ബ്രസീലിയ:ആമസോൺ കാടുകളിലേയ്ക്ക് യാത്ര പോകുന്നവർ ജാഗ്രത! കാരണം നിങ്ങളുടെ രക്തം ഊറ്റിക്കുടിയ്ക്കാൻ അവിടെ ഒരു വാംപയർ അഥവാ രക്തരക്ഷസ്സ് കാത്തിരിക്കുന്നുണ്ട്. ആമസോൺ നദിയിൽ കണ്ടെത്തിയിട്ടുള്ള വാംപയർ മത്സ്യങ്ങളാണ് അവ. വാംപയറുകളെപ്പോലെ ഇവയും മനുഷ്യരക്തം ഊറ്റിക്കുടിക്കും. പക്ഷെ, ഒരു വ്യത്യാസമുണ്ട്, ഇവ രക്തം ഊറ്റിക്കുടിക്കുന്നത് ശരീരത്തിന്റെ അകത്ത് കയറിക്കൂടിയ ശേഷമാണ്. ഇവയെ വാൻഡെലിയ എന്ന് ഗവേഷകരും കാൻഡിറു എന്ന് പ്രാദേശികരും വിളിയ്ക്കുന്നു.
വർഷങ്ങൾക്ക് മുൻപ് തന്നെ ഈ മത്സ്യത്തെ കണ്ടെത്തിയതാണെങ്കിലും, ഇവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശാസ്ത്രലോകം മനസ്സിലാക്കി വരുന്നതേയുള്ളൂ. ശാസ്ത്രീയമായി ഇവയെ പാരസൈറ്റുകളെന്ന് വിളിയ്ക്കാം. മറ്റൊരു ജീവിയുടെ ഉള്ളിൽ കടന്നുകൂടി അവയുടെ ഓജസ്സ് ഇവ ഊറ്റും. വലിയ മത്സ്യങ്ങളുടെയും മറ്റു ജീവികളുടെയും ശരീരത്തിന്റെയുള്ളിൽ കടന്ന് അവയുടെ എല്ലുകളോട് പറ്റിച്ചേർന്നാണ് വാൻഡെലിയ തങ്ങളെ വഹിക്കുന്ന ജീവികളെ ഉള്ളിൽ നിന്ന് ഭക്ഷണമാക്കുന്നത്. ഇവ ക്യാറ്റ് ഫിഷ് വിഭാഗത്തിൽപ്പെട്ടവയാണ്. മുഖത്തിലുള്ള പൂച്ചയ്ക്ക് സമാനമായ നീണ്ട രോമങ്ങളാണ് ഇവയ്ക്ക് ക്യാറ്റ് ഫിഷ് എന്ന പേരു നൽകിയത്.എന്നാൽ വാൻഡെലിയ തീരെ ചെറിയ മത്സ്യങ്ങളാണ്. ഒരു ഇഞ്ച് മാത്രം വലുപ്പമുള്ള കോലൻ ശരീരമാണ് വാൻഡെലിയയ്ക്കുള്ളത്.
തോണി ക്യാറ്റ് മത്സ്യത്തെ വാഹനമാക്കിയപ്പോൾ
ആമസോണിന്റെ ഭാഗമായ ദെമേനി തടാകത്തിൽ നടത്തിയ പഠനത്തിലാണ് ഗവേഷകർ വാൻഡെലിയയുടെ കൂടുതൽ വിശദാംശങ്ങൾ തിരിച്ചറിഞ്ഞത്. ആമസോണിയൻ തോണി ക്യാറ്റ് ഫിഷിന്റെ ശരീരത്തിന്റെ ഉള്ളിൽ എല്ലുകളോട് ചേർന്നു പറ്റിപ്പിടിച്ചിരിക്കുന്ന അവസ്ഥയിൽ ഗവേഷകർ വാൻഡെലിയയുടെ സാന്നിദ്ധ്യം കണ്ടെത്തി.
എന്നാൽ,വാൻഡെലിയയും തോണി ക്യാറ്റ് ഫിഷും തമ്മിൽ ഉണ്ടായിരുന്നത് പാരസൈറ്റിക് ബന്ധമല്ല. വാൻഡെലിയ തോണിയെ ഭക്ഷണത്തിനായി ആശ്രയിക്കുന്നില്ല. നേരെ മറിച്ച് വാൻഡെലിയയുടെ സാന്നിദ്ധ്യം തോണി ക്യാറ്റ് ഫിഷിന് ഗുണം ചെയ്യുന്നു. വാൻഡെലിയ തോണി ക്യാറ്റ് ഫിഷിനുള്ളിൽ ജീവിക്കുന്നത് മറ്റ് വലിയ വേട്ടക്കാരായ മത്സ്യങ്ങളിൽ നിന്ന് രക്ഷനേടാൻ വേണ്ടിയാകുമെന്നും ഗവേഷകർ കരുതുന്നു.
കൂടാതെ വലിയ മത്സ്യങ്ങൾക്ക് കൂടുതൽ ദൂരം വേഗത്തിൽ സഞ്ചരിക്കാനാകും. യാത്രാസൗകര്യത്തിനു വേണ്ടിക്കൂടിയാകാം വാൻഡെലിയ തോണി ക്യാറ്റ് മത്സ്യത്തെ ഉപയോഗിക്കുന്നതെന്നും ഗവേഷകർ കണക്കു കൂട്ടുന്നു. അതേസമയം ഇതിനർത്ഥം വാൻഡെലിയ നിരുപദ്രവകാരിയാണെന്നല്ല.
മനുഷ്യന്റെ ജനനേന്ദ്രിയത്തിൽ കയറുമോ?
മനുഷ്യരിൽ ഇവ പാരസൈറ്റായി പ്രവർത്തിക്കാറില്ല എങ്കിലും വാൻഡെലിയയെ കുറിച്ചുള്ള പല പേടിപ്പെടുത്തുന്ന കഥകളും ദക്ഷിണ അമേരിക്കയിൽ നിലവിലുണ്ട്. നദിയിൽ കുളിക്കാനിറങ്ങുന്നതിനിടെ മനുഷ്യന്റെ ജനനേന്ദ്രിയത്തിൽ വാൻഡെലിയ കയറി കൂടിയ കഥയാണ് ഇതിൽ പ്രസിദ്ധമായത്. നദിയിൽ മുങ്ങുന്നതിനിടെ മൂത്രമൊഴിച്ചാൽ അത് മത്സ്യത്തെ ആകർഷിക്കുമെന്നും ഇതുവഴി വാൻഡെലിയ അപകടകാരിയായേക്കുമെന്നുമാണ് ഈ പ്രചരണങ്ങൾ. എന്നാൽ ഇത് സത്യമാകാനുള്ള സാദ്ധ്യതയില്ലെന്നാണ് ഗവേഷകർ വിവരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |