SignIn
Kerala Kaumudi Online
Friday, 19 April 2024 5.05 PM IST

സഹകരണ തട്ടിപ്പ് ഭൂതം കൊല്ലത്തും

image

കണ്ണൂരിലെ കരുവന്നൂർ സഹകരണ ബാങ്കിൽ നിന്ന് തുറന്നുവിട്ട തട്ടിപ്പ് വിവാദം മലപ്പുറം ജില്ലയിലെ എ.ആർ നഗർ കടന്ന് കൊല്ലത്തും എത്തി. മയ്യനാട് കൂട്ടിക്കടയിൽ പ്രവർത്തിക്കുന്ന മയ്യനാട് സർവീസ് സഹകരണ ബാങ്കിനെതിരെ ഗുരുതര സാമ്പത്തികത്തട്ടിപ്പ് പരാതി ഉയർന്നതോടെ സഹകരണത്തട്ടിപ്പ് ഭൂതം കൊല്ലം ജില്ലയിലും പിടിമുറുക്കുമോ എന്ന ആശങ്ക ഉയരുകയാണ്. മറ്റു ചില സഹകരണ ബാങ്കുകളുമായും ബന്ധപ്പെട്ട ഗുരുതര സാമ്പത്തിക ആരോപണ പരാതികൾ ഉയരുന്നുവെങ്കിലും വരുംദിവസങ്ങളിലേ ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്താകുകയുള്ളൂ. ഏതായാലും സഹകരണബാങ്കുകളുമായി ബന്ധപ്പെട്ട ഇടപാടുകാരിലും സഹകാരികളിലും അസ്വസ്ഥത പടരുന്ന സാഹചര്യമാണ് നിലവിലുള്ളത്.

മയ്യനാട് സ‌ർവീസ് സഹകരണ ബാങ്ക് സെക്രട്ടറി ബിനാമികളുടെ പേരിൽ ഒരു കോടിയിലേറെ രൂപ വായ്പയെടുത്ത ശേഷം തിരിച്ചടവ് മുടക്കിയെന്നാരോപിച്ച് സഹകരണമന്ത്രിക്കും രജിസ്ട്രാർക്കും മുന്നിൽ പരാതിയെത്തിയതോടെ വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേത‌‌ൃത്വത്തിൽ ബാങ്കിലേക്ക് പ്രതിഷേധ മാർച്ചും സമരവും അരങ്ങേറുകയാണ്. സി.പി.എമ്മാണ് ബാങ്ക് ഭരിക്കുന്നത്. കഴിഞ്ഞ ദിവസം കോൺഗ്രസ് നേതൃത്വത്തിലും ചൊവ്വാഴ്ച ബി.ജെ.പി, യുവമോർച്ച നേതൃത്വത്തിലും പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. വരും ദിവസങ്ങളിലും പ്രതിഷേധം കനക്കുമെന്ന സൂചനയാണുള്ളത്. ബാങ്കിലെ ക്രമക്കേടുകളുടെ രേഖകളടക്കമുള്ള തെളിവുകളുമായി പാർട്ടി നേതൃത്വത്തിന് ജീവനക്കാർ പരാതി നൽകിയെങ്കിലും ഇതുവരെ കാര്യമായ ഒരു നടപടിയും ഉണ്ടായിട്ടില്ല.

