ബോളിവുഡിലെ ഗോസിപ്പ് കോളങ്ങളിൽ ഒരുകാലത്തെ മിന്നും താരങ്ങളായിരുന്നു യുവനടൻ സിദ്ധാർത്ഥ് മൽഹോത്രയും നടി ആലിയ ഭട്ടും. സ്റ്റുഡന്റ് ഓഫ് ദി ഇയറിലൂടെ 2012 ലാണ് ആലിയയും സിദ്ധാർത്ഥ് ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. തുടക്കകാലം മുതൽ ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞു നിന്നിരുന്ന ഇരുവരും തങ്ങളുടെ സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒന്നിച്ചുള്ള ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ടായിരുന്നു. വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഇരുവരും പലപ്പോഴും ചിരിയായിരുന്നു മറുപടി നൽകിയിരുന്നത്. പെട്ടെന്നായിരുന്നു ഇരുവരുടെയും വേർപിരിയൽ സംഭവിച്ചത്. ഇത് ഇരുവരുടെയും ആരാധകർക്ക് ഷോക്കായിരുന്നു. ആലിയയുമായുള്ള പ്രണയം വേർപിരിഞ്ഞതിനുള്ള കാരണം സിദ്ധാർത്ഥ് തുറന്നു പറയുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നു. പ്രമുഖ ചാനൽ പരിപാടിയിലാണ് ഇക്കാര്യങ്ങൾ സിദ്ധാർത്ഥ് തുറന്നു പറഞ്ഞിരിക്കുന്നത്.
''ആലിയയും ഞാനും വർഷങ്ങളായി ബന്ധമുള്ളവരാണ് അല്ലാതെ കാമുകിയും കാമുകനുമായല്ല ഞങ്ങൾ ആദ്യമായി കാണുന്നത്. ഏതൊരു ബന്ധത്തെയും പോലെ തന്നെയാണ് ഞങ്ങളുടെ ബന്ധം. ഞങ്ങൾക്കിടയിൽ ഉണ്ടായ വേർപിരിയൽ വേദന നൽകുന്നുണ്ടെങ്കിലും അത് ഒരിക്കലും കയ്പേറിയ ഓർമ്മകളാണെന്ന് പറയില്ല. ഞങ്ങൾ വേർപിരിഞ്ഞതിന് ശേഷം ഒരിക്കൽ പോലും കണ്ടിട്ടില്ല. എന്നാൽ ഞങ്ങൾക്കിടയിലെ സൗഹൃദം ഇപ്പോഴുമുണ്ട്. പൊതു പരിപാടികളിലോ അല്ലെങ്കിൽ ഒരുമിച്ച് ഒരു സിനിമയിൽ അഭിനയിക്കുമ്പോഴോ തീരാവുന്ന പിണക്കമേ ഇപ്പോൾ ഞങ്ങൾ തമ്മിലുള്ളൂ. ഒത്തുപോവില്ലെന്ന് തോന്നിയാൽ എത്ര മനോഹരമായ ബന്ധങ്ങളും വേർപിരിയുന്നതാണ് നല്ലത്. രണ്ടുപേർക്കിടയിലെ പരസ്പര ബഹുമാനമാണ് വലുത്. സിനിമയിലെ എന്റെ ആദ്യത്തെ ഷോട്ട് അവൾക്കൊപ്പമായിരുന്നു. അതുകൊണ്ട് തന്നെ എന്റെ സിനിമാജീവിതവുമായി അവൾക്ക് വലിയ പങ്കുണ്ട്."" സിദ്ധാർത്ഥിന്റെ വാക്കുകൾ.
തനിക്കും സിദ്ധാർത്ഥുമായി പ്രശ്നങ്ങളൊന്നുമില്ലെന്ന് ഒരിക്കൽ ആലിയയും പറഞ്ഞിരുന്നു. ഷെർഷയിലെ സിദ്ധാർത്ഥിന്റെ പ്രകടനത്തെ പ്രശംസിച്ച് ആലിയ രംഗത്ത് വന്നിരുന്നു. ആലിയ ഇപ്പോൾ ബോളിവുഡിലെ യുവനടന്മാരിലെ സൂപ്പർ ഹീറോ രൺബീർ കപൂറുമായി പ്രണയത്തിലാണ്. സിദ്ധാർഥ് കിയാര അദ്വാനിയുമായി പ്രണയത്തിലാണ്. സ്റ്റുഡന്റ് ഓഫ് ദ ഇയർ കൂടാതെ കപൂർ ആന്റ് സൺസിലും ആലിയയും സിദ്ധാർത്ഥും ഒരുമിച്ച് അഭിനയിച്ചിരുന്നു. ഷെർഷായാണ് സിദ്ധാർത്ഥിന്റെ റിലീസിനെത്തിയ അവസാന ചിത്രം.
ഷെർഷയിൽ കിയാര അദ്വാനിയും അഭിനയിച്ചിട്ടുണ്ട്. സഡക്ക് 2 ആണ് ആലിയയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |