SignIn
Kerala Kaumudi Online
Wednesday, 24 April 2024 3.11 PM IST

പല റാങ്കിലുള്ള ഉദ്യോഗസ്ഥരെ ഒരുമിച്ചു കണ്ടാൽ കീഴുദ്യോഗസ്ഥൻ ആദ്യം സല്യൂട്ട് ചെയ്യേണ്ടത് ആരെ എന്നറിയുമോ?

police

തിരുവനന്തപുരം:പൊലീസ് ചട്ടപ്രകാരം കേരളത്തിൽ ജനപ്രതിനിധിക്ക് പൊലീസിന്റെ സല്യൂട്ട് അവകാശമല്ല, പ്രത്യേക പരിഗണന മാത്രമാണ്. നിയമസഭയിൽ വാച്ച് ആൻഡ് വാർഡിലെ പൊലീസുകാർ എം.എൽ.എമാരെ സല്യൂട്ട് ചെയ്തിരിക്കണം. പാർലമെന്റിൽ എം.പിമാർക്കും സല്യൂട്ട് നിർബന്ധമാണ്. സ്പീക്കർക്കും ഡെപ്യൂട്ടി സ്പീക്കർക്കും മാത്രമേ സഭയ്ക്ക് പുറയ്ക്ക് സല്യൂട്ട് നൽകേണ്ടതുള്ളൂവെന്ന് സുപ്രീംകോടതി ഉത്തരവുണ്ട്. സഭാസമിതികളിൽ പങ്കെടുക്കുന്ന പൊലീസുദ്യോഗസ്ഥർ സാമാജികരെ സല്യൂട്ട് അടിക്കണം.

ചട്ടം ഇതാണെങ്കിലും എം.പിമാർക്കും എം.എൽ.എമാർക്കും പൊലീസ് സല്യൂട്ട് നൽകുന്നത് കീഴ്‌വഴക്കമാണ്. അതേസമയം, യൂണിഫോമിലുള്ള പൊലീസ് ഉദ്യോഗസ്ഥൻ ജനങ്ങളെ സല്യൂട്ട് ചെയ്യുന്നത് ചട്ടലംഘനവുമാണ്. കരിപ്പൂർ വിമാനാപകട സമയത്ത് രക്ഷാ പ്രവർത്തനം നടത്തിയവരെ പൊലീസ് സല്യൂട്ട് ചെയ്തത് വിവാദമായിരുന്നു.

രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവർണർ, മന്ത്രിമാർ, ഡി.ജി.പി, എ.ഡി.ജി.പി, ഐ.ജി, ഡി.ഐ.ജി, സുപ്രീംകോടതി - ഹൈക്കോടതി ജഡ്ജിമാർ, ജില്ലാ പൊലീസ് മേധാവി, കളക്ടർ, എസ്.പിമാർ, യൂണിറ്റ് കമൻഡാന്റ്, സൈന്യത്തിലെ ഫീൽഡ് ഓഫീസർ, അഡ്വക്കേറ്റ് ജനറൽ, മജിസ്ട്രേറ്റുമാ‌ർ, സേനകളിലെ കമ്മിഷൻഡ് ഓഫീസർമാർ എന്നിവർക്കു പുറമെ മൃതദേഹങ്ങൾക്കുമാണ് ചട്ടപ്രകാരം സല്യൂട്ടിന് അർഹത. അഡി.എസ്.ഐ മുതൽ ഡി.ജി.പി വരെയുള്ള പൊലീസുദ്യോഗസ്ഥരെല്ലാം സല്യൂട്ടിന് അർഹരാണ്. സല്യൂട്ട് സ്വീകരിച്ചാൽ പോരാ, തിരിച്ചും നൽകണം. യൂണിഫോമിലല്ലെങ്കിൽ അറ്റൻഷനായി ആദരവ് നൽകണം.

കളക്ടർ, സൂപ്രണ്ടുമാർ എന്നിവർക്ക് ദിവസത്തിൽ ആദ്യം കാണുമ്പോൾ മാത്രവും സെഷൻസ് ജഡ്ജിമാർക്കും മജിസ്ട്രേറ്റുമാർക്കും ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ മാത്രവുമാണ് സല്യൂട്ട്. സാക്ഷിക്കൂട്ടിൽ കയറുന്ന പൊലീസുകാരെല്ലാം ന്യായാധിപനെ സല്യൂട്ട് ചെയ്യണം. പല റാങ്കിലുള്ള ഉദ്യോഗസ്ഥരുണ്ടെങ്കിൽ ഉന്നത ഉദ്യോഗസ്ഥന് മാത്രം മതി സല്യൂട്ട്. സല്യൂട്ട് ചെയ്യാത്ത പൊലീസുകാർക്ക് തീവ്രപരിശീലനം, ക്ലാസ് എന്നിവയാണ് ശിക്ഷ.

സല്യൂട്ട് 7ഇനം

ഫ്രണ്ട് സല്യൂട്ട്

മേലുദ്യോഗസ്ഥന് മുഖാമുഖം നിൽക്കുമ്പോൾ നൽകുന്നത് വിരലുകൾ നിവർത്തി കൈപ്പടം നെറ്റിയിൽ അമർത്തി നൽകുന്ന സല്യൂട്ട്.

മെസേജ് സല്യൂട്ട്

പരേഡ് ഗ്രൗണ്ടിൽ സന്ദേശം കൈമാറുമ്പോൾ മേലുദ്യോഗസ്ഥന് നൽകുന്നത്. സന്ദേശം നൽകിയ ശേഷം ഒരടി പിന്നോട്ട് മാറി വീണ്ടും സല്യൂട്ട് നൽകണം.

ബട്ട് സല്യൂട്ട്

ഡിവൈ.എസ്.പി വരെയുള്ള ഉദ്യോഗസ്ഥർക്ക് വരെ 303റൈഫിൾ തോളിൽ ചാരിവച്ച്, മുന്നോട്ടാഞ്ഞ് നൽകുന്ന സല്യൂട്ട്.

പ്രസന്റ് ആംസ് സല്യൂട്ട്

സീനിയർ ഡിവൈ.എസ്.പി മുതൽ എസ്.പി റാങ്കിലുള്ളവർക്ക് വരെ നൽകുന്ന ആദരവ്. തോക്ക് രണ്ടുകൈ കൊണ്ടും പിടിച്ച് കാലുകൾ ചവിട്ടിയുള്ളതാണീ സല്യൂട്ട്.

ജനറൽ സല്യൂട്ട്

‌ഡി.ഐ.ജി മുതൽ ഡിജിപി വരെയും മന്ത്രിമാർ, മുഖ്യമന്ത്രി, പ്രധാനമന്ത്രി, സ്പീക്കർ, എന്നിവർക്കും നൽകുന്നതാണ് ജനറൽ പ്രസന്റ് ആംസ് സല്യൂട്ട്. ബ്യൂഗിൾ വായനയോടെ ഒരു സംഘമാണ് ഈ സല്യൂട്ട് നൽകുന്നത്.

നാഷണൽ സല്യൂട്ട്

രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവർണർ, വിദേശരാജ്യങ്ങളിലെ പ്രസിഡന്റുമാർ എന്നിവർക്കുള്ളതാണ് നാഷണൽ സല്യൂട്ട്. ദേശീയപതാകയ്ക്കുള്ള സല്യൂട്ടും ഇതാണ്.

ഫ്യൂണറൽ പരേഡ് സല്യൂട്ട്

ഔദ്യോഗിക ബഹുമതിയോടെ സംസ്കാരത്തിന് നൽകുന്നതാണിത്. ആദരസൂചകമായി വെടിവയ്പ്പ്, ബ്യൂഗിൾ വായന എന്നിവയെല്ലാമുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SALUTE, TYPE OF SALUTES, KERALA POLICE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.