SignIn
Kerala Kaumudi Online
Wednesday, 24 April 2024 5.59 PM IST

അവശ ജനവിഭാഗങ്ങളിൽ അവകാശബോധം ജ്വലിപ്പിച്ച പത്രാധിപർ

pathradhipar-k-sukumaran

കേരളകൗമുദി​ സ്ഥാപക പത്രാധി​പർ കെ. സുകുമാരന്റെ 40-ാമത്
ചരമവാർഷി​കദി​നം ഇന്ന്

...............................................

അക്ഷരങ്ങൾക്ക് ആളിക്കത്താൻ കഴിയുമെന്ന് തെളിയിച്ചയാളാണ് പത്രാധിപർ കെ. സുകുമാരൻ. അദ്ദേഹത്തിന്റെ എഴുത്തുകൾ വായനക്കാരുടെ മസ്തിഷ്കങ്ങളിൽ അവകാശബോധത്തിന്റെ തീക്കാറ്റ് വിതച്ചു. എഴുത്തിന് മാത്രമല്ല അദ്ദേഹത്തിന്റെ പ്രസംഗങ്ങൾക്കും കൊടുങ്കാറ്റിന്റെ ശക്തിയുണ്ടായിരുന്നു. പത്രാധിപർ കെ. സുകുമാരൻ ജനിച്ചില്ലായിരുന്നെങ്കിൽ പിന്നാക്ക ജനവിഭാഗങ്ങളുടെ അവസരങ്ങളും അവകാശങ്ങളും ഇല്ലാതാക്കുന്ന സാമ്പത്തിക സംവരണം അരനൂറ്റാണ്ട് മുൻപേ കേരളത്തിൽ നടപ്പായേനേ. കേരളം രൂപംകൊണ്ടതിന് പിന്നാലെ തന്നെ അധികാര സ്ഥാനങ്ങൾ വീണ്ടും സവർണരുടെ കുത്തകയാക്കാനുള്ള നീക്കത്തെ തകർത്തെറിഞ്ഞത് പത്രാധിപരുടെ കുളത്തൂർ പ്രസംഗമാണ്.

1958 ൽ കുളത്തൂർ ശ്രീനാരായണ വായനശാല അങ്കണത്തിൽ നടന്ന മഹാസമാധി ദിനാചരണത്തിൽ അന്നത്തെ മുഖ്യമന്ത്രി ഇ.എം.എസിനെ വേദയിലിരുത്തിയാണ് സാമ്പത്തിക സംവരണത്തിനെതിരെ പത്രാധിപർ അഗ്നിപുരണ്ട വാക്കുകളാൽ ജ്വലിച്ചത്. സംവരണത്തിലൂടെ പിന്നാക്കക്കാർ എത്തിയതോടെ സർക്കാർ സർവീസിന്റെ കാര്യക്ഷമത നഷ്ടമായെന്ന ഇ.എം.എസ്. നിയോഗിച്ച ഭരണപരിഷ്കാര കമ്മിഷന്റെ കണ്ടെത്തലിനെ ചുട്ടെരിക്കുന്നതായിരുന്നു കുളത്തൂർ പ്രസംഗം.

സംവരണം മുളയിലേ നുള്ളി പിന്നാക്കക്കാരെ വീണ്ടും അടിമകളാക്കുകയായിരുന്നു ഈ റിപ്പോർട്ടിന്റെ ലക്ഷ്യം. ജനാധിപത്യത്തിനുള്ളിലും ചാതുർവർണ്യം ഒളിച്ചുകടത്താനുള്ള ആ നീക്കത്തെ മിനിറ്റുകൾ കൊണ്ടാണ് പത്രാധിപർ പൊളിച്ചടുക്കിയത്. സമീപ വർഷങ്ങൾക്ക് മുൻപുള്ള ആറ് പതിറ്റാണ്ട് കാലത്തിനിടയിൽ സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള ധൈര്യം കേരളത്തിൽ മാറിയെത്തിയ സർക്കാരുകൾക്ക് ഇല്ലാതെ പോയത് പത്രാധിപരുടെ കുളത്തൂർ പ്രസംഗം ഇടിമുഴക്കമായി നിന്നതുകൊണ്ടാണ്. ഇപ്പോൾ ഇവിടെ സാമ്പത്തിക സംവരണം നടപ്പാകുന്നു. ഈ ഘട്ടത്തിൽ പത്രാധിപരുടെ കുളത്തൂർ പ്രസംഗത്തിന്റെ പ്രസക്തി കുറയുകയല്ല. കൂടുതൽ ഉച്ചത്തിൽ വീണ്ടും മുഴങ്ങണമെന്നാണ് കാലം ആവശ്യപ്പെടുന്നത്.

സാമ്പത്തിക സംവരണം നടപ്പാക്കിയതിന് പുറമേ ജാതിസംവരണം പൂർണമായി ഇല്ലാതാക്കാനും ഗൂഢാലോചന നടക്കുന്ന കാലമാണിത്. ഇത്തരം നീക്കങ്ങൾ ഒറ്റപ്പെട്ടതാണെന്ന് കരുതാൻ കഴിയില്ല. പക്ഷെ ഇത്തരം നീക്കങ്ങളെ പ്രതിരോധിക്കാൻ സംഘടിതമായ പരിശ്രമങ്ങൾ ഉണ്ടാകുന്നില്ല. നൂറ്റാണ്ടുകൾ നീണ്ടുനിന്ന അടിച്ചമർത്തലിലൂടെ പിന്നാക്ക ജനവിഭാഗങ്ങൾക്കുണ്ടായ ദുരിതങ്ങൾ ചുരുങ്ങിയ കാലത്തിനുള്ളിൽ പരിഹരിക്കപ്പെട്ടെന്ന വിചിത്രമായ ന്യായം അംഗീകരിക്കാവുന്നതല്ല. സംവരണവിരുദ്ധ നീക്കങ്ങൾക്ക് രഹസ്യ പിന്തുണ നൽകുന്ന അധികാരികൾ ഇവിടുത്തെ പിന്നാക്ക ജനവിഭാഗങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ പരിശോധിക്കാൻ തയ്യാറാകുന്നില്ല. എത്രപേർക്ക് സംവരണത്തിന്റെ ആനുകൂല്യം ലഭിച്ചെന്നും അതിലൂടെ എത്രപേർ മുഖ്യധാരയിലേക്ക് വന്നുവെന്നും പരിശോധിക്കുന്നില്ല. സവർണബോധം വിട്ടൊഴിയാത്ത ചില നേതാക്കൾ മുന്നാക്ക വിഭാഗങ്ങളിലെ വളരെ ചെറിയ വിഭാഗത്തിന്റെ അവശതകൾ പർവതീകരിക്കുകയാണ്. ഇങ്ങനെ മുന്നാക്ക വിഭാഗക്കാരിൽ ആരെങ്കിലും സാമ്പത്തിക പിന്നാക്കാവസ്ഥ അനുഭവിക്കുന്നുണ്ടെങ്കിൽ അത് മറ്റാരും അടിച്ചേല്‌പിച്ചതല്ലെന്ന വസ്തുത അവർ ബോധപൂർവം മറച്ചുവയ്ക്കുന്നു.

ഭവന, ഭൂരഹിതർക്ക് കിടപ്പാടം നൽകാനുള്ള സർക്കാരുകളുടെ വിവിധ പദ്ധതികളുടെ ഗുണഭോക്തൃപട്ടിക പരിശോധിച്ചാൽത്തന്നെ സംവരണം കൊണ്ട് പിന്നാക്ക ജനവിഭാഗങ്ങളുടെ സാമൂഹ്യ, സാമ്പത്തിക, വിദ്യാഭ്യാസ സ്ഥിതികളിൽ എത്രമാത്രം പുരോഗതിയുണ്ടെന്ന് വ്യക്തമാകും. ഇത്തരം ഗുണഭോക്തൃ പട്ടികകളിലെ ബഹുഭൂരിപക്ഷവും ഈഴവ പിന്നാക്ക വിഭാഗങ്ങളിൽ ഉൾപ്പെട്ടവരാണ്. അല്ലെങ്കിൽ കേരളത്തിന്റെ നാട്ടിൻപുറങ്ങളിലും നഗരത്തിന്റെ പ്രാന്തപ്രദേങ്ങളിലും ദയനീയ സാഹചര്യത്തിൽ തിങ്ങിപ്പാർക്കുന്നവരുടെ ജാതി പരിശോധിച്ചാലും മതിയാകും. അതിനൊപ്പം സർക്കാർ ഉദ്യോഗങ്ങളിലെ മുന്നാക്ക, വിഭാഗക്കാരുടെ കണക്കും പരിശോധിക്കണം. ഇതിനൊപ്പം എല്ലാ വിഭാഗങ്ങളെയും ഉൾപ്പെടുത്തിയുള്ള ജാതി സെൻസസ് നടക്കണം. ഇതിന്റെ അടിസ്ഥാനത്തിൽ ജനസംഖ്യാനുപാതികമായി പ്രാതിനിധ്യവും ആനുകൂല്യങ്ങളും പിന്നാക്കക്കാർക്ക് ലഭിച്ചിട്ടുണ്ടോയെന്നും പരിശോധിക്കപ്പെടണം. ഒരു തുണ്ട് ഭൂമിക്കായി ലക്ഷക്കണക്കിന് പിന്നാക്ക വിഭാഗക്കാർ ഇപ്പോഴും അധികാരികളുടെ പിന്നാലെ പായുകയാണ്. ഈ ഘട്ടത്തിൽ പിന്നാക്ക വിഭാഗങ്ങൾക്ക് നിലവിൽ ലഭിച്ചുകൊണ്ടിരുന്ന ആനുകൂല്യങ്ങൾ കൂടി നഷ്ടമാക്കുന്ന തരത്തിൽ സാമ്പത്തിക സംവരണം നടപ്പാക്കുന്നത് അതിക്രൂരമാണ്. 58ൽ പിന്നാക്കക്കാരെ തുരത്താൻ കാര്യക്ഷമതാ വാദം കൊണ്ടുവന്നവർ ഇപ്പോൾ സാമ്പത്തിക സംവരണം നടപ്പാക്കുമ്പോൾ അത് ഉന്നയിക്കാത്തതും വിചിത്രമാണ്.

