SignIn
Kerala Kaumudi Online
Friday, 19 April 2024 4.26 AM IST

വലിയമലയിൽ വഴിയാധാരമാവില്ല , ഐ.എസ്.ആർ.ഒയ്ക്ക് ഭൂമി വിട്ടുകൊടുത്തവർക്ക് നഷ്ടപരിഹാരം

k

നെടുമങ്ങാട്: നീണ്ട കാത്തിരിപ്പിനും കനത്ത പ്രതിഷേധത്തിനും ഒടുവിൽ ഐ.എസ്.ആർ.ഒ വികസനത്തിന് ഭൂമി വിട്ടുകൊടുത്ത വലിയമലയിലെ 191 കുടുംബങ്ങളുടെ ദുരിതത്തിന് അറുതിയാവുന്നു. ഭൂമി വില ഇനത്തിൽ 68.23 കോടി രൂപയുടെ ചെക്ക് ഐ.എസ്.ആർ.ഒ ഡയറക്ടർ നാരായണൻ ജില്ലാ കളക്ടർക്ക് കൈമാറി. ഏറ്റെടുക്കുന്നതിന് നിശ്ചയിച്ച 68 ഏക്കർ ഭൂമിയിൽ നാലേക്കർ നിലമായിരുന്നു ഇത്. കരഭൂമിയായി പരിവർത്തനം ചെയ്താൽ മാത്രമേ ഭൂവുടമകൾക്ക് നഷ്ടപരിഹാരം നൽകൂവെന്ന ഐ.എസ്.ആർ.ഒയുടെ പിടിവാശിയാണ് നടപടികൾ വൈകിച്ചത്.

ആറ് മാസത്തിനകം നഷ്ടപരിഹാരത്തുക നല്കുമെന്ന ഉറപ്പിൽ വിജ്ഞാപനം പുറപ്പെടുവിച്ച് നാല് വർഷം പിന്നിടുമ്പോഴാണ് ഭൂമി ഏറ്റെടുക്കൽ കര തൊടുന്നത്. നോട്ടീസ് ലഭിച്ചത് കാരണം വിളവെടുപ്പിനോ, സ്വന്തം സ്ഥലത്ത് കൃഷി ചെയ്യാനോ ഭൂവുടമകൾക്ക് സാധിച്ചിരുന്നില്ല. വായ്പ എടുത്ത് കൃഷി തുടങ്ങിയവർ ജപ്തി നടപടികളിൽ കുരുങ്ങി. ഭൂമി കൈമാറ്റത്തിനോ വായ്പ എടുക്കാനോ കഴിഞ്ഞിരുന്നില്ല.

തലമുറകൾ അന്ത്യവിശ്രമം കൊള്ളുന്ന മണ്ണിൽ നിന്ന് ഒഴിഞ്ഞ കൈയോടെ ഇറങ്ങിപ്പോകേണ്ടി വരുമോ എന്ന ആധിയിൽ പി.എസ്.എൽ.വി കവാടത്തിൽ അനിശ്ചിതകാല സമരത്തിലായിരുന്നു നാട്ടുകാർ. 113 കോടി രൂപയാണ് നഷ്ടപരിഹാരമായി കളക്ടർ ഐ.എസ്.ആർ.ഒയോടു ആവശ്യപ്പെട്ടിരുന്നത്.

ലാൻഡ് റവന്യു കമ്മീഷണറുടെ റിപ്പോർട്ടിൽ പുനരധിവാസത്തിന് 1.36 കോടി രൂപ സംസ്ഥാന സർക്കാർ അനുവദിച്ചെങ്കിലും ഭൂമി വില കിട്ടാതെ ഒഴിഞ്ഞു പോകില്ലെന്ന ദൃഢനിശ്ചയത്തിലായിരുന്നു നാട്ടുകാർ. ഇതിനിടെ ഭൂമി ഏറ്റെടുക്കലിൽ നിന്ന് ഐ.എസ്.ആർ.ഒ പിന്തിരിയുന്നുവെന്ന കിംവദന്തി പരന്നതും പ്രതിഷേധം വഷളാക്കി.

ഭൂമി വില ഇനത്തിൽ അനുവദിച്ചത് 68.23 കോടി

ഭൂമി വിട്ട് കൊടുത്തത് - 191 കുടുംബങ്ങൾ

സ്ഥലം വിട്ട് കൊടുത്തത് - 2018ൽ

കൂട്ടായ്മയുടെ ഫലം

രേഖകളിൽ നിലം എന്ന് രേഖപ്പെടുത്തിയിരുന്ന നാല് ഏക്കർ കരഭൂമിയായി മാറ്റുന്നതിൽ സ്ഥലം എം.എൽ.എയും മന്ത്രിയുമായ അഡ്വ. ജി.ആർ. അനിലിന്റെ മുൻകൈയിൽ നടന്ന കൂട്ടായ പരിശ്രമമാണ് നാട്ടുകാരുടെ കണ്ണീരിന് ഫലമുണ്ടാക്കിയത്. റവന്യു മന്ത്രി കെ. രാജന്റെ അദ്ധ്യക്ഷതയിൽ ഐ.എസ്.ആർ.ഒ ഡയറക്ടർ, കൺട്രോളർ, സിവിൽ എൻജിനിയർമാർ എന്നിവർ യോഗം ചേർന്നു. കേന്ദ്രസർക്കാരിന്റെ വാല്യുവേഷൻ അനുസരിച്ചാണ് വില നിശ്ചയിച്ചത്. ഗസറ്റ് നോട്ടിഫിക്കേഷനിലൂടെ പ്രഖ്യാപനം നടത്തി. അളവും പാരിസ്ഥിതി ആഘാത പഠനവും പൂർത്തിയാക്കി. ഐ.എസ്.ആർ.ഒ ഉന്നയിച്ച ആശങ്ക പരിഹരിച്ചതോടെ നടപടികൾ വേഗത്തിലായി. സ്ഥലം എം.പി അഡ്വ. അടൂർ പ്രകാശ് വിഷയം രേഖാമൂലം കേന്ദ്രശ്രദ്ധയിൽ കൊണ്ടുവന്നതും ഐ.എസ്.ആർ.ഒയെ ഉണർത്തി.

കുട്ടികളുടെ സങ്കട ഹർജി

ഐ.എസ്.ആർ.ഒയുടെ അനാസ്ഥയിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സ്ഥലവാസികളായ നാല് കുട്ടികൾ പ്രധാനമന്ത്രിക്ക് എഴുതിയ കത്തും ഫലം കണ്ടു. കുട്ടികളുടെ സങ്കട ഹർജി തുടർനടപടികൾക്കായി പ്രധാനമന്ത്രിയുടെ ഓഫീസ് ജില്ലാ കളക്ടർക്കും ഐ.എസ്.ആർ.ഒയ്ക്കും കൈമാറി. അടിയന്തരമായി ഫണ്ട് അനുവദിക്കണമെന്ന് കളക്ടർ ഐ.എസ്.ആർ.ഒ മേധാവിയോട് ആവശ്യപ്പെടുകയും ചെയ്തു. ഇതുസംബന്ധിച്ച് കത്തെഴുത്തിന് നേതൃത്വം നൽകിയ കുമാരി അനശ്വരയ്ക്ക് ജൂലായ് 7 ന് കളക്ടർ രേഖാമൂലം മറുപടിയും നൽകി.


അന്തിമ വിലനിർണയ നടപടികൾ പൂർത്തിയായാലുടൻ തുക വിതരണം ആരംഭിക്കും. സർക്കാർ സാധാരണക്കാർക്കൊപ്പമാണ്. വികസനത്തിനൊപ്പം മനുഷ്യരുടെ അവകാശങ്ങളും സംരക്ഷിക്കും.

മന്ത്രി അഡ്വ. ജി.ആർ. അനിൽ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.