ബാങ്ക് സെക്രട്ടറി രാധാകൃഷ്ണനെതിരെയാണ് മന്ത്രിക്കും സഹകരണ രജിസ്ട്രാർക്കും മുന്നിൽ പരാതി എത്തിയത്. വെറും അഞ്ച് ലക്ഷം രൂപയ്ക്ക് രാധാകൃഷ്ണൻ വാങ്ങിയ ഭൂമി ഭാര്യയുടെ ബന്ധുവായ ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവിന്റെ പേരിലേക്ക് മാറ്റി തട്ടിപ്പ് നടത്തിയെന്നാണ് പരാതി. അഞ്ച് ലക്ഷം രൂപയുടെ ഭൂമി ഈടുവച്ച് 30 ലക്ഷം രൂപ ഭാര്യയുടെയും മരുമകന്റെയും പേരിൽ വായ്പ നൽകുകയായിരുന്നെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഈ വായ്പയുടെ തിരിച്ചടവ് മുടങ്ങിയിരിക്കെ തന്നെ മറ്റു നാല് ബന്ധുക്കളുടെ പേരിൽ 40 ലക്ഷം രൂപ കൂടി ബാങ്കിൽ നിന്ന് വായ്പ നൽകിയത്രേ.

വായ്പാത്തുക,​ സെക്രട്ടറി തന്റെ ബന്ധുവിന്റെ അക്കൗണ്ടിലേക്ക് കൈമാറിയത് 2019 മാർച്ച് 23 നാണ്. അതേദിവസം വൈകിട്ട് തന്നെ ഈ തുക സെക്രട്ടറി സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതിന്റെ തെളിവും പരാതിക്കൊപ്പം സമർപ്പിച്ചിട്ടുണ്ട്. ഈ വായ്പയുടെ തിരിച്ചടവും മുടങ്ങിയിരിക്കുകയാണ്. പലിശയടക്കം വായ്പാ തുക ഒരു കോടിക്ക് മുകളിലേക്ക് ഉയർന്നതോടെയാണ് ജീവനക്കാർ കാര്യം അന്വേഷിച്ചതും തട്ടിപ്പ് പുറത്തായതും.

സി.പി.എം പ്രാദേശിക നേതാവ് കൂടിയായ ബാങ്ക് ജീവനക്കാരന്റെ പിന്തുണയോടെയാണ് സെക്രട്ടറി തട്ടിപ്പ് നടത്തിയതെന്ന് സൂചിപ്പിക്കുന്ന തെളിവുകളും പുറത്തു വന്നിട്ടുണ്ട്. തുടർന്ന് ജീവനക്കാർ സി.പി.എം നേതൃത്വത്തെ പരാതിയുമായി സമീപിച്ചെങ്കിലും ജില്ലാ സെക്രട്ടറിയേറ്റിലെ പ്രമുഖ നേതാവ് ഇടപെട്ട് പാർട്ടി അന്വേഷണം മരവിപ്പിച്ചെന്നും ആരോപണമുണ്ട്. ഇത്രയൊക്കെയായിട്ടും ആരോപണ വിധേയനായ സെക്രട്ടറിയെ മാറ്റാൻ പോലും ബാങ്ക് ഭരണസമിതി തയാറായിട്ടുമില്ല. ഇതോടെയാണ് സഹകരണ മന്ത്രിക്കും രജിസ്ട്രാർക്കും മുന്നിലേക്ക് പരാതിയെത്തിയത്.

വകുപ്പുതല അന്വേഷണം തുടങ്ങി

മയ്യനാട് സർവീസ് സഹകരണബാങ്കിലെ ക്രമക്കേടുകളെക്കുറിച്ച് വ്യാപക പ്രതിഷേധം ഉയർന്നതോടെ സഹകരണവകുപ്പ് ഇടപെട്ട് അന്വേഷണം തുടങ്ങി. ഇതിന്റെ ഭാഗമായി സഹകരണ അസി.രജിസ്ട്രാർ ബാങ്കിലെത്തി പ്രാഥമിക അന്വേഷണം നടത്തി. പ്രതിഷേധം ശക്തമാകുകയും ഇടപാടുകാർ അസ്വസ്ഥരാകുകയും ചെയ്തതോടെ സാമ്പത്തിക ക്രമക്കേട് പുറത്തുകൊണ്ടു വന്നതിനു പിന്നിൽ ബാങ്കിലെ തന്നെ ചില ജീവനക്കാരാണെന്ന് സംശയിച്ച് അവരെ കണ്ടെത്താൻ ബാങ്ക് ഭരണസമിതി കഴിഞ്ഞദിവസം യോഗം ചേർന്ന് അന്വേഷണ കമ്മിഷനെ നിയമിച്ചു. ഡയറക്ടർ ബോർഡംഗം കൂടിയായ സി.പി.എം ലോക്കൽ സെക്രട്ടറി ഉൾപ്പെടെ ഭരണസമിതിയിലെ അഞ്ചുപേരാണ് കമ്മിഷനിലുള്ളത്. സി.പി.എം ഏരിയ കമ്മിറ്റിയും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ക്രമക്കേടുകളെക്കുറിച്ച് സഹകരണവകുപ്പ് ജില്ലാ അധികൃതർക്ക് നേരത്തെ രേഖാമൂലം പരാതി നൽകിയിരുന്നെങ്കിലും ഒരന്വേഷണവും ഉണ്ടായില്ല. ബാങ്ക് കൂടി ഉൾപ്പെട്ട കൺസോർഷ്യത്തിന്റെ പേരിൽ ആരംഭിക്കുന്ന വൻ മുതൽമുടക്കുള്ള സംരംഭത്തിന് ബാങ്കിൽനിന്ന് വൻതുക മുടക്കിയതിന്റെ വിവരവും പുറത്തു വന്നിട്ടുണ്ട്.

കേന്ദ്ര ഏജൻസികൾ അന്വേഷിക്കണം : കോൺഗ്രസ്

മയ്യനാട് കൂട്ടിക്കട ആസ്ഥാനമായി പ്രവർത്തിക്കുന്ന മയ്യനാട് സർവീസ് സഹകരണ ബാങ്കിൽ നടന്ന ക്രമക്കേടുകളെക്കുറിച്ച് ഇ.ഡി. അടക്കമുള്ള കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് കോൺഗ്രസ് മയ്യനാട് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ബാങ്കിൽ നടന്ന വായ്പ, ചിട്ടി തട്ടിപ്പുകളെക്കുറിച്ച് സി.പി.എം നേതാക്കൾക്ക് നൽകിയ പരാതി അന്വേഷിച്ചെങ്കിലും പാർട്ടിയിലെ ചില ഉന്നതരുടെ ഇടപെടൽ മൂലം റിപ്പോർട്ട് പൂഴ്ത്തിയെന്നും കോൺഗ്രസ് ആരോപിച്ചു. മയ്യനാട് വലിയവിള സുനാമി ഫ്ലാറ്റിനു പിന്നിൽ കായലിനോട് ചേർന്നുകിടക്കുന്ന 40 സെന്റ് ചതുപ്പുപ്രദേശം ബാങ്കിൽ ഈടുവച്ച് ഒരുകോടി രൂപയോളം തട്ടിയെടുത്തു. സെക്രട്ടറി വാങ്ങിയ വസ്തുവിൽ 20 സെന്റ് വീതം ബന്ധുക്കളുടെ പേരിൽ എഴുതി മാറ്റിയ ശേഷം രണ്ട് വായ്പകളായാണ് ലക്ഷങ്ങൾ വാങ്ങിയതെന്നും നിലവിൽ ഇതിന്റെ ബാദ്ധ്യത ഒരുകോടി കടന്നതായും കോൺഗ്രസ് ആരോപിച്ചു.