പത്രാധിപർ കേരളത്തിലെ അവശജനവിഭാഗങ്ങൾക്ക് നൽകിയ സംഭാവനകളെക്കുറിച്ചുള്ള ചർച്ച കുളത്തൂർ പ്രസംഗത്തിൽ മാത്രം ഒതുക്കിനിറുത്തേണ്ടതല്ല. ദീർഘകാലം എസ്.എൻ.ഡി.പി യോഗത്തിന്റെ താക്കോൽ സ്ഥാനങ്ങളിൽ അദ്ദേഹമുണ്ടായിരുന്നു. യോഗത്തിന്റെ പ്രസിഡന്റായും അദ്ദേഹം പ്രവർത്തിച്ചു. 12 വയസ് മാത്രമുള്ളപ്പോൾ നടന്ന യോഗത്തിന്റെ 12-ാം വാർഷിക പൊതുയോഗത്തിലായിരുന്നു പത്രാധിപർ കെ. സുകുമാരന്റെ ആദ്യ പ്രസംഗം. പിന്നീട് അവിചാരിതമായാണ് അദ്ദേഹം കേരളകൗമുദിയുടെ പത്രാധിപരായി മാറിയത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും ബി.എ പാസായ അദ്ദേഹത്തിന് പൊലീസ് കമ്മിഷണർ ഓഫീസിൽ ക്ലർക്കായി ജോലി ലഭിച്ചു. വൈകാതെ സബ് ഇൻസ്പെക്ടറായി സ്ഥാനക്കയറ്റം ലഭിക്കാനുള്ള സാദ്ധ്യതയുണ്ടായിരുന്നു. അതിനുള്ള അപേക്ഷയും സമർപ്പിച്ചു. പക്ഷെ എല്ലാ യോഗ്യതയും ഉണ്ടായിരുന്നിട്ടും ബോധപൂർവം അവഗണിച്ചു. ഇതോടെ ജോലി രാജിവച്ച ശേഷം പിതാവായ സി.വി. കുഞ്ഞുരാമൻ നടത്തിയിരുന്ന കേരളകൗമുദിയിൽ ജോലിയിൽ പ്രവേശിച്ചു. അതൊരു ദൈവനിയോഗമായിരുന്നു. അദ്ദേഹം കേരളകൗമുദിയുടെ പത്രാധിപസ്ഥാനത്തേക്ക് എത്തിയിരുന്നില്ലെങ്കിൽ സംസ്ഥാനത്തെ അധികാര കേന്ദ്രങ്ങളിൽ സവർണ, ന്യൂനപക്ഷ വിഭാഗങ്ങളുടെ ഇടപെടൽ ഇന്ന് കാണുന്നതിനെക്കാൾ രൂക്ഷമായേനെ.

പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങൾ നിഷേധിക്കാനുള്ള നീക്കങ്ങൾ ഉണ്ടാകുന്ന ഘട്ടങ്ങളിലെല്ലാം പത്രാധിപർ കെ. സുകുമാരൻ അഗ്നിപുരണ്ട വാക്കുകളിലൂടെ പ്രതിരോധത്തിന്റെ അഗ്നിനാളങ്ങൾ തെളിയിച്ചു. ആ മഹാപ്രതിഭ ഓർമ്മയായിട്ട് ഇന്ന് നാല് പതിറ്റാണ്ട് തികയുകയാണ്. പത്രാധിപരുടെ ഈ ഓർമ്മദിനം പിന്നാക്ക വിഭാഗങ്ങൾ ഐക്യപ്പെടണം എന്ന സന്ദേശം കൂടി നൽകുന്നു. ഒപ്പം വിരുദ്ധനീക്കങ്ങളെ ഒറ്റക്കെട്ടായി ചെറുക്കണമെന്ന മുന്നറിയിപ്പും ഉയർത്തുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PATHRADHIPAR K SUKUMARAN
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.