SignIn
Kerala Kaumudi Online
Friday, 19 April 2024 10.48 PM IST

സടകുടഞ്ഞ് കോൺഗ്രസ്

kpcc

രാജ്യത്തിന്റെ മതനിരപേക്ഷ പാരമ്പര്യം കാത്തു സൂക്ഷിക്കേണ്ടതിലാണ് കോൺഗ്രസിന്റെ പ്രസക്തി. കോൺഗ്രസ് ദുർബലമാകുമ്പോഴാണ് വർഗീയവാദം ശക്തിപ്പെടുന്നത്. കോൺഗ്രസ് ശക്തിപ്പെടുമ്പോൾ ദുർബലപ്പെടുന്നത് വർഗീയ രാഷ്ട്രീയം തന്നെയാണ്. ഈ തിരിച്ചറിവിലേക്ക് രാജ്യത്തെ നയിക്കാൻ കോൺഗ്രസിനാവണം. അതിന് കരുത്തുള്ള സംഘടനയായി പാർട്ടിയെ പുതുക്കിപ്പണിയണം. സംഘടനാ ദൗർബല്യങ്ങളും കുറവുകളും പരിഹരിക്കണം. വർഗീയതയ്ക്കും ജനവിരുദ്ധമായ നിലപാടുകൾക്കെതിരെ പൊരുതി മുന്നേറുന്ന സമര സംഘടനയായി കോൺഗ്രസിനെ ശക്തിപ്പെടുത്തണം. കോൺഗ്രസ് മുക്ത ഭാരതമെന്ന മുദ്രാവാക്യം വർഗീയ ഫാസിസ്റ്റുകൾ ഉയർത്തുമ്പോൾ മതനിരപേക്ഷ ഇന്ത്യ എന്ന് ഉച്ചത്തിൽ പറയാൻ കോൺഗ്രസ് പ്രവർത്തകർക്കും അനുഭാവികൾക്കും കഴിയണം. വർഗീയ ഫാസിസ്റ്റ് ഇതര പാർട്ടികളെ ഒരേ കൊടിക്കീഴിൽ അണിനിരത്തി രാജ്യത്തിന്റെ പൊതു ശത്രുവിനെ പരാജയപ്പെടുത്താനാവശ്യമായ ദൂരക്കാഴ്ചയുണ്ടാവണം. അതിനാവും വിധം പ്രതിപക്ഷ ഐക്യനിര രൂപപ്പെടുത്തണം. അതുവഴി ഫാസിസ്റ്റ് ഭീകരതയെ അധികാരത്തിൽ നിന്നും പുറന്തള്ളാം. ഇതാവണം ഓരോ കോൺഗ്രസ് പ്രവർത്തകനേയും നയിക്കുന്ന വികാരം.

ഇന്നലെവരെ അധികാര സ്ഥാനങ്ങൾക്കു മാത്രമായി നേതൃസ്ഥാനങ്ങളിലിരിക്കുന്ന ശീലം ഇനി തുടരാനാവില്ല. നേതൃത്വത്തിനു മുന്നിൽ ഒരു ലക്ഷ്യം മാത്രമേ ഉള്ളൂ പ്രവർത്തിക്കുക, കോൺഗ്രസിനെ ശക്തിപ്പെടുത്തുക, രാജ്യത്തെ രക്ഷിക്കുക. തുടർഭരണം നേടിയ സി.പി.എം നേതൃത്വം കണക്കുകൂട്ടിയത്

