SignIn
Kerala Kaumudi Online
Thursday, 25 April 2024 1.19 PM IST

റഫാലുള്ളപ്പോൾ ഫ്രാൻസിൽ നിന്നും സെക്കന്റ് ഹാൻഡ് മിറാഷ് വിമാനങ്ങൾ ഇന്ത്യ വാങ്ങുന്നതെന്തിനെന്ന് ആ‍ർക്കറിയില്ലെങ്കിലും പാകിസ്ഥാന് അറിയാം

iaf-

ന്യൂഡൽഹി : അടുത്ത കാലത്ത് ഇന്ത്യ വ്യോമസേനയുടെ പ്രഹരശേഷി ഇരട്ടിയാക്കിയത് റഫാൽ യുദ്ധവിമാനങ്ങൾ സ്വന്തമാക്കിയാണ്. ഫ്രാൻസിൽ നിന്ന് 36 റഫാലുകൾ സ്വന്തമാക്കുന്നതിനുള്ള കരാറാണ് ഇന്ത്യ നൽകിയത്. ഈ വർഷം അവസാനത്തോടെ മുഴുവൻ റഫാലുകളും ഇന്ത്യയ്ക്ക് ലഭിക്കും. ഇതിനു ശേഷമാവും ഇന്ത്യയുടെ ആഗ്രഹത്തിനൊത്ത ചില സവിശേഷ ആയുധങ്ങൾ റഫാലുകളിൽ ഘടിപ്പിക്കുക. എന്നാൽ റഫാലുകൾ നിർമ്മിക്കുന്ന ഫ്രാൻസിലെ ഡെസാൾട്ട് ഏവിയേഷനിൽ നിന്നും മറ്റൊരു വിമാനം വാങ്ങുന്നതിനുള്ള ചർച്ച ഇന്ത്യ ആരംഭിച്ചിരിക്കുകയാണ്. ഉപയോഗിച്ച സെക്കന്റ് ഹാൻഡ് വിമാനങ്ങളാണിവ. റഫാലിന് മുൻപ് ഡെസാൾട്ട് ഏവിയേഷൻ നിർമ്മിച്ച മിറാഷ് വിമാനങ്ങളിലാണ് ഇന്ത്യ നോട്ടമിട്ടത്. വാങ്ങാൻ ഉദ്ദേശിക്കുന്ന 24 സെക്കൻഡ് ഹാൻഡ് മിറാഷ് 2000 പോർവിമാനങ്ങളിൽ 8 വിമാനങ്ങൾ പറപ്പിക്കാൻ കഴിയും ബാക്കിയുള്ളവ അതിന് പോലും കഴിയുന്ന അവസ്ഥയിലുള്ളതല്ല. ഇന്ത്യ പോലൊരു രാജ്യം ഉപയോഗിച്ച വിമാനങ്ങൾ അതും 27 മില്യൺ ഡോളറോളം നൽകി വാങ്ങുന്നതിന്റെ ആവശ്യകതയെ കുറിച്ച് ആലോചിക്കുന്നവർ മിറാഷിനെ കുറിച്ചും, ഈ വിമാനം ഇന്ത്യയുടെ അഭിമാനം ആകാശത്തോളം എത്രമാത്രം ഉയർത്തിയിട്ടുണ്ടെന്ന് അറിവില്ലാത്തവരായിരിക്കും എന്നത് തീർച്ച.

മിറാഷ് ഇന്ത്യയുടെ വജ്രായുധം

എല്ലാ അർത്ഥത്തിലും റഫാലുകൾ വരുന്നത് വരെ മിറാഷ് വിമാനമായിരുന്നു ഇന്ത്യയുടെ കുന്തമുന. പാകിസ്ഥാനെ മുഖ്യ ശത്രുവായി കണ്ടിരുന്ന നാളുകളിൽ മിറാഷുകൾ ഉപയോഗിച്ചു മാത്രമേ ഇന്ത്യയ്ക്ക് ആക്രമണം നടത്താൻ കഴിയുമായിരുന്നുള്ളു. സുഖോയ് പോലെ അതിശക്തമായ വിമാനങ്ങളുണ്ടെങ്കിലും പാകിസ്ഥാന് കൂടെക്കൂടെ ചെറിയ ശിക്ഷ നൽകുന്നതിന് മിറാഷ് ധാരാളമായിരുന്നു എന്നതാണ് അതിനുള്ള കാരണം. കാർഗിൽ യുദ്ധസമയത്താണ് ഇന്ത്യ മിറാഷ് വിമാനത്തിന്റെ കരുത്ത് ശരിക്കും അറിഞ്ഞത്. ഇന്ത്യൻ മണ്ണ് കയ്യേറിയ ഭീകരൻമാരെയും പാക് സൈനികരെയും, അന്താരാഷ്ട്ര അതിർത്തി കടക്കാതെ തുരത്തുക എന്ന ദൗത്യമായിരുന്നു ഇന്ത്യൻ വ്യോമസേനയ്ക്ക് ഉണ്ടായിരുന്നത്. മിഗ് വിമാനങ്ങൾ ദൗത്യത്തിൽ പൂർണ മികവ് പുലർത്താൻ കഴിയാത്ത അവസ്ഥയിൽ, രാത്രിയും ആഞ്ഞടിക്കാൻ മിറാഷുകളെ അണിനിരത്തുകയായിരുന്നു. മിറാഷിൽ ലേസർ ഗൈഡഡ് ബോംബുകൾ ഘടിപ്പിക്കുവാൻ ഇസ്രായേൽ സഹായം നൽകിയതും മറക്കാൻ കഴിയില്ല.

കാർഗിൽ വിജയത്തിന് ശേഷം മിറാഷ് വിമാനങ്ങൾ രാജ്യത്തിന്റെ മുറിവുണക്കാനുള്ള ബലാക്കോട്ട് ദൗത്യത്തിനാണ് ഉപയോഗിച്ചത്. പുൽവാമയിൽ ഇന്ത്യയെ കണ്ണീരണിയിച്ച പാക് ചതിക്ക് അവരുടെ മണ്ണിൽ തീമഴ വർഷിച്ച് തിരികെ എത്തി ദൗത്യം പൂർത്തിയാക്കിയാണ് മിറാഷുകൾ രാജ്യത്തിന്റെ അഭിമാനം കാത്തത്.

മിറാഷ് ഇന്ത്യയിൽ വന്ന വഴി

മിറാഷ് യുദ്ധവിമാനം ഡസോൾട്ട് ഏവിയേഷൻ നിർമ്മിച്ചത് 1978ലാണ്. 1978 ൽ ആദ്യത്തെ വിമാനം പറന്നെങ്കിലും 1984ലാണ് മിറാഷുകൾ ഫ്രഞ്ച് വ്യോമസേനയുടെ ഭാഗമായി. ഇതിനും ഒരു വർഷം കഴിഞ്ഞാണ് ഈ കരുത്തൻ ഇന്ത്യൻ വ്യോമസേനയിലെത്തിയത്. അമേരിക്കൻ നിർമ്മിത എഫ് 16 യുദ്ധവിമാനങ്ങൾ പാകിസ്ഥാൻ വാങ്ങുന്നതിനുള്ള ഉത്തരമായിട്ടാണ് മിറാഷുകൾ വാങ്ങുവാൻ ഇന്ത്യ തീരുമാനിച്ചത്. 1982 ൽ ഇന്ത്യ 36 സിംഗിൾ സീറ്റർ മിറാഷ് 2000, നാല് ഇരട്ട സീറ്റർ മിറാഷ് 2000 എന്നിവയുടെ ഓർഡർ നൽകിയിരുന്നു. ഇന്ത്യയുടെ ഈ തീരുമാനം ശരിയായിരുന്നു എന്ന് പല തവണ ഈ കരുത്തൻ തെളിയിച്ചു. കാർഗിലിലെ മിന്നും പ്രകടനം കണക്കിലെടുത്ത് 2004 ൽ, ഇന്ത്യൻ സർക്കാർ പത്ത് മിറാഷ് 2000 വിമാനങ്ങളുടെ അധിക ഓർഡർ നൽകി. ഇതോടെ ഇന്ത്യയുടെ കൈവശമുള്ള മിറാഷുകൾ 50 ആയി. ഈ വിമാനങ്ങളെ ആധുനിക കാലത്തിന് ഇണങ്ങിയ രീതിയിൽ അപ്‌ഗ്രേഡ് ചെയ്യുന്നതിനുള്ള കരാറും ഇന്ത്യയും ഫ്രാൻസും തമ്മിൽ ഒപ്പിട്ടിട്ടുണ്ട്. 2030 വരെയാണ് ഇതിന്റെ കാലാവധി.

ഇപ്പോൾ കൈവശമുള്ള നാലാം തലമുറ പോരാളികളെ ശക്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് പറക്കാനാവാത്ത സെക്കന്റ് ഹാൻഡ് മിറാഷുകളെ ഇന്ത്യ വാങ്ങുന്നത്. ഇപ്പോൾ ഉപയോഗത്തിലുള്ള വിമാനങ്ങൾക്ക് ഭാവിയിൽ ആവശ്യമായ ഉപകരണങ്ങളുടെ കുറവ് പരിഹരിക്കാൻ ഇതിലൂടെ കഴിയും. ഈ കരുതലിൽ നിന്നു തന്നെ മിറാഷുകൾ വ്യോമസേനയ്ക്ക് എത്രത്തോളം പ്രിയപ്പെട്ടതാണെന്ന് മനസിലാക്കാം. മിറാഷുകളുടെ ഈ കരുത്ത് തന്നെയാണ് അതേ നിർമ്മാണ കമ്പനിയിൽ നിന്നും റഫാലുകളെ സ്വന്തമാക്കാൻ, രാജ്യത്തിനുള്ളിൽ ഏറെ വിവാദമുയർന്നിട്ടും കേന്ദ്ര സർക്കാർ മുന്നോട്ട് പോകാൻ കാരണം. ലേസർ ഗൈഡഡ് ബോംബുകൾ, എയർ ടു എയർ, എയർ ടു സർഫസ് മിസൈലുകൾ എന്നിവ വഹിക്കാൻ മിറാഷ് 2000 ന് കഴിയും. ഇന്ത്യയ്ക്ക് പുറമേ ഫ്രാൻസ്, ഈജിപ്ത്, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, തായ്‌വാൻ, പെറു, ഗ്രീസ്, ബ്രസീൽ എന്നീ രാജ്യങ്ങളാണ് മിറാഷ് 2000 ഉപയോഗിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, IAF, MIRAGE, MIRAGE2000, INDIA PAK, BALAKOT, KARGIL, INDIA, RAFALE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.