SignIn
Kerala Kaumudi Online
Tuesday, 16 April 2024 6.00 PM IST

ഇന്ത്യയ്‌ക്ക് കരുതലും കാവലുമായി

modi

സ്വതന്ത്ര ഇന്ത്യയിൽ ജനിച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി എഴുപതിന്റെ നിറവിൽ. ഇന്ത്യയുടെ ആത്മാവിനെ തൊട്ടറിഞ്ഞതാണ് നരേന്ദ്രമോദിയുടെ ജീവിതം. സാധാരണക്കാരുടെ വിശ്വാസമാണ് എഴുപതിലും പതിനേഴിന്റെ ഊർജത്തോടെ അദ്ദേഹത്തെ നയിക്കുന്നത്. കുടുംബവാഴ്ചയും അഴിമതിയും ജനാധിപത്യത്തെ ഛിന്നഭിന്നമാക്കിയപ്പോഴാണ് ദരിദ്രതൊഴിലാളി കുടുംബത്തിൽ ജനിച്ചുവളർന്ന നരേന്ദ്ര ദാമോദർദാസ് മോദിയെ ജനം ഭരണം ഏല്‌പിച്ചത്. രാജ്യസേവനത്തിനായി ഭൗതിക സുഖങ്ങൾ ഉപേക്ഷിച്ച് യോഗിയെ പോലെ ജീവിക്കുന്ന ഈ മനുഷ്യൻ ഏഴുവർഷമായി ജനങ്ങളുടെ വിശ്വാസം കാക്കുന്നു.

ഇന്ത്യയിലെ ഗ്രാമങ്ങളിലൂടെ കാൽനടയായി സഞ്ചരിച്ചും പട്ടിണികിടന്നും സമരം ചെയ്തും ഉയർന്നു വന്ന നേതാവാണ് അദ്ദേഹം. ഗുജറാത്ത് രാഷ്ട്രീയത്തിന്റെ മുഖംമാറ്റിയാണ് മോദി രാജ്യത്തിന്റെ ശ്രദ്ധയാകർഷിച്ചത്. വികസനക്കുതിപ്പിൽ ഗുജറാത്ത് തിളങ്ങിയപ്പോൾ ജനം മൂന്നുതവണ അദ്ദേഹത്തെ അധികാരത്തിലേറ്റി. തീരുമാനമെടുക്കാനുള്ള കഴിവാണ് ഒരു നേതാവിന്റെ ഗുണം. മോദിജിക്ക് ആവോളമുള്ളതും അതുതന്നെ. മോദി ഭരണകാലത്ത് ഗുജറാത്തിൽ ചുവപ്പുനാട ഇല്ലായിരുന്നു.

ഗുജറാത്ത് മോഡൽ രാജ്യത്താകെ വേണമെന്ന തിരിച്ചറിവിലാണ് 2014ൽ റെക്കോഡ് ഭൂരിപക്ഷത്തോടെ നരേന്ദ്രമോദി നയിച്ച ദേശീയ ജനാധിപത്യസഖ്യത്തെ ജനം അധികാരത്തിലേറ്റിയത്. ചെങ്കോട്ടയിലെ ആദ്യപ്രസംഗത്തിൽ അദ്ദേഹം രാജ്യത്തിന്റെ മനംകവർന്നു. ലിംഗ സമത്വത്തെക്കുറിച്ചുള്ള വാക്കുകൾ ലോകം ശ്രദ്ധിച്ചു. വീട്ടിൽ വൈകിയെത്തുന്നത് എന്തെന്ന് പെൺകുട്ടികളോട് മാത്രമല്ല ആൺകുട്ടികളോടും മാതാപിതാക്കൾ ചോദിക്കണമെന്ന നിർദ്ദേശം കൈയടിയോടെയാണ് പെൺകുട്ടികൾ സ്വീകരിച്ചത്. ബേഠി ബചാവോ ബേഠി പഠാവോ എന്ന സന്ദേശം പെൺകുട്ടികളുടെയും സുരക്ഷയ്ക്കും ഉന്നമനത്തിനും നൽകുന്ന കരുതലാണ്. ജനകോടികൾക്ക് പിതൃതുല്യനാണ് മോദിജി.