അധികാരമില്ലാതെ കോൺഗ്രസിന് മുന്നോട്ടു പോകാനാവില്ലെന്നായിരുന്നു. ഇടതുപക്ഷ ഭരണത്തുടർച്ചയിൽ തകർന്നടിയുന്ന കോൺഗ്രസിനെ ഇവർ സ്വപ്നം കണ്ടു. ഒപ്പം ആർ.എസ്.എസ്ബി.ജെ.പി നേതൃത്വവും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ആർ.എസ്.എസ് ബി.ജെ.പി നേതൃത്വം കണക്ക് കൂട്ടിയതും ഇതേ രാഷ്ട്രീയമായിരുന്നു. ഇരുവരും ചേർന്ന് വ്യാപകമായ നിലയിൽ കോൺഗ്രസിന്റെ തകർച്ച പ്രവചിക്കുകയും ചെയ്തു. കോൺഗ്രസ് തകർന്നാൽ പ്രതിപക്ഷ പാർട്ടിയായി ബി.ജെ.പി വളർന്നു വരുമെന്ന് ദിവാസ്വപ്നം കണ്ട് എൽ.ഡി.എഫ് വിജയത്തിന് ആർ.എസ്.എസ് ബി.ജെ.പി നേതൃത്വം സഹായകരമായ നിലപാട് സ്വീകരിക്കുകയും ചെയ്തു. ഈ ദിവാസ്വപ്നത്തിന്റെ മുകളിലായിരുന്നു ഒരേ തൂവൽ പക്ഷികളെപ്പോലെ സി.പി.എമ്മും ബി.ജെ.പിയും. എന്നാൽ ഇവരുടെ വീക്ഷണം തകർന്നു വീഴുന്ന രംഗങ്ങൾക്കാണ് പിന്നീട് കേരളം സാക്ഷ്യം വഹിച്ചത്. നിയമസഭ തിരഞ്ഞെടുപ്പിനു ശേഷം എ.ഐ.സി.സി കെ.പി.സി.സി പുനഃസംഘടിപ്പിച്ചു. പുതിയ നേതൃത്വം കേരളത്തിലെ അനുഭവ സമ്പത്തുള്ള തലമുറയുമായി ആശയവിനിമയം നടത്തി കോൺഗ്രസിന് പുതിയമുഖം നൽകാനുള്ള അശ്രാന്ത പരിശ്രമത്തിലാണ്. പ്രസ്ഥാനത്തെ ജീവസുറ്റതാക്കാൻ, കുറവുകളും പരിമിതികളും മുറിച്ചുകടന്ന് ബൂത്ത് മുതൽ കെ.പി.സി.സി വരെ ചലനാത്മകമാക്കാൻ പര്യാപ്തമാവും വിധം പുനരുജ്ജീവനത്തിനുള്ള തീരുമാനങ്ങളും ഇടപെടലുകളും കോൺഗ്രസിന് ഉണർവേകിയിരിക്കുന്നു.

സംഘടനയിൽ കാലോചിതമായ പരിഷ്‌കാരം കൈവരുന്നു എന്ന തിരിച്ചറിവ് പ്രവർത്തകരിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു. കോൺഗ്രസ് അച്ചടക്കവും ഭാവനാശേഷിയുമുള്ള രാജ്യതാത്‌പര്യം മുൻനിറുത്തി പ്രവർത്തിക്കുന്ന ചടുലമായ സംഘടനയായി മാറ്റിയെഴുതപ്പെടുകയാണ്. ആരേയും അനർഹമായി തള്ളാനോ കൊള്ളാനോ അല്ല ഈ മാറ്റം. കഴിവും പ്രവർത്തനശേഷിയും അംഗീകാരവുമുള്ള ഒരു നേതൃനിരയെ സൃഷ്ടിച്ചെടുക്കുക എന്നു തന്നെയാണ്. നിലവിലുള്ള രീതികളിൽ ഘടനാപരവും ഗുണപരവുമായ മാറ്റത്തിലേക്ക് കോൺഗ്രസ്സ് പുനഃസംഘടിപ്പിക്ക പ്പെടുമ്പോൾ ചില അസംതൃപ്തികളും കൊഴിഞ്ഞുപോക്കും സ്വഭാവികം മാത്രം. അതുതന്നെ അടയാളപ്പെടുത്തുന്നത് കോൺഗ്രസിൽ സംഭവിക്കാൻ പോകുന്ന ഗുണപരമായ മാറ്റത്തെത്തന്നെയാണ്. എടുത്ത തീരുമാനങ്ങൾ നടപ്പാക്കുന്നതിലെ ദൃഢത തന്നെയാണ്. ചിലരെങ്കിലും സ്വപ്നം കാണുന്നുണ്ട് കോൺഗ്രസ് ആടിയുലയുമെന്ന്. അവരെല്ലാം നാളെ നിരാശപ്പെടുക തന്നെ ചെയ്യും.


ധീരമായ നിലപാടുകൾ

അധികാരം നഷ്ടപ്പെട്ട കോൺഗ്രസിന് കൂടുതൽ കരുത്തോടെ സംഘടനയെ മുന്നോട്ടു കൊണ്ടു പോകുവാൻ സാധിക്കില്ലെന്ന ചിന്തയാണ് സിപിഎമ്മിനേയും ബിജെപിയേയും നയിക്കുന്നത്. എന്നാൽ ഇവരുടെ കണക്കുകൂട്ടലുകളെ നിഷ്പ്രഭമാക്കിക്കൊണ്ടുള്ള പ്രവർത്തനങ്ങളാണ് ഇതിനകം കെ.പി.സി.സി നേതൃത്വത്തിന് കീഴിൽ നടന്നു കൊണ്ടിരിക്കുന്നത്. ദൗർബല്യങ്ങളിൽ വീർപ്പുമുട്ടുന്ന കോൺഗ്രസിനെ ശക്തിപ്പെടുത്താൻ ധീരമായ നിലപാടുകൾ കൈക്കൊണ്ടേ പറ്റൂ. കേരളത്തിലെ കോൺഗ്രസ് നേതൃത്വം സംഘടനയെ സ്‌നേഹിക്കുന്ന ആരുമായും ചർച്ചയ്ക്കും സംസാരത്തിനും തയ്യാറാണ്.

കോൺഗ്രസിന്റെ മതനിരപേക്ഷ വീക്ഷണവും പരിപാടിയും അംഗീകരിക്കുന്ന ആരെയും കോൺഗ്രസ് ഇരുകൈയും നീട്ടി സ്വീകരിക്കും. കേരളത്തിൽ ഇതിനകം നടന്നുകൊണ്ടിരിക്കുന്ന പുനഃസംഘടനയും ആശയപരമായ കരുത്ത് നേടുന്നതിനുള്ള ശില്പശാലകളും അടിസ്ഥാനഘടകം മുതലുള്ള പുനക്രമീകരണങ്ങളും എല്ലാം വിരൽ ചൂണ്ടുന്നത് കോൺഗ്രസിന്റെ ശക്തമായ തിരിച്ചു വരവിലേക്കാണ്. കേരളത്തിലെ കോൺഗ്രസിന് പ്രഗത്ഭരായ നേതൃനിരയുണ്ട്. ആവശ്യാനുസരണം ഞങ്ങൾ ഒന്നിച്ചിരിക്കും. ആശയക്കൈമാറ്റം നടക്കും. അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിൽ സഹിഷ്ണുതയോടെ കേൾക്കാനും ഒന്നായി നിന്ന് പരിഹരിക്കാനും സാധിക്കും. ഭിന്നിച്ചു നിൽക്കലല്ല കോൺഗ്രസിന്റെ ശീലം ഒന്നായി നിൽക്കുക എന്നതാണ്.

ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യമതേതര പ്രസ്ഥാനമാണ് കോൺഗ്രസ്. വിശാലമായ മതനിരപേക്ഷജനാധിപത്യ പ്രസ്ഥാനമായതിനാൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉയർന്നു വരിക സ്വാഭാവികം മാത്രമാണ്. എന്നാൽ അതിലൂടെ ഒറ്റ തീരുമാനമെടുക്കാനും അത് ഒറ്റ മനസോടെ നടപ്പിൽ വരുത്താൻ സാധിക്കുന്നതുമായ പ്രവർത്തനശൈലിയാണ് കോൺഗ്രസിന്റേത്. അഭിപ്രായ വ്യത്യാസമുള്ളവരെ ഇല്ലാതാക്കുന്നവരല്ല കോൺഗ്രസ്. കോൺഗ്രസിൽ നിന്ന് വ്യത്യസ്ത കാലങ്ങളിൽ അഭിപ്രായ വ്യത്യാസങ്ങളിലൂടെ പലരും പുറത്തു പോയിട്ടുണ്ട്. എന്നാൽ അവർക്കാർക്കും ജീവഹാനി നേരിട്ടിട്ടില്ല, അവരാരും ആക്രമിക്കപ്പെട്ടിട്ടില്ല. അതാണ് കോൺഗ്രസിന്റെ രാഷ്ട്രീയം.


പുതിയ തളിരുകൾ

ജനാധിപത്യത്തിന്റേയും മതനിരപേക്ഷതയുടേയും വഴികളിലൂടെ കോൺഗ്രസ് മുന്നോട്ടു പോകും. ദൗർബല്യങ്ങൾ പരിഹരിച്ച് സംഘടനയെ പരിഷ്‌കരിച്ച് ശക്തമായ കോൺഗ്രസ് ശക്തമായ രാഷ്ട്രം ഈ ലക്ഷ്യത്തിലേക്കാണ് യാത്ര. കാത്തിരിക്കാൻ സമയമേറെയില്ല. പ്രവർത്തനപഥത്തിലിറങ്ങുക. ജനമനസുകളിൽ ഇടം നേടുക. സാമൂഹ്യസേവന ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാവുക. സാധാരണ മനുഷ്യന്റെ വിയർപ്പിന്റെ ഗന്ധമറിയുക. ജനങ്ങൾക്കിടയിൽ നിന്നും പുതിയ തളിരുകൾ കോൺഗ്രസിൽ ഉയർന്നു വരും. ഫ്ളക്സുകളിൽ ജീവിക്കുന്ന തലമുറ മാറും. പുകഴ്ത്തലുകൾക്കും ഇകഴ്ത്തലുകൾക്കും സ്വാർത്ഥ താത്പര്യങ്ങൾക്കും വിട. സ്ഥാനമാനത്തിനായുള്ള നെട്ടോട്ടങ്ങൾക്കും വിട. കോൺഗ്രസ് സ്വയം തിരുത്തലിന് വിധേയമാവുന്നു. ഓരോ കോൺഗ്രസ് പ്രവർത്തകനും എന്റെ പ്രസ്ഥാനം എന്ന് അഭിമാനിക്കാവുന്ന മാറ്റത്തിലേക്ക് കോൺഗ്രസ് യാത്ര തുടങ്ങിയിരിക്കുന്നു. ശുഭോദർക്കമായ മാറ്റത്തിലേക്ക്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CONGRESS, K SUDHAKARAN
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.