തിരുവനന്തപുരം: പ്രശസ്ത ഭൗതികശാസ്ത്രജ്ഞൻ ഡോ. താണു പദ്മനാഭന്റെ നിര്യാണത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുശോചിച്ചു. 'ലോകമറിയുന്ന ഭൗതികശാസ്ത്ര ഗവേഷകൻ എന്നതിനൊപ്പം അനുഗൃഹീതനായ ശാസ്ത്രപ്രഭാഷകനുമായിരുന്ന ഡോ. താണു പദ്മനാഭന്റെ നിര്യാണം ശാസ്ത്രലോകത്തിന് വലിയ നഷ്ടമാണ്. പ്രപഞ്ചശാസ്ത്രത്തിലും ആസ്ട്രോഫിസിക്സിലും അദ്ദേഹത്തിന്റെ സംഭാവനകൾ എക്കാലവും സ്മരിക്കപ്പെടും'
കേരളം സമ്മാനിച്ച
പ്രതിഭാശാലി: മുഖ്യമന്ത്രി
തിരുവനന്തപുരം: ലോകത്തിന് കേരളം സമ്മാനിച്ച പ്രതിഭാശാലിയായ ഭൗതിക ശാസ്ത്രജ്ഞനാണ് പ്രൊഫ. താണു പദ്മനാഭനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ശാസ്ത്രമേഖലകൾക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് സംസ്ഥാനം നൽകുന്ന ഏറ്റവും വലിയ അംഗീകാരമായ കേരള ശാസ്ത്ര പുരസ്കാരം അദ്ദേഹത്തിന് സമ്മാനിച്ചിരുന്നു. ഭട്നഗർ പുരസ്കാരമുൾപ്പെടെ നിരവധി ബഹുമതികൾ നേടിയ താണു പദ്മനാഭന്റെ വിയോഗം നമ്മുടെ ശാസ്ത്രരംഗത്തിന് വലിയ നഷ്ടമാണ്.
ശാസ്ത്ര ഗവേഷണങ്ങൾക്കായി സ്വയമർപ്പിച്ച ഈ അതുല്യ പ്രതിഭാശാലിയുടെ ജീവിതം ശാസ്ത്രവിദ്യാർത്ഥികൾക്ക് എക്കാലവും പ്രചോദനമായിരിക്കും.
രാജ്യത്തിന് തീരാനഷ്ടം :
വി. മുരളീധരൻ
ന്യൂഡൽഹി : ലോക പ്രശസ്ത ഭൗതികശാസ്ത്ര ഗവേഷകൻ ഡോ. താണു പദ്മനാഭന്റെ നിര്യാണത്തിൽ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ അനുശോചിച്ചു. ഭൗതിക ശാസ്ത്രത്തിലെ സമഗ്ര മേഖലകളിലും അഗാധജ്ഞാനമുള്ള ഡോ. താണു പദ്മനാഭന്റെ വിയോഗം രാജ്യത്തിന് തീരാനഷ്ടമാണ്. ഭൗതിക ശാസ്ത്രമേഖലയിലെ അദ്ദേഹത്തിന്റെ സംഭാവനകൾക്ക് ശാസ്ത്രലോകം എന്നും കടപ്പെട്ടിരിക്കുന്നു. കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്ക് ചേരുന്നുവെന്നും അനുശോചന സന്ദേശത്തിൽ അറിയിച്ചു.
നികത്താനാകാത്ത
നഷ്ടം: വി.ഡി. സതീശൻ
തിരുവനന്തപുരം: ലോകപ്രശസ്ത ശാസ്ത്ര ഗവേഷകനായ താണു പദ്മനാഭന്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അനുശോചിച്ചു. അദ്ദേഹത്തിന്റെ വിയോഗം കേരളത്തിന് നികത്താനാകാത്ത നഷ്ടമാണ്. കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും വിദ്യാർത്ഥികളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും വി.ഡി. സതീശൻ പറഞ്ഞു.
മലയാളികളുടെ അഭിമാനം: കെ.സുരേന്ദ്രൻ
സൈദ്ധാന്തിക ഭൗതികശാസ്ത്രജ്ഞനായ താണു പത്മനാഭൻ മലയാളിയായതിൽ ലോകം മുഴുവനുമുള്ള മലയാളികൾക്ക് അഭിമാനിക്കാമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ അനുസ്മരിച്ചു. രാജ്യത്തിന് തീരാനഷ്ടമാണ് താണു പദ്മനാഭന്റെ വിയോഗം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |