SignIn
Kerala Kaumudi Online
Wednesday, 27 October 2021 10.36 PM IST

ഊരുചുറ്റി കറങ്ങാനും ഉറങ്ങാനും ഇനി കാരവൻ

karavan

കൊച്ചി: ദൈവത്തിന്റെ സ്വന്തം നാട്ടിൽ ഇനി കാരവനുകളുടെ കാലം. കൊവിഡിൽ തകർന്നടിഞ്ഞ വിനോദസഞ്ചാര മേഖലയെ കരകയറ്റാൻ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച നൂതന പദ്ധതിയാണ് കാരവൻ ടൂറിസം.

കായൽപ്പരപ്പിലെ ഹൗസ്ബോട്ട് മാതൃകയിൽ റോഡ്മാർഗം സഞ്ചരിക്കാനും സുരക്ഷിതമായി താമസിക്കാനുമുള്ള സൗകര്യമാണ് ലക്ഷ്യം. അവഗണിക്കപ്പെടുന്ന ഉൾനാടൻ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് വിദേശികളെയും സ്വദേശികളെയും ആകർഷിക്കാനാകുമെന്നതും നേട്ടമാണ്. നാലുപേർക്ക് താമസിക്കാനുള്ള കിടപ്പറയും ഇരിപ്പിടവും ഡൈനിംഗ് ടേബിളും പാചകമുറിയും ടോയ്ലറ്റുമുൾപ്പെടെ എല്ലാ അടിസ്ഥാന സൗകര്യങ്ങളും കാരവനിൽ ഉണ്ടാകും. അടുത്ത ആഴ്ചയോടെ കാരവൻ നയം സംബന്ധിച്ച മാർഗനിർദേശങ്ങൾ സർക്കാർ പുറത്തിറക്കും. അഞ്ചുവർഷം കൊണ്ട് 500 ഗ്രാമീണവിനോദസഞ്ചാര കേന്ദ്രങ്ങളിൽ കാരവൻ ടൂറിസമെത്തിക്കും.

സാഹസിക സഞ്ചാരികളെ ആകർഷിക്കും

കാരവൻ ടൂറിസം പദ്ധതിയെ ട്രാവൽ, ടൂറിസം മേഖല സ്വാഗതം ചെയ്യുന്നുവെന്ന് ഇന്റർസൈറ്റ് ടൂർസ് ആൻഡ് ട്രാവൽസ് മാനേജിംഗ് ഡയറക്‌ടർ എബ്രഹാം വർഗീസ് പറഞ്ഞു. വർഷങ്ങൾക്ക് ശേഷമാണ് സംസ്ഥാനത്ത് പുതിയൊരു ടൂറിസം ഉത്പന്നം പ്രഖ്യാപിക്കുന്നത്.

വാഗമൺ, നെല്ലിയാമ്പതി പോലുള്ള പരിസ്ഥിതിപ്രാധാന്യമുള്ള ടൂറിസം കേന്ദ്രങ്ങളിൽ പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നത് കുറയ്ക്കാൻ കാരവൻ പദ്ധതി സഹായിക്കും. സാഹസികതയും വ്യത്യസ്തയും ഇഷ്ടപ്പെടുന്ന സഞ്ചാരികൾക്ക് കാരവൻ പുതിയ അനുഭവമാകും. യുവാക്കൾ, വിദേശികൾ എന്നിവർ കാരവൻ ടൂറിസത്തെ സ്വീകരിക്കും.

വെല്ലുവിളികൾ

കാരവൻ നിർമ്മാണവും പരിപാലനവും സംബന്ധിച്ച് നിലവിലുള്ള വ്യവസ്ഥകളും ചട്ടങ്ങളും പുതിയ നയത്തിന് അനുകൂലമല്ലെന്ന് അംഗീകൃത കാരവൻ നിർമ്മാതാവായ ബിജു ഓജസ് പറഞ്ഞു. നിലവിൽ ട്രാവലർ മുതൽ ബസ് വരെയുള്ള പാസഞ്ചർ വാഹനങ്ങളിലെ കാരവൻ നിർമ്മാണത്തിനേ അനുമതിയുള്ളു. കേരളത്തിലെ ഉൾനാടുകളിൽ ഇത്തരം വാഹനങ്ങൾ കടന്നുചെല്ലാൻ പര്യാപ്തമായ റോഡുകളില്ല. കേരളത്തിൽ നികുതിഭാരവും കൂടുതലാണ്. കർണാടകയിലും തമിഴ്നാട്ടിലും പ്രതിവർഷ നികുതി 10,000 രൂപയിൽ താഴെയാണ്. കേരളത്തിൽ വലിയ കാരവനുകൾക്ക് 1,60,000 രൂപയാണ് റോഡ് നികുതി.

പദ്ധതിയുടെ നേട്ടങ്ങൾ

  • കൊവിഡ് കാലത്ത് തകർന്നടിഞ്ഞ വിനോദസഞ്ചാരമേഖലയ്ക്ക് പുത്തനുണർവ്.
  • പരിസ്ഥിതി ലോല പ്രദേശങ്ങൾ ഉൾപ്പെടുന്ന വിനോദസഞ്ചാരമേഖലയിൽ പുതിയ കെട്ടിടങ്ങൾ നിർമ്മിക്കേണ്ട.
  • മാനദണ്ഡങ്ങൾ പാലിച്ച് വാഹനം പാർക്കുചെയ്യാൻ അരയേക്കർ സ്ഥലം ഉണ്ടെങ്കിൽ കാരവൻ ടൂറിസത്തിന്റെ ഭാഗമാകാം.
  • കാരവൻ നിർമ്മാണം പരിപാലനം തുടങ്ങിയ മേഖലയിൽ നിരവധി പുതിയ തൊഴിൽ അവസരങ്ങൾ

''തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണവും സഞ്ചാരികളുടെ സുരക്ഷയും ഉറപ്പാക്കിയാകും പദ്ധതിയുടെ നടത്തിപ്പ്"".
പി.എ. മുഹമ്മദ് റിയാസ്, മന്ത്രി

കാരവനിൽ ക്രമീകരിക്കുന്നത്

 സോഫ-കം-ബെഡ്

 ഡൈനിംഗ് ടേബിൾ

 ടോയ്‌ലറ്റ് ക്യുബിക്കിൾ

 ഫ്രിഡ്ജ്, മൈക്രോവേവ് ഒവൻ

 എ.സി., ഇന്റർനെറ്റ്

 ഓഡിയോ, വീഡിയോ, ജി.പി.എസ്., ചാർജിംഗ് സംവിധാനം


കാരവൻ പാ‌ർക്കിന് വേണ്ടത്

 കുറഞ്ഞത് 50 സെന്റ് ഭൂമി

 അഞ്ച് വാഹനങ്ങൾ പാർക്ക് ചെയ്യാനാകണം

 ചുറ്റുമതിലും നിരീക്ഷണ കാമറകളും

 ജലസംഭരണികൾ, വിനോദത്തിനുള്ള ഇടങ്ങൾ

 ഡ്രൈവ് ഇൻ ഏരിയ, വാഹനങ്ങൾ തിരിക്കുന്ന ഇടങ്ങൾ

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: BUSINESS, KARAVAN TOURISM, KERALA TOURISM
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
VIDEOS
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.