SignIn
Kerala Kaumudi Online
Friday, 19 April 2024 3.55 PM IST

കേരളത്തിന്റെ മൊബൈൽ വിളിക്ക് 25 വർഷം

key-pad-mobile-phone

തിരുവനന്തപുരം: കേരളക്കരയിൽ മൊബൈൽ ഫോൺ ഉപയോഗം തുടങ്ങിയിട്ട് കാൽനൂറ്റാണ്ട് തികഞ്ഞു. 1996 സെപ്തംബർ 17ന് കൊച്ചിയിലെ ഹോട്ടൽ അവന്യു റീജന്റിലിരുന്ന് വിശ്വസാഹിത്യകാരൻ തകഴി ശിവശങ്കരപ്പിള്ള 'നോക്കിയ' ഹാൻഡ്സെറ്റിൽ കൊച്ചിയിലെ ദക്ഷിണമേഖലാ നാവികസേനാ മേധാവി വൈസ് അഡ്മിറൽ എ.ആർ.ടാൻഡനോട് സംസാരിച്ചായിരുന്നു തുടക്കം.

ചരിത്രത്തിൽ ഇടംപിടിച്ച ആ ഫോൺ വിളിക്ക് എഴുത്തുകാരി മാധവിക്കുട്ടിയും സാക്ഷിയായി. സേവനദാതാവായ എസ്കോട്ടെലാകട്ടെ സംസാരത്തിനിടെ റേഞ്ച് നഷ്ടപ്പെടാതെ കാത്തു. അന്ന് ഒരു മൊബൈൽ ഫോണിന്റെ വില 50,000 രൂപ വരെ. എസ്‌കോട്ടെൽ മൊബൈൽ സേവനം തുടങ്ങിയപ്പോൾ ഔട്ട്ഗോയിംഗ് കാളുകൾക്ക് മിനിട്ടിന് 16.80 രൂപയായിരുന്നു നിരക്ക്. ഇൻകമിംഗ് കാളുകൾക്ക് 8.40 രൂപ. ഒരു മിനിറ്റ് സംസാരിക്കാൻ 25.20 രൂപയുടെ ചെലവ്.

ആദ്യ മൊബൈൽ ഫോൺ മോട്ടറോള ആണെങ്കിലും വിലക്കുറവുള്ള നോക്കിയയാണ് മാർക്കറ്റ് പിടിച്ചത്. നോക്കിയയുടെ ആദ്യ മോഡൽ 1610ന് കാൽകിലോ​ഗ്രാം ഭാരം. 20,000 രൂപ വില. എസ്.എം.എസ് അയയ്ക്കാൻ കഴിയുമായിരുന്നില്ല. ടോർച്ച് സൗകര്യത്തോടുകൂടിയ നോക്കിയ 1100 ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ടു. വില 9000 രൂപ. 2000ൽ എയർട്ടെൽ കേരളത്തിൽ കളം നിറഞ്ഞു. എല്ലാവർക്കും ഒരേ താരിഫ്.

ബി.എസ്.എൻ.എല്ലിന്റെ വരവ്

 2002ൽ ഇൻകമിംഗ് സൗജന്യവുമായി ബി.എസ്.എൻ.എൽ എത്തി. ഔട്ട്​ഗോയിംഗ് നിരക്ക് 16.80 രൂപയിൽ നിന്ന് 8.40 രൂപയാക്കി. പിന്നാലെ എല്ലാ കമ്പനികളും ഇൻകമിംഗ് സൗജന്യമാക്കി. സേവനദാതാക്കളുടെ എണ്ണവും ഉയർന്നു.

 2010ൽ 3ജിയുമായി ബി.എസ്.എൻ.എൽ എത്തി. ടച്ച് ഫോണുകളും വിപണിയിലെത്തി. സാംസങിന് പിന്നാലെ സോണി എറിക്സൺ, ആപ്പിൾ, വാവേ, എച്ച്.ടി.സി, എൽ.ജി എന്നിവ വന്നു. ആൻഡ്രോയിഡ് പ്ലാറ്റ്ഫോമിലൂടെ സ്മാർട്ട്ഫോണുകളായി പിന്നെ.

2016ലാണ് 4ജി തുടങ്ങിയത്.ഐഡിയയും വോഡഫോണുമാണ് തുടക്കമിട്ടതെങ്കിലും ഒരുവർഷം മുഴുവൻ സൗജന്യ ഡേറ്റ ഓഫറുമായി ജിയോ കളം നിറഞ്ഞു. ബി.എസ്.എൻ.എല്ലിന് ഇപ്പോഴും 4 ജി ഇല്ല.

വർഷം ഒന്നരക്കോടി ഫോൺ

ഇപ്പോൾ പ്രതിവർഷം ഒന്നരക്കോടിയാണ് കേരളത്തിൽ മൊബൈൽ ഫോൺ വില്പന. രാജ്യത്ത് ഏറ്റവും കൂടുതൽ വില്പനയും കേരളത്തിലാണ്. 4.5 കോടി മൊബൈൽ കണക്‌ഷനുകൾ. ഇതിൽ 1.67 കോടി പേർ വോഡഫോൺ-ഐഡിയ ഉപഭോക്താക്കളാണ്, 1.08 കോടി ബി.എസ്.എൻ.എൽ, 1.06 കോടി ജിയോ, 68.38 ലക്ഷം പേർ എയർടെൽ


1973ൽ ലോകത്ത്,

1995ൽ ഇന്ത്യയിൽ

1973-ൽ മോട്ടറോളയിലെ ഡോ: മാർട്ടിൻ കൂപ്പറായിരുന്നു കൈയിൽ കൊണ്ടു നടക്കാവുന്ന മൊബൈൽ ഫോൺ രൂപകല്പന ചെയ്തത്. 1973 ഏപ്രിൽ 3-ന് കൂപ്പർ ആദ്യമായി ഒരു മൊബൈൽ സംഭാഷണം നടത്തി. 2 കിലോഗ്രാം ഭാരമുണ്ടായിരുന്ന ആദ്യ മോഡലിന്റെ വില 3500 ഡോളറായിരുന്നു.

1995 ജൂലായ് 31നായിരുന്നു ഇന്ത്യയിൽ ആദ്യമായി മൊബൈൽ ഫോൺ എത്തിയത്. കേന്ദ്ര വാർത്താവിനിമയ മന്ത്രി സുഖ്‌റാം നോക്കിയ സെറ്റിൽ ബംഗാൾ മുഖ്യമന്ത്രി ജ്യോതി ബസുവിനെ വിളിച്ചായിരുന്നു തുടക്കം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KEY PAD MOBILE PHONE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.