ബാങ്കിനെ തകർക്കാനുള്ള ശ്രമമെന്ന്

അതേസമയം മയ്യനാട് സർവീസ് സഹകരണ ബാങ്കിനെതിരായി വസ്തുതാവിരുദ്ധമായ പ്രചാരണമാണ് നടക്കുന്നതെന്നും ബാങ്കിനെ തകർക്കാനുള്ള ബോധപൂർവമായ ശ്രമങ്ങൾ സഹകാരികൾ തിരിച്ചറിയണമെന്നും ബാങ്ക് പ്രസിഡന്റ് എൻ. ശ്രീസുതൻ പറഞ്ഞു. മികച്ച സാമ്പത്തിക അച്ചടക്കം പാലിച്ച് കഴിഞ്ഞ 75 വർഷമായി പ്രവർത്തിക്കുന്ന ബാങ്കിനെ മോശപ്പെടുത്താനുള്ള നീക്കമാണിപ്പോൾ നടക്കുന്നത്. ബാങ്കിനും സെക്രട്ടറിക്കും എതിരെ നടക്കുന്ന ആരോപണങ്ങളിൽ ഒരു കഴമ്പുമില്ല. ബാങ്കിൽ ഗുരുതരമായ ക്രമക്കേട് നടത്തുകയും അന്വേഷണ വിധേയമായി പുറത്താക്കപ്പെടുകയും ചെയ്ത ചിലരുടെ നേതൃത്വത്തിലാണ് ഇത്തരം വാർത്തകൾ പ്രചരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മറ്റു സംഘങ്ങൾക്കെതിരെയും പരാതി

ജില്ലയിൽ ഒട്ടേറെ സഹകരണസംഘങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് പരാതികൾ ലഭിക്കുന്നുണ്ടെന്ന സഹകരണ ജോയിന്റ് രജിസ്ട്രാർ പ്രവീൺദാസിന്റെ വെളിപ്പെടുത്തൽ മറ്റു സഹകരണബാങ്കുകളിലേക്കും അന്വേഷണം വ്യാപിക്കാനുള്ള സാദ്ധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. ശക്തമായ നടപടി എടുക്കുമെന്നാണ് ജോയിന്റ് രജിസ്ട്രാർ പറയുന്നതെങ്കിലും സി.പി.എം നിലപാടിനെ മറികടന്ന് അന്വേഷണം മുന്നോട്ട് പോകുമോ എന്ന ആശങ്ക സഹകാരികൾക്കും ഇടപാടുകാർക്കും ഉണ്ട്. ജില്ലയിലെ ഒരു പ്രധാന പട്ടണത്തിൽ സി.പി.എം നേതൃത്വത്തിൽ കോടികൾ മുതൽമുടക്കിൽ പുരോഗമിക്കുന്ന ഷോപ്പിംഗ് കോംപ്ളക്സ് നിർമ്മാണത്തിനുള്ള ധനസമാഹരണം നടത്തിയിരിക്കുന്നത് ജില്ലയിലെ ഏതാനും സഹകരണ ബാങ്കുകളിൽ നിന്നാണ്. സാധാരണക്കാരും പെൻഷൻ പറ്റിയവരും സഹകാരികളും കൂടുതൽ പലിശ മോഹിച്ചാണ് വിവിധ സഹകരണബാങ്കുകളിൽ നിക്ഷേപം നടത്തുന്നത്. ഈ നിക്ഷേപമാണ് പല സഹകരണ ബാങ്കുകളും ഷോപ്പിംഗ് കോംപ്ളക്സ് നിർമ്മാണത്തിനും റിയൽ എസ്റ്റേറ്റ് ബിസിനസിനുമായി വകമാറ്റുന്നത്. കരുവന്നൂർ, എ.ആർ നഗർ സഹകരണ ബാങ്കുകളിലെ വൻ തട്ടിപ്പ് പുറത്തു വന്നതിനു പിന്നാലെ കൊല്ലം ജില്ലയിലെ മയ്യനാട് സർവീസ് സഹകരണ ബാങ്കിലും ക്രമക്കേടുകൾ നടന്നുവെന്ന വിവരം പുറത്തായതോടെ ജില്ലയിലെ വിവിധ സഹകരണ ബാങ്കുകളിൽ വൻ തുകകൾ നിക്ഷേപിച്ചവർ കടുത്ത ആശങ്കയിലാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KOLLAM DIARY
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.