SignIn
Kerala Kaumudi Online
Saturday, 16 October 2021 5.48 PM IST

വമ്പോടെ ചാമ്പ്യൻസ് ലീഗ്

uefa-champians-league

യുവേഫ ചാമ്പ്യൻസ് ലീഗ് ആദ്യ റൗണ്ടിൽ റയൽ മാഡ്രിഡ്, ലിവർപൂൾ,മാഞ്ചസ്റ്റർ സിറ്റി,അയാക്സ്

ക്ളബുകൾക്ക് വിജയം

പാരീസ് എസ്.ജിക്കും അത്‌ലറ്റിക്കോ മാഡ്രിഡിനും സമനില

ഇറ്റാലിയൻ ക്ളബുകളായ ഇന്റർ മിലാനും എ.സി മിലാനും തോൽവി

യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബാൾ പുതിയ സീസണിലെ ആദ്യ മത്സരത്തിൽ പ്രമുഖ ക്ലബ്ബുകളായ റയൽ മാഡ്രിഡ്, ലിവർപൂൾ, മാഞ്ചസ്റ്റർ സിറ്റി,അയാക്സ് തുടങ്ങിയവർ ജയിച്ചുകയറിയപ്പോൾ കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളായ ഫ്രഞ്ചുക്ളബ് പാരീസ് എസ്.ജിക്ക് ഗ്രൂപ്പ് പോരാട്ടത്തിലെ ആദ്യ മത്സരത്തിൽ ബെൽജിയത്തിൽ നിന്നുള്ള ക്ലബ് ബ്രൂഗയോട് സമനിലയിൽ പിരിയേണ്ടിവന്നു. ഇറ്റാലിയൻ ലീഗിൽ മികച്ച പ്രകടനം നടത്തിയിരുന്ന ഇന്റർ മിലാനും എ.സി മിലാനും യൂറോപ്യൻ ലീഗിലെ ആദ്യ മത്സരത്തിൽ തോൽവിയുടെ രുചി അറിയുകയും ചെയ്തു.

മെസി ഇറങ്ങിയിട്ടും പാരീസിന് സമനില

സൂപ്പർതാരം ലയണൽ മെസിയെ കളത്തിലെത്തിച്ച് ആദ്യ പോരിനിറങ്ങിയ ഫ്രഞ്ച് വമ്പൻമാരായ പി.എസ്.ജിയെ ഞെട്ടിച്ചുകൊണ്ടാണ് താരതമ്യേന ദുർബലരായ ക്ലബ് ബ്രൂഗ സമനില പിടിച്ചെടുത്തത്. .

ക്ലബ് ബ്രൂഗയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ഓരോ ഗോൾ വീതമടിച്ചാണ് പി.എസ്.ജിയും ആതിഥേയരും സമനിലയിൽ പിരിഞ്ഞത്. മധ്യനിര താരം ആൻഡർ ഹെരേര 15–ാം മിനിട്ടിൽ നേടിയ ഗോളിൽ പി.എസ്.ജിയാണ് മത്സരത്തിൽ ലീഡെടുത്തത്. കിലിയൻ എംബാപ്പെയുടെ പാസിൽ നിന്നായിരുന്നു ഹെരേരയുടെ ഗോൾ. എന്നാൽ, 27–ാം മിനിട്ടിൽ ഹാൻസ് വനകേനിലൂടെ ബ്രൂഗ സമനില പിടിച്ചു. പിന്നീട് ഗോൾ നേടാനുള്ള പി.എസ്.ജിയുടെ ശ്രമങ്ങളെ ചെറുത്തുനിന്ന് ക്ലബ് ബ്രൂഗ വിജയത്തോളം പോന്ന സമനില സ്വന്തമാക്കി. മത്സരത്തിൽ മെസിയും നെയ്മറും എംബാപ്പെയുമൊക്കെ പി.എസ്.ജി നിരയിലുണ്ടായിരുന്നെങ്കിലും ആ മികവ് പുറത്തെടുക്കാൻ ഫ്രഞ്ച് ക്ളബിന് കഴിഞ്ഞില്ല. ഇതിനിടെ മെസിയുടെ ഒരു ഗോൾശ്രമം ക്രോസ്ബാറിലിടിച്ച് തെറിക്കുകയും ചെയ്തു. സ്വന്തം പ്രകടനത്തിൽ നിരാശപൂണ്ട മെസി പ്രകോപിതനായി എതിർ താരത്തെ ഫൗൾ ചെയ്തതിന് 72-ാം മിനിട്ടിൽ മഞ്ഞക്കാർഡ് വാങ്ങുകയും ചെയ്തു.

