മലപ്പുറം : അത്യാധുനിക സംവിധാനങ്ങളുപയോഗിച്ച് സ്വന്തം വീട് സമാന്തര ടെലിഫോൺ എക്സ്ചേഞ്ചാക്കി മാറ്റിയ ഹൈടെക് കുറ്റവാളി മലപ്പുറത്ത് അറസ്റ്റിൽ. കിഴിശ്ശേരി സ്വദേശി മിസ്ഹബിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വാഴക്കാടുള്ള സഹോദരിയുടെ വീട്ടിലും ഇയാൾ സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് ഒരുക്കിയിരുന്നു.
കുറ്റകൃത്യത്തിനുപയോഗിച്ച സിം കാർഡുകൾ, മോഡം, റൂട്ടർ, ലാപ്ടോപ്പ് എന്നിവ പൊലീസ് പിടിച്ചെടുത്തു. മറ്റു സംസ്ഥാനങ്ങളിൽ നടക്കുന്ന സമാന കുറ്റകൃത്യങ്ങളിലും ഇയാൾക്ക് പങ്കുള്ളതായി പൊലീസ് കണ്ടെത്തി. സംഘത്തിന് വ്യാപകമായി സിം കാർഡുകൾ വിതരണം ചെയ്യുന്നവരെക്കുറിച്ചും വിവരം ലഭിച്ചു. സംഘത്തെ ആശ്രയിച്ചിരുന്ന നൂറുകണക്കിനാളുകളുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചു. ലഹരി, കള്ളക്കടത്ത് മാഫിയകളും രാജ്യവിരുദ്ധരും സംവിധാനം ഉപയോഗിച്ചോ എന്നതും അന്വേഷിക്കും.
ചെന്നൈ, ബംഗളൂരു, മൈസൂർ, ഹൈദരാബാദ്, മുംബെ എന്നീ നഗരങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന സംഘങ്ങൾ അടുത്തകാലത്തായി മലബാർ മേഖലയിലേക്ക് വ്യാപിച്ചതായി പൊലീസിന് വിവരം ലഭിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |