SignIn
Kerala Kaumudi Online
Thursday, 25 April 2024 1.41 AM IST

ഹണിട്രാപ്പ് അന്വേഷണം ആർക്ക് കെണിയാകും?​

honey

തിരുവനന്തപുരം: പൊലീസുകാരെ ഹണി ട്രാപ്പിൽപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച സംഭവം സേനയ്ക്കാകെ അപമാനമായിരിക്കെ, ഇപ്പോൾ നടന്നുവരുന്ന പൊലീസ് അന്വേഷണം ആർക്ക് കെണിയാകുമെന്നത് കണ്ടുതന്നെ അറിയണം.

തേൻകെണിയിൽപ്പെട്ട എസ്.ഐയുടെ പരാതിപ്രകാരമാണ് അന്വേഷണം പുരോഗമിക്കുന്നതെങ്കിലും സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണസംഘത്തിന് ലഭിച്ച തെളിവുകളിൽ പലതും എസ്.ഐയ്ക്ക് പാരയാകുമെന്നാണ് അറിയുന്നത്. യുവതി ബ്ളാക്ക് മെയിൽ ചെയ്ത് പണം തട്ടിയെന്നും തന്റെയും കുടുംബത്തിന്റെയും സ്വൈര ജീവിതത്തിന് ഭീഷണിയാണെന്നും ചൂണ്ടിക്കാട്ടിയാണ് എസ്.ഐ ഏതാനും ദിവസം മുമ്പ് പാങ്ങോട് പൊലീസിൽ പരാതി നൽകിയത്.

എസ്.ഐയുടെ കൈയിൽ

ആവശ്യമായ തെളിവില്ലെന്ന് !

പാങ്ങോട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായ നെയ്യാറ്റിൻകര ഡിവൈ.എസ്.പി അനിൽകുമാർ കഴിഞ്ഞദിവസം മൊഴി രേഖപ്പെടുത്താനായി പരാതിക്കാരനായ എസ്.ഐയെ വിളിപ്പിച്ചപ്പോഴാണ് പരാതിയിൽ പറഞ്ഞിരിക്കുന്ന പല സംഭവങ്ങളും ശരിയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് ബോദ്ധ്യപ്പെടാൻ ആവശ്യമായ തെളിവുകൾ ഇല്ലെന്ന വസ്തുത വെളിപ്പെട്ടത്. പരാതിക്കാരനായ എസ്.ഐയോടും ഭാര്യയോടുമുള്ള യുവതിയുടെ സംഭാഷണവും സേനയിലെ ചില ഓഫീസർമാരെ ബ്ളാക്ക് മെയിൽ ചെയ്യും വിധമുള്ള യുവതിയുടെ ഫോൺ സംഭാഷണങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കെ ഇവപോലും തെളിവായി സമർപ്പിക്കാൻ എസ്.ഐയുടെ കൈവശമുണ്ടായിരുന്നില്ല. ഫോണിൽ നിന്ന് ഇവയെല്ലാം ഡിലിറ്റ് ചെയ്ത് കളഞ്ഞതായാണ് എസ്.ഐ ഇതിന് നൽകുന്ന വിശദീകരണം. എസ്.ഐയെ ഫോണിൽ വിളിച്ചതായും ഇത്തരം ബ്ളാക്ക് മെയിൽ സംഭാഷണങ്ങളും ഭീഷണികളും മുഴക്കിയതായും പറയപ്പെടുമ്പോഴും എസ്.ഐയുടെ ഫോണിൽ നിന്ന് തെളിവുകൾ ശേഖരിക്കാൻ അന്വേഷണസംഘത്തിനായിട്ടില്ല. അതേസമയം, സംസ്ഥാന പൊലീസിലെ ഐ.പി.എസ് ഉദ്യോഗസ്ഥരിൽ ചിലരെകൂടി കെണിയിൽപ്പെടുത്തി ബ്ളാക്ക് മെയിൽ ചെയ്യണമെന്ന് യുവതിയോട് ആവശ്യപ്പെടുന്ന എസ്.ഐയുടേതെന്ന് പറയപ്പെടുന്ന ശബ്ദരേഖയും സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. ഇത് എസ്.ഐയുടെ ശബ്ദമാണെന്ന് തെളിയിക്കപ്പെട്ടാൽ കുറ്റകൃത്യം ചെയ്യാൻ ഒരാളെപ്രേരിപ്പിക്കുകയും അതിന് കൂട്ടുനിൽക്കുകയും പ്രതിഫലമായി അപ്രതീക്ഷിതമായ സമ്മാനം നൽകാമെന്ന് വാഗ്ദാനം ചെയ്യുന്നതുമുൾപ്പെടെയുള്ള തെളിവുകൾ എസ്.ഐയ്ക്കും തിരിച്ചടിയാകും. കെ.പി.എസ് ഉദ്യോഗസ്ഥരെ മാത്രം ടാർജറ്റ് ചെയ്യാതെ ഐ.പി എസുകാരെ കൂടി കെണിയിലാക്കാൻ നോക്കണം. വെള്ളമടി‌ച്ച് കഴുത്തൊടിഞ്ഞ് നടക്കുന്നവരെയൊക്കെ തേൻകെണിയിൽപ്പെടുത്താൻ ശ്രമിക്കുന്നതിലും വൻകിടക്കാരെ ലാക്കാക്കിയാൽ അതായിരിക്കും നേട്ടമെന്നാണ് യുവതിയെ എസ്.ഐ ഫോണിലൂടെ ഉപദേശിക്കുന്നുണ്ട്. ഐ.പി.എസുകാരിൽ ചിലർക്ക് പണികെടുത്താൽ താൻ സർവ്വീസിൽ കയറി സി.ഐയായി സ്ഥാനക്കയറ്റം ലഭിച്ചാലുടൻ അതിന് തക്കതായ പ്രതിഫലം സമ്മാനമായി നൽകുമെന്നാണ് യുവതിക്ക് നൽകുന്ന വാഗ്ദനം. ഇത് തന്റെ ശബ്ദമല്ലെന്ന് എസ്.ഐ സഹപ്രവർത്തകരിൽ ചിലരോട് വെളിപ്പെടുത്തിയിട്ടുണ്ടെങ്കിലും അത് കണ്ണടച്ച് വിശ്വസിക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ തയ്യാറല്ല. തുമ്പ പൊലീസ് സ്റ്റേഷനിൽ ജോലിനോക്കവേ യുവതിയുടെ പരാതിയിൽ എസ്.ഐ സസ്പെൻഷനിലായതിന്റെ വിരോധം തീർക്കാനാണ് ഐ.പി.എസുകാരെകൂടി വലയിലാക്കാൻ പ്രേരിപ്പിക്കുന്നത്.

സൈബർ ഡോമും ഹൈടെക്ക്

സെല്ലും അന്വേഷണം തുടങ്ങി

എസ്.ഐയുടെ പരാതിയിൽ പണം ഇടപാടുമായി ബന്ധപ്പെട്ട് ബന്ധുവിനെ പൊലീസ് ഇന്ന് ചോദ്യം ചെയ്യാനിരിക്കെ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന ശബ്ദരേഖകളെപ്പറ്റി

എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിൽ സൈബർ ഡോമും ഹൈടെക്ക് സെല്ലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പുതിയ ബാച്ചിലെ എസ്.ഐമാർ അടക്കം സംസ്ഥാനത്തെ നിരവധി പൊലീസ് ഉദ്യോഗസ്ഥരാണ് യുവതിയുടെ കെണിയിൽ പ്പെടിരിക്കുന്നത്. ആലപ്പുഴയിലെ ഒരു എസ്.ഐക്ക് ആറ് ലക്ഷം രൂപയാണ് തട്ടിപ്പിലൂടെ നഷ്ടമായത്.

സമൂഹമാദ്ധ്യമങ്ങളിലൂടെ പരിചയപ്പെട്ട ശേഷമാണ് യുവതി പൊലീസുകാരെ തട്ടിപ്പിന് ഇരയാക്കിയത്. പരിചയപ്പെടുന്നവരുമായി ലൈംഗിക ബന്ധത്തിലേർപ്പെടാൻ യുവതിയാണ് മുൻകൈയ്യെടുത്തിരുന്നത്. പിന്നീട് ഗർഭിണിയാണെന്ന് ഇരകളെ അറിയിക്കുകയും ഗർഭഛിദ്രം നടത്താൻ പണം ആവശ്യപ്പെടുന്നതുമാണ് രീതി.

ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തിയോ പൊലീസുകാരുടെ താമസ സ്ഥലങ്ങളിലോ ഹോട്ടലിലോ വച്ചാണ് ശരീരം പങ്കിട്ടിരുന്നത്. ഗർഭിണിയാണെന്ന് അറിയിച്ച ശേഷം പ്രശ്നം ഒതുക്കി തീർക്കാൻ പണം ആവശ്യപ്പെടും. കുരുക്കിപ്പെട്ട പൊലീസുകാരിൽ നിന്ന് പതിനായിരങ്ങളും ലക്ഷങ്ങളുമാണ് യുവതി തട്ടിയെടുത്തിരുന്നത്. കുടുംബ ജീവിതം തകരുമെന്ന ഭീതികൊണ്ട് ആരും പരാതിപ്പെടാൻ തയ്യാറായിരുന്നില്ല. പരിചയപ്പെടുന്നവരിൽ നിന്ന് മറ്റുള്ളവരിലേക്ക് ബന്ധം വ്യാപിപ്പിക്കുന്നതായിരുന്നു യുവതിയുടെ രീതി.നേരത്തെ ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥനെതിരെ ഹണിട്രാപ്പ് ആരോപണം ഉയർന്നതിനെത്തുടർന്ന് അപരിചിതരുമായി ബന്ധം സ്ഥാപിക്കരുതെന്ന് നിർദ്ദേശം ഉണ്ടായിരുന്നു. എന്നാൽ, ഡിവൈ.എസ്.പി റാങ്ക് വരെയുള്ള ഉദ്യോഗസ്ഥർ വരെ യുവതിയുടെ കെണിയിൽ അകപ്പെട്ടിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഇതുകൂടാതെ എ.ഡി.ജി.പി റാങ്കിലും ഐ.ജി റാങ്കിലുമുള്ള രണ്ട് ഉദ്യോഗസ്ഥരും ഇരകളായെന്നും സൂചനകളുണ്ട്.

പൊലീസിനാകെ

നാണക്കേട് !!

ചില പൊലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ സ്വകാര്യ ചാറ്റ് ഉപയോഗിച്ചാണ് മറ്റ് ഉദ്യോഗസ്ഥരുമായി യുവതി ബന്ധം സ്ഥാപിച്ചത്. യുവതിയുടെ പക്കലുള്ള വിവരങ്ങൾ പുറത്ത് വരുമോയെന്ന ഭയം കാരണം ഇന്റലിജൻസ് റിപ്പോർട്ട് വന്നിട്ടും പൊലീസുകാർ പരാതിപ്പെടുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. വിഷയം ഗൗരവമുള്ളതായതിനാൽ പ്രശ്നപരിഹാരം ശ്രമകരമായിരിക്കും.

ഇത് ആദ്യമായിട്ടല്ല പൊലീസ് ഹണി ട്രാപ്പിൽ പെടുന്നത്. കഴിഞ്ഞ വർഷം കെണിയിൽ അകപ്പെട്ട പൊലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത സംഭവവും സേനയിൽ പാട്ടാണ്. തിരുവനന്തപുരത്ത് താമസമാക്കിയ കൊല്ലം അഞ്ചൽ സ്വദേശിനിയാണ് പൊലീസുകാരനെ കുടുക്കിയത്.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ഒരു നഴ്സും മറ്റൊരു യുവാവും യുവതിക്ക് സഹായം ചെയ്തു നൽകിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. യുവതി ഗർഭിണിയാണെന്ന റിപ്പോർട്ട് സംഘടിപ്പിച്ച് നൽകിയത് നഴ്സാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. നഴ്സ് നൽകിയ റിപ്പോർട്ടാണ് യുവതി പ്രധാന ആയുധമാക്കിയത്. റിപ്പോർട്ട് കാണിച്ചുള്ള ഭീഷണിക്ക് മുന്നിൽ പൊലീസുകാർ അടിപതറുകയായിരുന്നു. തിരുവനന്തപുരത്തെ ഒരു പൊലീസ് ഉദ്യോഗസ്ഥനെതിരെ യുവതി ലൈംഗിക പീഡന പരാതി നൽകിയിരുന്നതായും ഇതേത്തുടർന്ന് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തതായും റിപ്പോർട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, HONEYTRAP
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.