കൂറ്റൻ വിജയവുമായി

മാഞ്ചസ്റ്റർ സിറ്റി

ഗ്രൂപ്പ് എയിലെ മറ്റൊരു മത്സരത്തിൽ ഇംഗ്ലിഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റി കൂറ്റൻ വിജയം കുറിച്ചു. ഒൻപത് ഗോളുകൾ പിറന്ന മത്സരത്തിൽ ജർമനിയിൽനിന്നുള്ള ആർ.ബി ലെയ്പ്സിഗിനെ മൂന്നിനെതിരെ ആറു ഗോളുകൾക്കാണ് സിറ്റി വീഴ്ത്തിയത്. സിറ്റി താരങ്ങളായ നഥാൻ ആകെ (16-ാം മിനിട്ട്), റിയാദ് മെഹ്റെസ് (45+2 – പെനാൽട്ടി), ജാക്ക് ഗ്രീലിഷ് (56), ജാവോ കാൻസലോ (75), ഗബ്രിയേൽ ജെസ്യൂസ് (85) എന്നിവർക്കൊപ്പം നോർഡി മുഖ്യേല 28-ാം മിനിട്ടിൽ സെൽഫ് ഗോസമ്മാനിക്കുകയും ചെയ്തു. ലെയ്പ്സിഗിന്റെ മൂന്നു ഗോളും മുൻ പി.എസ്.ജി താരം കൂടിയായ ക്രിസ്റ്റഫർ എൻഗുനുവാണ് നേടിയത്.42,51,73 മിനിട്ടുകളിലായാണ് എൻഗുനു ഹാട്രിക്ക് നേടിയത്.

തിരിച്ചടിച്ച് ജയിച്ച്

ലിവർപൂൾ

ഗ്രൂപ്പ് ബിയിൽ കരുത്തൻമാരുടെ പോരാട്ടത്തിലാണ് ലിവർപൂൾ എ.സി മിലാനെ തോൽപ്പിച്ചത്. ആദ്യപകുതിയിൽ 1-2ന് പിന്നിൽ നിന്ന ശേഷം തിരിച്ചടിച്ച് രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ചെമ്പട വിജയിച്ചത്. ലിവർപൂളിനായി മുഹമ്മദ് സലാ (48-ാം മിനിട്ട്), യോർദാൻ ഹെൻഡേഴ്സൻ (69) എന്നിവർ ഗോൾ നേടി. സലാ ഒരു പെനാൽട്ടി നഷ്ടമാക്കുകയും ചെയ്തു. ലിവർപൂളിന്റെ ആദ്യ ഗോൾ മിലാൻ താരം ടൊമോറിയുടെ സെൽഫ് ഗോളായിരുന്നു. ഒൻപതാം മിനിട്ടിലാണ് ഈ ഗോൾ പിറന്നത്. എ.സി മിലാനുവേണ്ടി ആന്റെ റെബിച്ച് (42), ബ്രാഹിം ഡയസ് (44) എന്നിവർ സ്കോർ ചെയ്തു.

ഏഴുവർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് എ.സി മിലാൻ ചാമ്പ്യൻസ് ലീഗിൽ തിരിച്ചെത്തിയത്. ഏഴുതവണ യൂറോപ്യൻ ചാമ്പ്യൻമാരായ ചരിത്രത്തിനുടമകളാണ് എ.സി മിലാൻ ക്ളബ്.നാലുവട്ടം റണ്ണേഴ്സ അപ്പായിരുന്നു. 2007ലാണ് അവസാനമായി ജേതാക്കളായത്.

ഗ്രൂപ്പ് ബിയിലെ രണ്ടാം മത്സരത്തിൽ കരുത്തരായ അത്‍ലറ്റിക്കോ മാഡ്രിഡിനെ പോർച്ചുഗലിൽ നിന്നുള്ള എഫ്‍.സി പോർട്ടോ ഗോൾരഹിത സമനിലയിൽ തളച്ചു.അത്‍ലറ്റിക്കോയുടെ തട്ടകത്തിലാണ് മത്സരം നടന്നത്.

ലാസ്റ്റ് മിനിട്ടിൽ

റയൽ ജയം

ഗ്രൂപ്പ് ഡിയിൽ ഗോൾരഹിത സമനിലയിലേക്ക് നീങ്ങിയ മത്സരത്തിന്റെ അവസാന നിമിഷമാണ് ഇന്റർ മിലാനെതിരെ റയൽ മാഡ്രിഡ് വിജയം നേടിയത്. ഏകപക്ഷീയമായ ഒരു ഗോളിനാണ് റയലിന്റെ ജയം. 89–ാം മിനിട്ടിൽ പകരക്കാരൻ താരം റോഡ്രിഗോയാണ് റയലിന്റെ വിജയഗോൾ നേടിയത്. റയൽ ഗോൾ കീപ്പർ തിബോ കുർട്ടോയുടെ തകർപ്പൻ സേവുകളും റയലിന് തുണയായി. ലൗട്ടാരോ മാർട്ടിനസ്, എഡിസൻ സെക്കോ എന്നിവരുടെ ഗോൾശ്രമങ്ങൾ കുർട്ടോ രക്ഷപ്പെടുത്തി.

ഇതേ ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ തുർക്കിയിൽനിന്നുള്ള ഷാക്തർ ഡോണെട്സ്കിനെ മോൾഡോവയിൽനിന്നുള്ള എഫ്‍.സി ഷെരിഫ് ടിറാസ്പോൾ അട്ടിമറിച്ചു. ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് ടിറാസ്പോളിന്റെ വിജയം. അഡാമ ട്രാവോർ (16), മോമോ യാൻസാനെ (62) എന്നിവരാണ് ഗോളുകൾ നേടിയത്.

നാലടിച്ച് ഹാളർ

ഗ്രൂപ്പ് സിയിൽ ഡച്ച് ക്ലബ് അയാക്സും ജർമൻ ക്ലബ് ബൊറൂഷ്യ ഡോർട്മുണ്ടും വിജയത്തുടക്കമിട്ടു. അയാക്സ് സ്പോർട്ടിങ്ങിനെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് തോൽപ്പിച്ചു. ഡോർട്മുണ്ട് ബെസിക്ടാസിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കും വീഴ്ത്തി.അയാക്സിന് വേണ്ടി നാലു ഗോളുകളും നേടിയത് ഐവറി കോസ്റ്റുകാരനായ സെബാസ്റ്റ്യൻ ഹാളറാണ്.2,9,51,63 മിനിട്ടുകളിലായിരുന്നു ഹാളറുടെ ഗോളുകൾ.

