കണ്ണൂർ: ടി.പദ്മനാഭന്റെ ആദ്യ കഥാസമാഹാരമായ പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി പിറവിയെടുത്ത പള്ളിക്കുന്നിലെ രാജേന്ദ്രനഗർ ഹൗസിംഗ് കോളനിയിലെ കൊച്ചുവീട്ടിലെത്തിയപ്പോൾ നായിക മീനാക്ഷിയുടെ മുഖത്ത് പ്രകാശം നിറഞ്ഞു. സംവിധായകൻ ജയരാജന് തന്റെ സ്വപ്നസാഫല്യത്തിന്റെ മുഹൂർത്തമായിരുന്നു.
തൊണ്ണൂറ്റി മൂന്നാം വയസ്സിലാണ് ഇരുന്നൂറോളം കഥകളെഴുതിയ പദ്മനാഭന്റെ ആദ്യ കഥാസമാഹാരത്തിലെ ഒരു കഥ സിനിമയാകുന്നത്. കണ്ണൂരിൽ ചിത്രീകരണം തുടരുന്ന ജയരാജ് ചിത്രത്തിലെ നായികയും ചലച്ചിത്ര പ്രവർത്തകരും ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് കഥാകാരനെ കാണാനെത്തിയത്.സിനിമാപ്രവർത്തകരെ നിറഞ്ഞ മനസോടെ പത്മനാഭനും സഹായി രാമചന്ദ്രനും ചേർന്ന് സ്വീകരിച്ചു.
എന്റെ കഥ സിനിമയാക്കണമെന്ന നിർബന്ധമൊന്നും എനിക്കുണ്ടായിരുന്നില്ല. ഈ ആവശ്യവുമായി ജയരാജ് എന്നെ സമീപിച്ചപ്പോൾ ഞാൻ അതിനു പൂർണസമ്മതം നൽകുകയായിരുന്നു. ജയരാജിന്റെ സിനിമയിലും സാഹിത്യത്തിലുമുള്ള താത്പര്യം എനിക്ക് അറിയാവുന്നതാണ്. അയാളിലുള്ള വിശ്വാസമാണ് ഈ ഉദ്യമത്തിന് ഇറങ്ങാൻ കാരണമായത് പദ്മനാഭൻ പറഞ്ഞു.
വായിക്കുന്ന ഓരോരുത്തരുടെ ജീവിതത്തിലും സ്വാധീനമുണ്ടാക്കാൻ പോരുന്ന പ്രകാശം പരത്തുന്ന ഒരു വ്യക്തിയുണ്ടാകും. ആ വ്യക്തിയുടെ സ്വാധീനമാണ് എന്നെ സിനിമയാക്കാൻ ആകർഷിച്ചത്. മാത്രവുമല്ല,കഥാകാരന്റെ ജീവിതവുമായി ഈ കഥയ്ക്ക് അടുപ്പമുണ്ട്. അതൊക്കെ പരിഗണിച്ചാണ് സിനിമയാക്കാൻ ശ്രമിച്ചതെന്നു സംവിധായകൻ ജയരാജ് പറഞ്ഞു.
ചിത്രത്തിലെ നായിക മീനാക്ഷി പദ്മനാഭനെ കണ്ട് കാൽതൊട്ട് വന്ദിച്ച് അനുഗ്രഹം വാങ്ങി. ചിത്രത്തിലെ അണിയറ പ്രവർത്തകരും ഒപ്പമുണ്ടായിരുന്നു. എല്ലാവർക്കും പഴപ്രഥമനും നൽകിയാണ് കഥാകാരൻ യാത്രയാക്കിയത്.
കണ്ണൂരിൽ ചിത്രീകരണം തുടങ്ങി
കണ്ണൂർ: മലയാള ചെറുകഥയുടെ രാജശില്പി ടി. പദ്മനാഭന്റെ കഥയായ പ്രകാശം പരത്തുന്ന ഒരു പെൺകുട്ടിയുടെ ചിത്രീകരണം കണ്ണൂരിൽ തുടങ്ങി.കണ്ണൂർ കോട്ട, പുതിയതെരു , പയ്യാമ്പലം എന്നിവിടങ്ങളിലാണ് ചിത്രീകരണം. ഇന്നലെ കണ്ണൂർ കോട്ടയിലായിരുന്നു ചിത്രീകരണം.
അനന്യ ഫിലിംസിന്റെയും വൈ എൻ്റർടെയ്ന്റ്മെന്റ്സിന്റെയും ബാനറിൽ ആൽവിൻ ആന്റണി,മനു പദ്മനാഭൻ നായർ, ബിജു തോരണത്തേൽ, ജയചന്ദ്രൻ കല്ലാടത്ത് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജയരാജ് തന്നെയാണ് തിരക്കഥ ഒരുക്കുന്നത്. ഒപ്പം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ മീനാക്ഷിയാണ് പ്രകാശം പരത്തുന്ന പെൺകുട്ടിയായി അഭിനയിക്കുന്നത്. പുതുമുഖം ആൽവിൻ ആണ് നായകൻ. സംഗീതം രമേശ് നാരായണനും ഛായാഗ്രഹണം നിഖിൽ എസ് പ്രവീണും നിർവഹിക്കുന്നു.
പദ്മനാഭന്റെ കടൽ എന്ന ചെറുകഥ ഷാജി എൻ. കരുൺ ചലച്ചിത്രമാക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും പാതിവഴിയിൽ മുടങ്ങുകയായിരുന്നു. കണ്ണൂരിന്റെ പശ്ചാത്തലത്തിലാണ് കളിയാട്ടം, ശാന്തം തുടങ്ങിയ ചിത്രങ്ങൾ ജയരാജ് സംവിധാനം ചെയ്തത്. പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി ചലച്ചിത്രമാക്കാൻ നിരവധി സംവിധായകർ പദ്മനാഭനെ സമീപിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |