SignIn
Kerala Kaumudi Online
Tuesday, 23 April 2024 4.30 PM IST

സ്ത്രീകളുടെ പ്രധാനമന്ത്രി

narendra-modi-sobha

പ്രധാനമന്ത്രി നരേന്ദ്രമോദിജിയുടെ ജന്മദിനത്തിൽ സ്ത്രീയെന്ന നിലയിലും സാമൂഹിക പ്രവർത്തകയെന്ന നിലയിലും അദ്ദേഹത്തിന്റെ രാഷ്ട്രീയവും ഭരണപരവുമായ തീരുമാനങ്ങളിലെ സ്ത്രീപക്ഷത്തെക്കുറിച്ച് വ്യക്തമാക്കാനാണ് ആഗ്രഹിക്കുന്നത്. സ്ത്രീപക്ഷം ശരിയായ അർത്ഥത്തിൽ പ്രതിഫലിക്കുന്നതാണ് നരേന്ദ്രമോദിയുടെ നയങ്ങൾ. 'സഹായം ആവശ്യമുള്ള എല്ലാവർക്കും എപ്പോഴും അതു നൽകാൻ സന്നദ്ധനായ സാമൂഹ്യപ്രവർത്തകൻ ' ; അദ്ദേഹത്തെക്കുറിച്ചു പറയാവുന്ന ഒറ്റവരി അതാണ് .

തുല്യതയുടെ മായാത്ത മുദ്രകൾ

നരേന്ദ്രമോദി 2014 ൽ രൂപീകരിച്ച മന്ത്രിസഭ സ്ത്രീശാക്തീകരണത്തിനും സ്ത്രീപങ്കാളിത്തത്തിനുമുള്ള പ്രാധാന്യം തെളിയിച്ചു. ഏഴ് വനിതാമന്ത്രിമാരാണ് ആദ്യ മന്ത്രിസഭയിലുണ്ടായിരുന്നത്. സ്വതന്ത്രഇന്ത്യയുടെ ചരിത്രത്തിൽത്തന്നെ ആദ്യമായിരുന്നു അത്. അതിൽ ആറ് പേർക്കും ക്യാബിനറ്റ് പദവിയുമുണ്ടായിരുന്നു. 2021 ൽ നടന്ന മന്ത്രിസഭാ പുനഃസംഘടനക്ക് ശേഷം 11 സ്ത്രീകൾ മോദി മന്ത്രിസഭയിൽ അംഗങ്ങളായതും അഭിമാനകരം.

2020 സെപ്തംബർ 21ന് ഇന്ത്യയിലെ മാദ്ധ്യമങ്ങളെല്ലാം കുമുദിനി ത്യാഗി, റിതിസിംഗ് എന്നീ സ്ത്രീകളെപ്പറ്റി അതിപ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തു. ലെഫ്‌റ്റനന്റുമാരായ അവർ ഇന്ത്യൻ നാവികസേനയിൽ വിന്യസിക്കപ്പെട്ടതു മുതൽ പുതിയൊരു ചരിത്രത്തിന് കൂടി അവകാശികളായി. നാവികസേനയുടെ പടക്കപ്പലിൽ നിയോഗിതരായ ആദ്യ വനിതാ ഓഫീസർമാരാണ് ഇരുവരും. കരസേനയിൽ വനിതാ ഓഫീസർമാർക്ക് പെർമനന്റ് കമ്മിഷനും കമാൻഡ് പോസ്റ്റിങ്ങും നൽകാനുള്ള തീരുമാനവും ഇതുമായി ചേർത്തു വായിക്കണം. വാചകമടികൾക്കപ്പുറം സ്ത്രീകൾക്ക് തുല്യത ഉറപ്പാക്കുകയാണ് മോദി ഗവൺമെന്റ്. മികച്ച വിദേശകാര്യമന്ത്രിയായിരുന്ന സുഷമസ്വരാജും പ്രതിരോധമന്ത്രിയായിരുന്ന, നിലവിലെ ധനകാര്യമന്ത്രി നിർമ്മലാ സീതാരാമനും അതിന് ഉദാഹരണങ്ങളാണ്.

മുത്തലാഖ് എന്ന അനീതി നിയമം മൂലം നിരോധിച്ചും സ്ത്രീകളുടെ വിവാഹപ്രായം ഉയർത്താനുള്ള ചുവടുകൾ വച്ചും ഭാരതസ്ത്രീയെ അതിനിർണായക പുരോഗതി കൈവരിക്കാൻ മോദി സർക്കാർ പ്രാപ്തമാക്കി. വിവാഹപ്രായം ഉയർത്തുന്നതിലൂടെ സ്‌ത്രീക്ക് ജോലി തിരഞ്ഞെടുക്കാനുള്ള സാവകാശം, സാമ്പത്തിക സ്വയംപര്യാപ്തത നേടാനുള്ള അവസരം എന്നിവയാണ് ഉറപ്പാവുന്നത്. ഇത്തരത്തിൽ സ്വന്തം ഭാവിയെ സ്വയം രൂപീകരിക്കാനുള്ള അവസരം സ്‌ത്രീക്ക് നൽകുന്നതിലൂടെ സാക്ഷാത്‌കരിക്കപ്പെടുന്നത് യഥാർത്ഥവും പ്രയോഗികവുമായ സ്ത്രീസ്വാതന്ത്യമല്ലാതെ മറ്റെന്താണ് ?

സ്വച്ഛ്ഭാരത് മിഷൻ പദ്ധതി, ഇന്ത്യയുടെ ഗ്രാമീണ ജീവിതത്തിൽ സർക്കാർ നടപടികൾക്ക് എത്രത്തോളം നേരിട്ട് ഇറങ്ങിച്ചെല്ലാൻ കഴിയുമെന്നതിന്റെ തെളിവാണ്. യഥാർത്ഥത്തിൽ ശുചിത്വഭാരത ദൗത്യം ഇന്ത്യയിലെ ഗ്രാമീണ സ്ത്രീകളുടെ അന്തസ് ഉയർത്തുകയായിരുന്നു.

കാലങ്ങളായി വിദ്യാഭ്യാസ അവകാശങ്ങൾക്ക് പുറത്തു നിൽക്കുകയായിരുന്നു ഇന്ത്യയിലെ പെൺകുട്ടികളിൽ വലിയൊരു വിഭാഗം. അങ്ങനെ സ്ത്രീകൾക്ക് സ്വന്തം ജീവിതത്തിന്മേലുള്ള നിയന്ത്രണം നഷ്‌ടമായ ചരിത്രസന്ധിയിലാണ് ഇന്ത്യയിൽ സ്ത്രീജീവിതങ്ങളെ നേരിട്ട് സ്പർശിച്ച, അതിനെ മാറ്റിമറിച്ച, വലിയൊരു സാമൂഹ്യ മുദ്രവാക്യം മോദി സർക്കാർ മുഴക്കിയത്: ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ; പെൺകുട്ടിയെ സംരക്ഷിക്കൂ, പെൺകുട്ടിയെ പഠിപ്പിക്കൂ. ചരിത്രപരമായിരുന്നു ആ പ്രഖ്യാപനം. ഇന്ത്യയൊട്ടാകെ ആ മുദ്രാവാക്യത്തിന്റെ അലയൊലി മുഴങ്ങി. പെൺകുട്ടികളെ സംരക്ഷിക്കണമെന്നും അവളെ പഠിപ്പിക്കണമെന്നുള്ള ആഹ്വാനം അവളുടെ സാമൂഹ്യനിലയെ തിരുത്തിക്കുറിച്ചു. അവളെ പഠിപ്പിക്കുമ്പോൾ കരുത്തും കഴിവുമുള്ള പുതിയൊരു സ്ത്രീസമൂഹം തന്നെയാണ് അടുത്തൊരു തലമുറയായി ഉയർന്ന് വരുന്നത്. സ്വയം രൂപപ്പെടുത്തുന്നതിനൊപ്പം അവർ രാജ്യത്തെയും രൂപപ്പെടുത്തുന്നു. ആ മുദ്രാവാക്യം നിലനില്‌ക്കുന്നിടത്തോളം ഈ പ്രക്രിയ തുടരും. അത്ഭുതകരമായ വിജയവും ഫലവുമാണ് രാജ്യത്ത് ഇപ്പോൾ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ സൃഷ്ടിച്ചിരിക്കുന്നത്.

ലോക്ക്ഡൗൺ കാലയളവിൽ പ്രധാൻമന്ത്രി ഗരീബ്കല്യാൺ യോജനയുടെ ഭാഗമായി ധനമന്ത്രി നിർമല സീതാരാമൻ വൻ സാമ്പത്തിക സമാശ്വാസ പാക്കേജാണ് സ്ത്രീകൾക്കായി പ്രഖ്യാപിച്ചത്.

2013 ലെ രണ്ടാം 'വൈബ്രന്റ് ഗുജറാത്ത് ' പ്രചാരണ പരിപാടിയിൽ പങ്കെടുത്ത് അദ്ദേഹത്തെ കണ്ട് ഇടപഴകാൻ അവസരം ലഭിച്ചതും ഇന്നോളം അദ്ദേഹവുമായി ഊഷ്മളബന്ധം കാത്തുസൂക്ഷിക്കാൻ കഴിയുന്നതും വലിയ ഭാഗ്യമാണ്. രാജ്യത്തിന്റെ ഇവിടുത്തെ സ്‌ത്രീകളുടെയും ഉന്നമനത്തിനുമുള്ള കുതിപ്പിന് കൂടുതൽ ശക്തിപകർന്ന് ഇനിയും മുന്നോട്ടു പോകാൻ പ്രിയപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആരോഗ്യവും സമാധാനവും നിറഞ്ഞ ദീർഘായുസ് ആശംസിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SOBHA SURENDRAN, NARENDRA MODI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.