മത്സരഫലങ്ങൾ

മാഞ്ചസ്റ്റർ സിറ്റി 6-ലെയ്പ്സിഗ് 3

ലിവർപൂൾ 3- എ.സി മിലാൻ 2

റയൽ മാഡ്രിഡ് 1- ഇന്റർമിലാൻ 0

അയാക്സ് 5- സ്പോർട്ടിംഗ് സി.പി 1

പി.എസ്.ജി 1-ക്ളബ് ബ്രൂഗെ 1

അത്‌ലറ്റിക്കോ മാഡ്രിഡ് 0- പോർട്ടോ 0

ഷെരിഫ് 2- ഷാക്തർ 0

ബൊറൂഷ്യ 2- ബെസിക്താസ് 1

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് റൗണ്ട് പോയിന്റ് നില

( ക്ളബ് ,കളി,പോയിന്റ് എന്ന ക്രമത്തിൽ)

ഗ്രൂപ്പ് എ

മാഞ്ചസ്റ്റർ സിറ്റി 1-3

പാരീസ് എസ്.ജി 1-1

ക്ളബ് ബ്രൂഗ 1-1

ലെയ്പ്സിഗ് 1-0

ഗ്രൂപ്പ് ബി

ലിവർപൂൾ 1-3

അത്‌ലറ്റിക്കോ 1-1

പോർട്ടോ 1-1

എ.സി മിലാൻ 1-0

ഗ്രൂപ്പ് സി

അയാക്സ് 1-3

ഡോർട്ട്മുണ്ട് 1-3

ബെസിക്താസ് 1-0

സ്പോർട്ടിംഗ് 1-0

ഗ്രൂപ്പ് ഡി

ഷെരിഫ് 1-3

റയൽ മാഡ്രിഡ് 1-3

ഇന്റർ മിലാൻ 1-0

ഷാക്തർ 1-0

ഗ്രൂപ്പ് ഇ

ബയേൺ 1-3

ബെൻഫിക്ക 1-1

ഡൈനമോ കീവ് 1-1

ബാഴ്സലോണ 1-0

ഗ്രൂപ്പ് എഫ്

യംഗ് ബോയ്സ് 1-3

അറ്റലാന്റ 1-1

വിയ്യാറയൽ 1-1

മാഞ്ച.യുണൈറ്റഡ് 1-0

ഗ്രൂപ്പ് ജി

സാൽസ് ബർഗ് 1-1

സെവിയ്യ 1-1

ലിലെ 1-1

വോൾവ്സ്ബർഗ് 1-1

ഗ്രൂപ്പ് എച്ച്

യുവന്റസ് 1-3

ചെൽസി 1-3

സെനിത്ത് 1-0

മാൽമോ 1-0

ക്രിസ്റ്റ്യാനോയുടെ പന്തടി

കൊണ്ടു,ജഴ്സി കിട്ടി

തന്റെ ഷോട്ട് ദേഹത്തുകൊണ്ടു നിലംപതിച്ച വൊളണ്ടിയർ പെൺകുട്ടിക്ക് സമ്മാനമായി സ്വന്തം ജഴ്സി കൈമാറി മാഞ്ചസ്റ്റർ യുണൈറ്റ‍ഡ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. യുണൈറ്റഡ‍ും യംഗ് ബോയ്സ് മത്സരത്തിനു തൊട്ടുമുൻപാണു സംഭവം.

ഗ്രൗണ്ടിൽ പരിശീലനം നടത്തുകയായിരുന്ന റൊണാൾഡോയുടെ ഒരു ഷോട്ട് കൊണ്ടത് സംഘാടകർ വൊളണ്ടിയറായി നിയോഗിച്ച യുവതിയുടെ ദേഹത്താണ്. ഷോട്ടിന്റെ ശക്തിയിൽ ഗ്രൗണ്ടിൽ വീണുപോയ യുവതി വേദനകൊണ്ടു പുളഞ്ഞതോടെ ക്രിസ്റ്റ്യാനോയും ആശ്വസിപ്പിക്കാൻ ഓടിയെത്തി.

യുണൈറ്റഡ് തോറ്റുപോയ മത്സരത്തിനൊടുവിലാണ് മത്സരത്തിൽ ധരിച്ച ഏഴാം നമ്പർ ജഴ്സി സമ്മാനമായി ക്രിസ്റ്റ്യാനോ നൽകിയത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, SPORTS, UEFA CHAMPIANS LEAGUE
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.