറിയാൻ പ്രകാശനം ചെയ്യും. തിരുവനന്തപുരം പ്രസ് ക്ലബിൽ ഇന്ന് ഉച്ചയ്ക്ക് 12.30ന് നടക്കുന്ന ചടങ്ങിൽ ശ്രീകുമാരൻ തമ്പി, കെ.ജയകുമാർ എന്നിവർ പുസ്തകങ്ങൾ ഏറ്റുവാങ്ങും.
പി.എസ്.രാധാകൃഷ്ണൻ എഴുതിയ 'വടക്കൻപാട്ടു സിനിമകൾ: ചരിത്രം, സംസ്കാരം, രാഷ്ട്രീയം', കെ.രാജൻ എഴുതിയ 'പ്രേതം, വില്ലൻ, സർപ്പസുന്ദരി: മലയാള സിനിമയിലെ തിന്മയുടെ ചരിത്രപരിണാമങ്ങൾ' എന്നീ പുസ്തകങ്ങളാണ് പ്രകാശനം ചെയ്യുന്നത്. ജെ.സി ഡാനിയേൽ അവാർഡ് ജേതാവായ ശ്രീകുമാരൻ തമ്പിയെക്കുറിച്ച് ചലച്ചിത്ര അക്കാദമി നിർമ്മിച്ച 'ഋതുരാഗം' എന്ന ഡോക്യുമെന്ററിയുടെ യുട്യൂബ് റിലീസ് സാംസ്കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് നിർവഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |