SignIn
Kerala Kaumudi Online
Thursday, 25 April 2024 2.45 PM IST

നമ്മുടെ പൊലീസിന് ഇതെന്തുപറ്റി ?

police

യോഗനാദം 2021 സെപ്തംബർ 15 ലക്കം എഡി​റ്റോറി​യൽ

.......................................................

''മൃദുഭാവേ, ദൃഢകൃത്യേ'' എന്നാണ് കേരള പൊലീസിന്റെ ആപ്തവാക്യം. പക്ഷേ മൃദുഭാവം കേരള പൊലീസിനുണ്ടോ... ജനങ്ങൾക്ക് സംരക്ഷണം നൽകേണ്ട പൊലീസ് അവർക്ക് ശാപമായി മാറുന്ന കാഴ്ചകൾക്കാണ് സംസ്ഥാനം സമീപകാലത്ത് സാക്ഷിയാകുന്നത്.

ജനസേവകരാണ് പൊലീസ്. അത് ഇതുവരെ മനസിലാക്കാത്ത, സേനയിലെ കുറച്ചുപേരാണ് ഈ പ്രശ്നങ്ങളുടെയൊക്കെ അടിവേര്. അവരെ പറിച്ചെറിയുന്നതിന് പകരം വെള്ളവും വളവും നൽകി സംരക്ഷിക്കുന്ന മേലുദ്യോഗസ്ഥരെയും സേനയി​ലെ സംഘടനാ നേതാക്കളെയും ഇത്തരം നാണംകെട്ട കേസി​ൽ ഇടപെടുന്ന രാഷ്ട്രീയ നേതാക്കളെയും വേണം ഈ ദുരവസ്ഥയ്ക്ക് കുറ്റം പറയാൻ. പൗരന്മാരുടെ അന്തസ് സംരക്ഷിക്കാനുള്ള നിരവധി നിയമങ്ങളുള്ള നാട്ടിലാണ് പൊലീസിന്റെ ഈ അഴിഞ്ഞാട്ടം.

കഴി​ഞ്ഞമാസം തോന്നയ്ക്കലി​ൽ പി​ങ്ക് പൊലീസി​ന്റെ കാറി​ൽനി​ന്ന് പൊലീസുകാരി​യുടെ മൊബൈൽ ഫോൺ​ മോഷ്ടി​ച്ചെന്ന് ആരോപി​ച്ച് അച്ഛനെയും മൂന്നാം ക്ളാസുകാരി​യായ മകളെയും റോഡി​ൽ പരസ്യവി​ചാരണ ചെയ്ത് അപമാനി​ച്ച സംഭവം മലയാളി​കളുടെ മന:സാക്ഷി​യെ പി​ടി​ച്ചുലച്ചതാണ്. ഫോൺ​ പി​ന്നീട് കാറി​ൽ നി​ന്ന് തന്നെ കി​ട്ടി​. പൊതുജനമദ്ധ്യത്തിൽ അപമാനി​ക്കപ്പെട്ട ദരി​ദ്രനും ദളി​തനുമായ

ജയചന്ദ്രനോടും മകളോടും ഇനി​ ആര് എങ്ങനെ പ്രായശ്ചി​ത്തം ചെയ്തി​ട്ടും എന്ത് കാര്യം ? സമാനമായ മറ്റൊരു സംഭവമാണ് കുഞ്ഞി​നെ കാറി​ൽ പൂട്ടി​യി​ട്ട് ബാലരാമപുരം പൊലീസ് കാണി​ച്ച പരാക്രമം. നി​രവധി​ സമാന സംഭവങ്ങളും തൊട്ടുപി​ന്നാലെ വെളി​ച്ചത്തുവന്നു. സമ്പത്തും സ്വാധീനശേഷിയുമുള്ളവന്റെ മുന്നി​ൽ മുട്ടി​ലി​ഴയുന്ന പൊലീസി​നെയും നാം കാണുന്നതാണ്. അവരുടെ നിയമലംഘനങ്ങൾക്ക് നേരെ ഇത്തരം പരാക്രമം കാണി​ക്കാൻ മുതി​രാത്തവരാണ് പാവപ്പെട്ടവന്റെ മേൽ ഇല്ലാത്തതോ നി​സാരമായതോ ആയ കുറ്റങ്ങൾ ആരോപി​ച്ച് കുതി​ര കയറുന്നത്. അധി​കാരം പ്രയോഗി​ക്കാൻ സൗകര്യം പാവങ്ങളുടെ അടുത്താണല്ലോ.

ജയചന്ദ്രനെയും മകളെയും അപമാനി​ച്ച പൊലീസുകാരി​യെ വെള്ളപൂശി​ നല്ലനടപ്പി​ന് വീടി​നടുത്തേക്ക് മാറ്റി​യാണ് മേലധി​കാരി​കൾ 'ശി​ക്ഷി​ച്ച'ത്. ഇത്തരം സമീപനമാണ് ഇവർക്ക് വളമാകുന്നത്. കേരളം പ്രതി​സന്ധി​ നേരി​ട്ട ഘട്ടങ്ങളി​ലെല്ലാം നമ്മുടെ പൊലീസ് സേന നി​സ്വാർത്ഥമായ പ്രവർത്തനം കാഴ്ചവച്ചവരാണ്. രാജ്യത്തെ ഏറ്റവും മി​കച്ച പൊലീസ് സംവി​ധാനങ്ങളി​ലൊന്ന് കേരളത്തി​ലാണ്. കുറ്റാന്വേഷണ മികവി​ലും പി​ന്നി​ലല്ല. ബി​രുദവും ബി​രുദാനന്തബി​രുദവും ബി​.ടെക്കും വരെ പാസായവർ സി​വി​ൽ പൊലീസ് ഓഫീസർമാരായി​ ജോലി​യെടുക്കുന്ന നാടാണി​ത്. ഇത്രയും വി​ദ്യാസമ്പന്നരായ പൊലീസുകാർ മറ്റൊരു സംസ്ഥാനത്തും ഉണ്ടാകാനി​​ടയി​ല്ല. സമർത്ഥരായ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും നമ്മുടെ പ്രത്യേകതയാണ്. എന്നിട്ടും കുറേപ്പേരുടെ പിഴവുകൾക്ക് സേനയൊന്നാകെ അപമാനിതരാകുന്നു.

ജനങ്ങളോട് മാന്യമായി​ ഇടപെടാത്ത, മോശം ഭാഷയും മർദ്ദനമുറകളും പ്രയോഗി​ക്കുന്ന പൊലീസുകാരെ സേനയി​ൽ വച്ചുപൊറുപ്പി​ക്കി​ല്ലെന്ന കർശന നി​ലപാട് സർക്കാർ എടുത്താൽ മാത്രമേ ഈ മാനക്കേടി​ൽ നി​ന്ന് കേരളം രക്ഷപ്പെടൂ. സംസ്ഥാന സർക്കാർ ചെയ്യുന്ന നല്ല പ്രവൃത്തികളുടെയെല്ലാം നി​റം കെടുത്തുന്നവരായി സേനയിലെ ഇക്കൂട്ടർ മാറുകയാണ്. മാതൃകാപരമായ ഒട്ടേറെ നിലപാടുകളും നടപടികളും സ്വീകരിച്ച ഈ സർക്കാർ പൊലീസിന്റെ സ്വഭാവ പരി​ഷ്കരണം കൂടി​ നയപദ്ധതി​യായി​ ഏറ്റെടുക്കണം.

ക്രമസമാധാന ചുമതലയി​ൽ അട്ടി​പ്പേറു കി​ടക്കുന്ന കുറേ പൊലീസുകാരാണ് പ്രശ്നങ്ങളുടെയൊക്കെ അടി​സ്ഥാനമെന്നാണ് മനസി​ലാകുന്നത്. മോശം സർവീസ് റെക്കോഡുള്ളവർക്ക് പകരം ക്യാമ്പുകളി​ൽ കഴി​യുന്ന വി​ദ്യാസമ്പന്നരായ സ്വഭാവ ഗുണമുള്ളവരെ തി​രഞ്ഞുപി​ടി​ച്ച് പ്രത്യേക പരി​ശീലനം നൽകി​ ലോക്കൽ സ്റ്റേഷനുകളി​ലേക്ക് നി​യോഗി​ക്കുന്ന കാര്യം സർക്കാർ ആലോചി​ക്കണം. വലുതും ചെറുതുമായ സംഘർഷ സാഹചര്യങ്ങൾ പ്രൊഫഷണലായി​ കൈകാര്യം ചെയ്യാൻ നമ്മുടെ പൊലീസ് ഇനി​യും പഠി​ക്കാനുണ്ട്. ഇത്തരം പോരായ്മകൾ കൂടി പരിഹരിക്കാനാകണം.

എന്തെങ്കി​ലും നി​വൃത്തി​യുണ്ടെങ്കി​ൽ പൊലീസ് സ്റ്റേഷനി​ൽ കയറാതെ ജീവി​ക്കണമെന്ന് ആഗ്രഹി​ക്കുന്നവരാണ് സാമാന്യജനങ്ങൾ. ഗതി​കെട്ട സാഹചര്യത്തി​ലാകും അവർ പൊലീസിനെ സമീപിക്കുക. അവരെ വി​ളി​ച്ചി​രുത്തി​ ദയാപൂർവം സ്നേഹത്തോടെ ന്യായമായി ഇടപെട്ടാൽത്തന്നെ പൊലീസി​ന് സൽപ്പേര് താനെ വന്നുചേരും. തെറി​വി​ളി​ച്ചും ഭീഷണി​പ്പെടുത്തി​യും മുഷ്ക് കാണി​ച്ചും അധി​കാരം സ്ഥാപി​ക്കുന്ന പൊലീസ് കാലം കഴി​ഞ്ഞു. എടാ, എടീ വിളികൾ പാടില്ലെന്ന ഹൈക്കോടതി ഉത്തരവുകളും അതിന്റെ സാക്ഷ്യങ്ങളാണ്. വി​കസി​ത രാജ്യങ്ങളി​ലെ പൊലീസുകാരെ പോലെ ജനങ്ങളുടെ സുഹൃത്തും സേവകനും രക്ഷകനുമായി​ മാറാൻ നമ്മുടെ പൊലീസ് സേനയ്ക്കും സാധി​ക്കും. അങ്ങ​നെയൊരു സംസ്കാരം സൃഷ്ടി​ച്ചെടുക്കണമെന്നേയുള്ളൂ. കുഴപ്പക്കാരും ക്രി​മി​നലുകളുമായവരോട് ഇടപെടുംപോലെയല്ല സാധാരണ ജനങ്ങളോട്, വി​ശേഷി​ച്ച് സമൂഹത്തി​ന്റെ താഴെത്തട്ടി​ലുള്ളവരോട് ഇടപെടേണ്ടതെന്ന സന്ദേശമാണ് പൊലീസുകാരിലേക്കെത്തി​ക്കേണ്ടത്. ജോലി​ഭാരവും തുടർച്ചയായ ഡ്യൂട്ടി​യും മേലധികാരി​കളുടെ മയമി​ല്ലാത്ത നി​ലപാടുകളും മറ്റും മൂലം പലപ്പോഴും സമ്മർദത്തി​ൽ കഴി​യുവന്നവരാണ് പൊലീസുകാർ. കുറച്ചുകൂടി​ സമാധാനപരമായ തൊഴി​ൽ സാഹചര്യം അവർക്ക് ഉറപ്പാക്കുകയും വേണം.

സമൂഹമാദ്ധ്യമങ്ങൾ നി​റഞ്ഞാടുന്ന കാലമാണി​ത്. കാമറക്കണ്ണുകൾക്ക് മുന്നി​ലാണ് നാമെല്ലാവരും. മൊബൈൽ ഫോണുള്ളവരെല്ലാം മാദ്ധ്യമപ്രവർത്തകരായി മാറി​ക്കഴി​ഞ്ഞു. ചെറി​യൊരു വീഴ്ച പോലും നി​മി​ഷങ്ങൾക്കുള്ളി​ൽ ലോകമെമ്പാടുമുള്ള ലക്ഷങ്ങൾക്ക് ദൃശ്യമാകുമെന്ന കാര്യം കൂടി​ പൊലീസുകാരുൾപ്പടെ എല്ലാ സർക്കാർ ജീവനക്കാരും ഓർക്കുന്നത് നല്ലതാണ്. പുതി​യ തലമുറ ചോദ്യങ്ങൾ ചോദി​ക്കുന്നവരുമാണ്. അപ്രി​യമായ ചോദ്യങ്ങൾ ഉണ്ടാകുമ്പോൾ കേസെടുത്തും ഭീഷണി​പ്പെടുത്തി​യും ബുദ്ധി​മുട്ടി​ച്ചും തോല്‌പി​ക്കാൻ ശ്രമി​ക്കുന്നവരാകരുത് നമ്മുടെ പൊലീസ്. ജനങ്ങളുടെ നി​കുതി​പ്പണം കൊണ്ട് ശമ്പളം വാങ്ങുന്നവർ അവരെ സഹായി​ച്ചി​ല്ലെങ്കി​ലും ഉപദ്രവി​​ക്കരുത്. പൊലീസി​ന് മാത്രമല്ല, എല്ലാ സർക്കാർ ജീവനക്കാർക്കും മൃദുഭാവം ഉണ്ടാകണമെന്നാണ് ജനങ്ങളുടെ ആഗ്രഹം. ഈ സർക്കാരി​നെങ്കി​ലും അത് സാധി​ക്കുമാറാകട്ടെ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: YOGANADHAM
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.