SignIn
Kerala Kaumudi Online
Thursday, 25 April 2024 3.06 AM IST

ക്ഷേത്രങ്ങളിൽ വേരുറപ്പിച്ച്  ക്ഷേത്ര വാർഡുകൾ ജയിക്കും, കേരളത്തിൽ ബി ജെ പിയുടെ വളർച്ചയും,  ആർ എസ് എസിൻെറ ദീർഘകാല പദ്ധതിയും വിവരിച്ച് സി പി എം കുറിപ്പ് 

rss

തിരുവനന്തപുരം: ക്രൈസ്തവ ജനവിഭാഗങ്ങൾ വർഗീയമായ ആശയങ്ങൾക്ക് കീഴ്‌പ്പെടുന്ന രീതി സാധാരണ കണ്ടുവരാറില്ലെങ്കിലും അടുത്ത കാലത്തായി കേരളത്തിൽ കണ്ടുവരുന്ന, ചെറിയൊരു വിഭാഗത്തിലെ വർഗീയസ്വാധീനത്തെ ഗൗരവമായി കാണണമെന്ന് സി.പി.എം നിർദ്ദേശം. ബ്രാഞ്ച്, ലോക്കൽ സമ്മേളനങ്ങൾക്കുവേണ്ടി തയാറാക്കി കീഴ്ഘടകങ്ങൾക്കയച്ച കുറിപ്പിലാണ് സി.പി.എം സംസ്ഥാനസമിതി ഇക്കാര്യം വ്യക്തമാക്കുന്നത്.

മുസ്ലിങ്ങൾക്കെതിരെ ക്രിസ്ത്യൻ ജനവിഭാഗത്തെ തിരിച്ചുവിടാനുള്ള ബോധപൂർവമായ ശ്രമങ്ങളാണ് നടക്കുന്നതെന്ന് തിരിച്ചറിഞ്ഞ് ഇടപെടണം. ഇത്തരം ചിന്താഗതികൾ ആത്യന്തികമായി ഭൂരിപക്ഷ വർഗീയതയ്ക്കാണ് നേട്ടമാവുക. സംഘപരിവാറിന്റെ അജൻഡകൾ സമൂഹത്തിൽ വർഗീയവത്കരണം നടത്താനിടയാക്കുന്നു. ന്യൂനപക്ഷവർഗീയത ആത്യന്തികമായി ന്യൂനപക്ഷ ജനവിഭാഗങ്ങൾക്ക് ആപത്തായിത്തീരുന്നു. ഏത് വർഗീയതയും മറ്റൊരു വർഗീയതയെ പരിപോഷിപ്പിക്കാൻ മാത്രമേ സഹായകമാകൂവെന്ന കാഴ്ചപ്പാട് പ്രചരിപ്പിക്കാനാകണം. പാർട്ടിക്ക് കീഴിലെ സാംസ്‌കാരിക സംഘടനകളെയും ഗ്രന്ഥശാലകളെയും കലാസമിതികളെയും ക്ലബ്ബുകളെയും ഇത്തരം ആശയങ്ങൾക്കെതിരായ പ്രചാരണ വേദിയാക്കണം.

യുവജനങ്ങളെ ആകർഷിക്കുന്നു

വർഗീയതയിലേക്കും തീവ്രവാദ സ്വഭാവങ്ങളിലേക്കും യുവജനങ്ങളെ ആകർഷിക്കാനുള്ള ബോധപൂർവമായ ശ്രമങ്ങൾ നടന്നുവരുന്നുണ്ടെന്ന് സി.പി.എം കുറിപ്പ് ചൂണ്ടിക്കാട്ടുന്നു. പ്രൊഫഷണൽ കാമ്പസുകൾ കേന്ദ്രീകരിച്ച് വിദ്യാസമ്പന്നരായ യുവതികളെ ആ വഴിയിലേക്ക് ചിന്തിപ്പിക്കാൻ ബോധപൂർവമായ ശ്രമങ്ങളുണ്ട്. ഇക്കാര്യത്തിൽ വിദ്യാർത്ഥി, യുവജന സംഘടനകൾ പ്രത്യേകം ശ്രദ്ധിക്കണം. സംഘപരിവാറിന്റെ പ്രവർത്തനങ്ങൾ ന്യൂനപക്ഷവിഭാഗങ്ങളിൽ അരക്ഷിതാവസ്ഥയുണ്ടാക്കിയിട്ടുണ്ട്.

മുസ്ലിം വർഗീയ, തീവ്രവാദ രാഷ്ട്രീയം

മുസ്ലിം സംഘടനകളിൽ നുഴഞ്ഞുകയറി പ്രശ്നങ്ങളുണ്ടാക്കാൻ മുസ്ലിം വർഗീയ, തീവ്രവാദ രാഷ്ട്രീയം ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇസ്ലാമിക രാഷ്ട്രസ്ഥാപനത്തിനായി പ്രവർത്തിക്കുന്ന ജമാഅത്തെ ഇസ്ലാമി അതിന്റെ ആശയപരമായ വേരുകൾ മുസ്ലിം സമൂഹത്തിലും പൊതുസമൂഹത്തിലും വ്യാപിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ ഈ സാഹചര്യമുപയോഗിച്ച് നടത്തുന്നു. താലിബാൻ പോലുള്ള സംഘടനകളെപ്പോലും പിന്തുണയ്ക്കുന്ന ചർച്ചകൾ കേരളസമൂഹത്തിൽ രൂപപ്പെടുന്നുവെന്നത് അതീവ ഗൗരവമുള്ളതാണ്. അധികാരത്തിനായി ഏത് വർഗീയശക്തികളുമായി ചേരുന്ന കോൺഗ്രസിന്റെ നയമാണ് കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുമായുള്ള സഖ്യത്തിലേക്ക് നയിച്ചത്. ഒളിഞ്ഞും തെളിഞ്ഞും നിയമസഭാ തിരഞ്ഞെടുപ്പിലും അതുണ്ടായി.

ആർ.എസ്.എസിന് ദീർഘകാലപദ്ധതി

കേരളത്തിൽ ഹിന്ദുവർഗീയ മുദ്രാവാക്യങ്ങൾ മുന്നോട്ടുവച്ച് വർഗീയധ്രുവീകരണത്തിനുള്ള ദീർഘകാല പദ്ധതികളുമായാണ് ആർ.എസ്.എസിന്റെ പ്രവർത്തനം. ന്യൂനപക്ഷ ജനവിഭാഗങ്ങൾക്കെതിരെ ശക്തമായ വിമർശനമുന്നയിക്കുകയും ഏത് പ്രശ്നങ്ങളെയും വർഗീയമായി മാറ്റുന്നതിനുമുള്ള ഇടപെടലാണ് ആർ.എസ്.എസിന്റേത്. വിശ്വാസത്തിന്റെ പേരുപറഞ്ഞ് സ്ത്രീകളെ ഇറക്കാനുള്ള ബോധപൂർവമായ ശ്രമങ്ങൾ പല ഘട്ടങ്ങളിലും നടത്തിവരുന്നു.

ബി.ജെ.പിയുടെ വളർച്ച തടയാൻ ഇടപെടൽ വേണം

ബി.ജെ.പി ഓരോ പ്രദേശത്തും എങ്ങനെയാണ് വേരുറപ്പിച്ചിട്ടുള്ളതെന്നും അവർ പ്രവർത്തനങ്ങളെ എങ്ങനെ വ്യാപിപ്പിക്കുന്നുവെന്നും പരിശോധിച്ച് ആവശ്യമായ ഇടപെടലുണ്ടാകണം. ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തനമാരംഭിക്കുകയും കാലഹരണപ്പെട്ട വിശ്വാസങ്ങളെ പലതിനെയും തിരിച്ചുകൊണ്ടുവരികയും അതിന്റെ മുൻനിരയിൽ നിൽക്കുകയും ചെയ്താണ് ബി.ജെ.പി പ്രവർത്തനം വ്യാപിപ്പിച്ചത്. ക്ഷേത്രവാർഡുകൾ തുടർച്ചയായി ജയിച്ചുവരുന്ന സ്ഥിതിവിശേഷം ഇതിന്റെ ഭാഗമാണ്. ക്ഷേത്ര വിശ്വാസികളെ വർഗീയവാദികളുടെ പിന്നിൽ അണിനിരത്തുന്ന രീതി ഇല്ലാതാക്കാൻ കഴിയുന്ന വിധത്തിൽ ആരാധനാലയങ്ങളിൽ ഇടപെടാൻ കഴിയേണ്ടതുണ്ട്. വിശ്വാസികളുടെ വിശ്വാസത്തെ ബഹുമാനിക്കുകയും അതേസമയം വർഗീയവാദികളുടെ കൈകളിലേക്ക് അവരെ കൊണ്ടുപോകാനുള്ള ശ്രമങ്ങളെ പ്രതിരോധിക്കുകയും ചെയ്യുന്ന തരത്തിലാകണം പാർട്ടി ഇടപെടൽ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BJP RSS, BJP, RSS, CPM, BJP GROWTH IN KERALA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.