നിരത്തുകൾ ചൂലെടുത്ത് തൂത്ത് ശുചിത്വസന്ദേശം നൽകിയ പ്രധാനമന്ത്രിയാണ് അദ്ദേഹം. രാഷ്ട്രപിതാവിനുള്ള ഏറ്റവും വലിയ ആദരവായിരുന്നു മോദിജിയുടെ സ്വഛ് ഭാരത് അഭിയാൻ അഥവാ ശുചിത്വ ഭാരത പദ്ധതി. അതിൽ നിരവധി സംസ്ഥാനങ്ങൾ വെളിയിട വിസർജന മുക്തമായി. 2014 ൽ രാജ്യത്ത് 38 ശതമാനമായിരുന്ന ശുചീകരണ പ്രക്രിയ 2019 ൽ 99 ശതമാനമായി.

എല്ലാവരെയും ഉൾക്കൊള്ളുന്ന മോദി ഭരണത്തിൽ ശുചീകരണത്തൊഴിലാളി മുതൽ വൻ കമ്പനി ഉടമ വരെ ഉൾപ്പെടുന്നു. സബ് കാ സാത് , സബ് കാ വികാസ്, സബ് കാ വിശ്വാസ് എന്നാണ് അദ്ദേഹത്തിന്റെ സന്ദേശം.

ദുർബലരുടെ ഉന്നമനം എന്ന ദീൻദയാൽ ഉപാദ്ധ്യായയുടെ ' അന്ത്യോദയ ' സങ്കല്‌പത്തിൽ അധിഷ്ഠിതമായിരിക്കണം ഭരണമെന്ന് മോദിജിക്ക് നിർബന്ധമുണ്ട്. ഏറ്റവും താഴേ തട്ടിൽ ജനിച്ച അദ്ദേഹത്തിന് അദ്ധ്വാനിക്കുന്നവന്റെ കണ്ണീരിന്റെ വില അറിയാം. രാജ്യത്ത് പട്ടിണിപ്പാവങ്ങൾ ഉണ്ടാവരുതെന്ന സ്വപ്നത്തിൽ നിന്നാണ് ഗരീബ് കല്യാൺ അഥവാ ദരിദ്രക്ഷേമത്തിന് തുടക്കമായത്. മോദി സർക്കാരിന്റെ അന്ത്യോദയ അന്നയോജന ദാരിദ്യ നിർമ്മാർജ്ജനത്തിൽ നാഴികക്കല്ലാണ്.

അത്താഴപ്പട്ടിണിക്കാർക്കും ബാങ്ക് അക്കൗണ്ട് വേണമെന്ന് നരേന്ദ്രമോദി പറഞ്ഞപ്പോൾ പല ബുദ്ധിജീവികളും പരിഹസിച്ചു. ദരിദ്രരെ മുൻനിരയിൽ എത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു പ്രധാൻമന്ത്രി ജൻ ധൻ യോജന. എല്ലാ കുടുംബങ്ങൾക്കും ബാങ്ക് അക്കൗണ്ട്, അതിൽ സ്ത്രീകൾക്ക് മുൻഗണന എന്നത് വിപ്ലവകരമായ ചുവടുവയ്‌പായിരുന്നു. 2014 - 17 ൽ ലോകത്താകെ തുറന്ന ബാങ്ക് അക്കൗണ്ടുകളിൽ 55 ശതമാനം ഇന്ത്യയിലായിരുന്നു. 35 കോടി ജൻ ധൻ അക്കൗണ്ടുകളിലൂടെ സർക്കാർ പദ്ധതികളിൽ നിന്നുള്ള പണം ഇടനിലക്കാരില്ലാതെ ജനങ്ങളിൽ എത്തുന്നു. കള്ളപ്പണക്കാരെ പിടികൂടുമെന്ന പ്രഖ്യാപനവും മോദിജി യാഥാർത്ഥ്യമാക്കി.

