SignIn
Kerala Kaumudi Online
Tuesday, 23 April 2024 6.10 PM IST

നാവായിക്കുളം 'പറന്നു'യരുമോ, കാത്തിരിക്കാം, പ്രതീക്ഷയോടെ

airport

 അന്താരാഷ്ട്ര വിമാനത്താവളത്തിന് നാവായിക്കുളം പ്രഥമ പരിഗണനയിൽ

കൊല്ലം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവള വികസനത്തിന് സ്ഥലപരിമിതി തടസമായി നിൽക്കെ, രണ്ടാം അന്താരാഷ്ട്ര വിമാനത്താവളമെന്ന ആശയത്തിന് കൊല്ലം- തിരുവനന്തപുരം അതിർത്തി പ്രദേശമായ നാവായിക്കുളം തിരഞ്ഞെടുക്കപ്പെടാൻ സാദ്ധ്യത.

700 ഏക്കറിലാണ് തിരുവനന്തപുരം വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. അന്താരാഷ്ട്ര മാനദണ്ഡങ്ങളോടെയുള്ള വികസനത്തിന് കുറഞ്ഞത് 1500- 2000 ഏക്കറെങ്കിലും ഏറ്റെടുക്കേണ്ടിവരും. ജനസാന്ദ്രത ഏറെയുള്ള പ്രദേശത്ത് ഇത്രയും ഭൂമി ഏറ്റെടുക്കൽ പ്രായോഗികമല്ല. ജനകീയ മേഖലകളിലെ വികസനവും കുഴപ്പത്തിലാവും. ഈ സാഹചര്യത്തിലാണ് രണ്ടാമതൊരു പുതിയ അന്താരാഷ്ട്ര വിമാനത്താവളം എന്ന ചർച്ചയിലേക്ക് അദാനിയും കേന്ദ്രസർക്കാരും എത്തിയത്. നാവായിക്കുളത്തിനു പുറമേ തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട, പാറശാല എന്നിവയും പുതിയ എയർപോർട്ടിനായി പരിഗണിച്ചിരുന്നു.

തിരുവനന്തപുരം നഗരത്തിൽ നിന്നു 45 കിലോമീറ്ററും കൊല്ലം നഗരത്തിൽ നിന്നു 27 കിലോമീറ്ററും മാത്രം ദൈർഘ്യമുള്ള നാവായിക്കുളത്തിനു തന്നെയാവും നറുക്കുവീഴാൻ സാദ്ധ്യത. പ്രഥമ പരിഗണനയും നവായിക്കുളമാണെന്ന് അറിയുന്നു.

തിരുവനന്തപുരം വിമാനത്താവളത്തെ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തെങ്കാശി, ചെങ്കോട്ട ഭാഗത്തുള്ളവർക്ക് നാവായിക്കുളത്തെ പുതിയ എയർപോർട്ട് ആശ്വാസമേകും. കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലകളോടും തെങ്കാശി, ചെങ്കോട്ട തുടങ്ങിയ തമിഴ്നാട് ജില്ലകളോടും അടുത്തു നിൽക്കുന്നതാവും എയർപോർട്ട്.

വ്യാവസായിക വളർച്ച

കൊല്ലം, തിരുവനന്തപുരം ജില്ലകളുടെ വ്യാവസായിക വളർച്ചയ്ക്കു വിമാനത്താവളം കൂടുതൽ സഹായകമാകും. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച കൊല്ലം - മധുര വ്യാവസായിക ഇടനാഴി, വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട വിഴിഞ്ഞം - നാവായിക്കുളം ഗ്രോത്ത് കോറിഡോർ, എം.സി റോഡും എം.സി റോഡിന് സമാന്തരമായി പുതുതായി നിർമ്മിക്കുന്ന ഗ്രീൻഫീൽഡ് ഹൈവേ എന്നിവയും ഒപ്പം ആറുവരിയായി വികസിപ്പിക്കുന്ന എൻ.എച്ച് 66 ഉം ഈ എയർപോർട്ടിന് സമീപത്തുകൂടിയായിരിക്കും കടന്നുപോകുന്നത്. കൂടാതെ കേരള സർക്കാർ പ്രഖ്യാപിച്ച സിൽവർ ലൈൻ ഹൈസ്പീഡ് റെയിൽ കോറിഡോറും എയർപോർട്ടിന് സമീപത്തുകൂടി കടന്നുപോകും.

...........................................

 700 ഏക്കർ: തിരുവനന്തപുരം വിമാനത്താവളത്തിന്റെ വിസ്തൃതി

 1500- 2000 ഏക്കർ: വിസനത്തിന് വേണ്ടിവരുന്ന ഭൂമി

.................................................

നാവായിക്കുളത്തിന്റെ നേട്ടങ്ങൾ

 വർക്കല ബീച്ച്, ലോകത്തിലെ ഏറ്റവും വലിയ പക്ഷിശില്പമായ ജഡായു എക്കോ ടൂറിസം പദ്ധതി എന്നിവ എയർപോർട്ടിന് തൊട്ടടുത്തായി വരും. കൂടുതൽ വിദേശസഞ്ചാരികളെ എയർപോർട്ടിലേക്ക് ആകർഷിക്കാനാവും

 തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളിലേക്ക് ഏറെക്കുറെ ഒരേ ദൂരം ആയതിനാൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തെയാണ് ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള കുറച്ചു ശതമാനം ആളുകൾ ആശ്രയിക്കുന്നത്

 നാവായിക്കുളം എയർപോർട്ട് യാഥാർത്ഥ്യമാകുമ്പോൾ കല്ലമ്പലം, പാരിപ്പള്ളി, ആറ്റിങ്ങൽ, കിളിമാനൂർ, പരവൂർ, വർക്കല തുടങ്ങിയ ടൗണുകളുടെ അതിവേഗത്തിലുള്ള വികസനം സാദ്ധ്യമാകും

 കടൽ പ്രദേശവും വലിയ മലനിരകളും തൊട്ടടുത്ത് ഇല്ലാത്ത നാവായിക്കുളം ലോകത്തെ ഏറ്റവും സുരക്ഷയുള്ള വിമാനത്താവളമാകും

 തിരുവനന്തപുരം മെട്രോയും കൊല്ലം നിയോ മെട്രോയും യഥാർത്ഥ്യമാകുമ്പോൾ തിരുവനന്തപുരം, കൊല്ലം നഗരങ്ങളിൽ നിന്ന് എയർപോർട്ടിലേക്ക് മെട്രോ കണക്റ്റിവിറ്റി ലഭ്യമാക്കാം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, AIRPORT
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.