SignIn
Kerala Kaumudi Online
Thursday, 25 April 2024 7.46 AM IST

അതിവേഗമാകട്ടെ ഹൈ സ്പീഡ് റെയിൽ

high-speed-rail

വികസനവും കാര്യപ്രാപ്‌തിയുമാവണം ഭരണത്തിന്റെ മുഖമുദ്ര എന്ന ചിന്താഗതിയിലേക്ക് ജനങ്ങൾ പ്രത്യേകിച്ചും യുവജനങ്ങൾ മാറിക്കൊണ്ടിരിക്കുകയാണ്. സബ് കാ വികാസ് എന്നൊക്കെ പ്രധാനമന്ത്രി മോദി ഉരുവിടുന്നതിന്റെ രഹസ്യവും മറ്റൊന്നല്ല. രാഷ്ട്രീയമായി പരസ്‌പരം നടത്തുന്ന കുറ്റപ്പെടുത്തലുകൾ മാത്രം വിലയിരുത്തി പാർട്ടികളെ പിന്തുണയ്ക്കുന്ന കാലവും കഴിഞ്ഞു. ജനങ്ങൾക്ക് അത്യാവശ്യം യാത്രാസൗകര്യം പോലും വേണ്ടരീതിയിൽ ഒരുക്കാത്ത ഭരണകർത്താക്കളെ എന്തിന്റെ പേരിൽ തുടർന്നും ജനം വിശ്വസിക്കണം. കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന പദ്ധതിയാണ് തിരുവനന്തപുരം - കാസർകോട് സെമി - ഹൈസ്പീഡ് പദ്ധതി. അതിന് മുൻകൂർ പരിസ്ഥിതി അനുമതി ആവശ്യമില്ലെന്ന് കേന്ദ്രസർക്കാർ ദേശീയ ഹരിത ട്രൈബ്യൂണലിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇത് പദ്ധതിയുടെ നടത്തിപ്പ് അതിവേഗം തുടങ്ങാൻ വഴിയൊരുക്കിയിരിക്കുകയാണ്.

പരിസ്ഥിതിആഘാത പഠനം സംബന്ധിച്ച 2006ലെ കേന്ദ്ര വിജ്ഞാപനത്തിൽ റെയിൽവേ പദ്ധതികൾ ഉൾപ്പെടുന്നില്ലെന്നും അതിനാൽ മുൻകൂറായി അനുമതി ആവശ്യമില്ലെന്നുമാണ് കേന്ദ്രത്തിന്റെ സത്യവാങ്‌മൂലത്തിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

ഈ പദ്ധതി തടയാൻ പല കേന്ദ്രങ്ങളും ശ്രമിക്കുന്നുണ്ട്. അതിന്റെ ഭാഗമായി പല നീക്കങ്ങളും നടക്കും. അതിലൊന്നായി മാത്രമേ പരിസ്ഥിതി അനുമതി കിട്ടും മുമ്പ് നിർമ്മാണം അനുവദിക്കരുതെന്നാവശ്യപ്പെട്ട് ഹരിത ട്രൈബ്യൂണലിന്റെ മുന്നിലെത്തിയ ഹർജിയെയും കാണാൻ കഴിയൂ. പല വികസന പദ്ധതികളെയും തടയാൻ ചില കേന്ദ്രങ്ങൾ പൊതുതാത്പര്യ ഹർജികളുമായി കോടതികളെ സമീപിക്കാറുണ്ട്. അനാവശ്യവും കൃത്രിമവുമായ പൊതുതാത്‌പര്യ ഹർജികളുമായി കോടതിയുടെ സമയം മെനക്കെടുത്തരുതെന്ന് മറ്റൊരു കേസിൽ സുപ്രീംകോടതി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടതും ഇതിനോട് കൂട്ടിവായിക്കേണ്ടതാണ്. ചിലർ ഈ പദ്ധതിയെ എതിർക്കാൻ ഉന്നയിക്കുന്ന ഒരു വാദം ഭാവിയിൽ കേരളത്തിന് പ്രയോജനപ്പെടില്ല എന്നതാണ്. ഭാവിയിൽ എന്തൊക്കെ സംഭവിക്കുമെന്ന് നമുക്ക് മുൻകൂട്ടി പറയാനാവില്ല. പ്രത്യേകിച്ചും യാത്രാസൗകര്യവുമായി ബന്ധപ്പെട്ട വികസനത്തിന്റെ കാര്യത്തിൽ. ഡൽഹി മെട്രോ പദ്ധതി തുടങ്ങുന്ന കാലത്തും ഇത് പ്രായോഗികമാവില്ലെന്നും വൻനഷ്ടം വരുത്തിവയ്ക്കുമെന്നും വാദിച്ചവരുണ്ട്. ആ പദ്ധതിയെ എതിർത്തവരും ഇന്ന് മെട്രോ സൗകര്യമാണ് യാത്രയ്ക്ക് ഉപയോഗിക്കുന്നത്.

ഈ പദ്ധതി നിലവിൽ വന്നതിനുശേഷമുള്ള കാര്യങ്ങളെപ്പറ്റി പിന്നീട് ആലോചിക്കാം. ഇപ്പോൾ പദ്ധതി തുടങ്ങിയാൽ 50,000 പേർക്ക് നിർമ്മാണ ഘട്ടത്തിൽ ജോലി കിട്ടും. കേരളത്തിൽ യുവാക്കളുടെ തൊഴിലില്ലായ്മ വർദ്ധിക്കുന്നതായി അടുത്തിടെ നടത്തിയ ഒരു പഠനത്തിലും കണ്ടെത്തിയിരുന്നു. പദ്ധതി പൂർത്തിയായാൽ സ്ഥിരം ജോലി കിട്ടുന്നവരുടെ എണ്ണം പതിനായിരത്തിൽ കൂടുതലായിരിക്കും.

കേരളം ചെറിയൊരു സംസ്ഥാനമാണ്. നാല് മണിക്കൂർ കൊണ്ട് ഒരറ്റത്തുനിന്ന് മറ്റൊരറ്റത്ത് എത്താൻ കഴിയുമെങ്കിൽ അതുണ്ടാക്കുന്ന മാറ്റം വികസനരംഗത്ത് വളരെ വലുതായിരിക്കും. റോഡിലെ ഗതാഗതവും താരതമ്യേന കുറയ്ക്കാനാവും. ഇതൊന്നും ചെറിയ കാര്യങ്ങളല്ല. കാരണം ഇതിലൂടെ പ്രതിവർഷം 530 കോടിയുടെ പെട്രോൾ, ഡീസൽ ഇന്ധനങ്ങൾ ലാഭിക്കാനാവും. റോഡിൽ അപകടങ്ങളുണ്ടാക്കുന്ന ചരക്ക് വാഹനങ്ങളുടെ എണ്ണവും ഗണ്യമായി കുറയും.

മരുഭൂമിയിലൂടെ കച്ചവടക്കാർ ഒട്ടകപ്പുറത്ത് സാധനങ്ങളുമായി പോകുമ്പോൾ ചില ജീവികൾ ഓലിയിടും. അതവർ ശ്രദ്ധിക്കാറില്ല. വാണിജ്യസംഘം മുന്നോട്ട് തന്നെ പൊയ്‌ക്കൊണ്ടിരിക്കും. അതിനാൽ പിണറായി സർക്കാർ പദ്ധതിയുമായി അതിവേഗം മുന്നോട്ട് തന്നെ പോകുക. വഴിയരികിൽ ബഹളമുണ്ടാക്കുന്നവർ ഒന്നും നടക്കില്ലെന്ന് കാണുമ്പോൾ ക്ഷീണിച്ച് മടയിലേക്ക് മടങ്ങാതിരിക്കില്ല. കാരണം പൊതുജനങ്ങൾ പ്രത്യേകിച്ച് പുതിയ തലമുറയിലെ യുവാക്കൾ വികസനത്തിന്റെ വിസിൽ കേൾക്കാനാണ് കാതുകൂർപ്പിക്കുന്നത്. അല്ലാതെ പഴങ്കഞ്ഞിയായ രാഷ്ട്രീയ വർത്തമാനങ്ങൾ കേൾക്കാനല്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HIGH SPEED RAIL
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.