സ്വതന്ത്ര ഇന്ത്യയിൽ ഒരു പ്രധാനമന്ത്രി നടപ്പാക്കിയ ഏറ്റവും ജനകീയമായ പദ്ധതിയാണ് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള അഞ്ചുകോടി ജനങ്ങൾക്ക് സൗജന്യ പാചകവാതക കണക്‌ഷൻ നൽകുന്ന ഉജ്ജ്വല യോജന. ശുദ്ധമായ ഇന്ധനം,മെച്ചപ്പെട്ട ജീവിതം, മഹിളകൾക്ക് അന്തസ് എന്നാണ് ഉജ്വലയോജന അവതരിപ്പിച്ച് മോദിജി പറഞ്ഞത്.

കൊവിഡ് മഹാമാരിയിൽ ലോകത്തെ ഏറ്റവും വലിയ ആരോഗ്യപദ്ധതി നടപ്പാക്കിയത് നരേന്ദ്രമോദിയെന്ന പ്രധാനമന്ത്രിയുടെ ദീർഘവീക്ഷണമാണ്. ആയുഷ്‌മാൻ ഭാരത് പദ്ധതിയിൽ പോയവർഷം ദരിദ്രരായ ഒരു കോടി രോഗികൾക്കാണ് ചികിത്സ നൽകിയത്. 50 കോടി ജനങ്ങൾക്ക് അഞ്ച് ലക്ഷം രൂപയുടെ സൗജന്യആരോഗ്യ ഇൻഷുറൻസ് എന്ന ലക്ഷ്യത്തിലേക്ക് കുതിക്കുകയാണ്. എല്ലാവർക്കും ഭവനം, ഗ്രാമീണ വൈദ്യുതീകരണം, കുടിവെള്ളം, റോഡ് വികസനം എന്നിങ്ങനെ സമസ്ത മേഖലകളിലും പ്രധാനമന്ത്രിയുടെ നോട്ടമെത്തുന്നു.

മഹാമാരിയിൽ ലോകം പകച്ചുനിന്നപ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി ജനങ്ങളോട് പറഞ്ഞു, 'സ്വാശ്രയത്വം ശീലിക്കുക.' ആത്മനിർഭർ ഭാരത് എന്ന സങ്കല്‌പം ധൈഷണികനായ ഒരു നേതാവിനേ പറയാനാകൂ. ഇന്ത്യയുടെ ചിന്ത തദ്ദേശീയ ഉത്‌പന്നങ്ങൾക്ക് വേണ്ടിയാവണം (മേക്ക് ഇൻ ഇന്ത്യ) എന്ന് പ്രധാനമന്ത്രി പറയുമ്പോൾ അത് വരുംതലമുറയ്ക്കുള്ള കരുതലാണ്.

ഭീകരവാദത്തിൽ വൻശക്തികൾ അടിയറവ് പറയുമ്പോൾ നരേന്ദ്രമോദിയുടെ കൈകളിൽ ഇന്ത്യ ഭദ്രമാണ്. രാജ്യത്തെ നോവിച്ച ശത്രുവിന് അവരുടെ പാളയത്തിൽ ചെന്ന് മറുപടി കൊടുത്ത നേതാവാണ് അദ്ദേഹം. നരേന്ദ്രമോദിയുടെ മന്ത്രിസഭയിൽ അംഗമാകാൻ കഴിഞ്ഞത് അഭിമാനമാണ്. അദ്ദേഹവുമായുള്ള ഓരോ കൂടിക്കാഴ്ചയും നൽകുന്ന ഊർജം വളരെ വലുതും. ആയിരം പൂർണചന്ദ്രൻമാരെ കണ്ടും രാജ്യത്തെ അഭിമാനത്തോടെ നയിക്കാൻ അദ്ദേഹത്തിനാവട്ടെ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: V MURALEEDHARAN, MODI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.