SignIn
Kerala Kaumudi Online
Wednesday, 24 April 2024 2.09 AM IST

വികസനം മുടക്കുന്ന സർവകലാശാലാ വിവാദങ്ങൾ

kannur-university

കോഴിക്കോട് സർവകലാശാലയുള്ളപ്പോൾ കണ്ണൂരിലെന്തിന് സർവകലാശാല എന്നു ചോദിച്ചവർ കാൽനൂറ്റാണ്ട് മുമ്പ് കണ്ണൂരിൽ ഏറെയുണ്ടായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ഉള്ളപ്പോൾ കണ്ണൂരിലെന്തിന് അത്തരമൊന്ന് എന്നു ചോദിച്ചവരും നിരവധി. കോഴിക്കോട് കോരപ്പുഴയ്ക്കിപ്പുറം വികസനം കണികാണാൻ പാടില്ലെന്ന വലിയൊരു വിഭാഗത്തിന്റെ തിട്ടൂരത്തിനെതിരെ വികസനകൂട്ടായ്മ ശക്തിപ്പെട്ടപ്പോഴാണ് കണ്ണൂരിൽ സർവകലാശാലയും മെഡിക്കൽ കോളേജും എല്ലാം യാഥാർത്ഥ്യമായത്.

എന്നാൽ കാൽനൂറ്റാണ്ട് പിന്നിട്ടിട്ടും വിവാദങ്ങൾ വിട്ടൊഴിയാതെയാണ് കണ്ണൂർ സർവകലാശാല. ഈയിടെ സിലബസിനെ ചൊല്ലിയും വിവാദം കത്തിപ്പ ടർന്നു. സിലബസിനെ കാവിപുതപ്പിച്ചെന്നായിരുന്നു ആരോപണം. ഇന്ത്യയിലെ സർവകലാശാലകൾ കാവിവത്കരണത്തിന്റെ വേദിയായി മാറുന്നുവെന്നും ഇതിനെതിരെ മതേതര വാദികൾ സംഘടിക്കണമെന്നുമുള്ള സർവകലാശാലാ വൈസ് ചാൻസലറുടെ ആഹ്വാനം വന്ന് രണ്ട് മണിക്കൂർ കഴിഞ്ഞപ്പോഴാണ് കണ്ണൂർ സർവകലാശാലയിൽ സിലബസ് വിവാദം കത്തിത്തുടങ്ങിയത്. രാവിലെ കാവിവത്കരണത്തിനെതിരെ പ്രസംഗിച്ച വി.സിയുടെ സർവകലാശാലയിൽ ഇതെന്ത് സംഭവിച്ചുവെന്നു പലരും അമ്പരപ്പോടെ ചോദിച്ചു. ഉദ്യോഗസ്ഥരും അദ്ധ്യാപകരും എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിന്നു.

സർവകലാശാലയുടെ പി.ജി. സിലബസിൽ ആർ.എസ്.എസ് സൈദ്ധാന്തികരായ ഗോൾവാൾക്കറിന്റെയും സവർക്കറുടേയും പുസ്തകങ്ങൾ ഉൾപ്പെടുത്തിയതിനെതിരെ പ്രതിഷേധം ശക്തമായതോടെ ഇക്കാര്യം വിശദമായി പഠിക്കാനും ആവശ്യമെങ്കിൽ പരിഷ്കാരങ്ങൾ നിർദേശിക്കാനുമായി രണ്ടംഗ വിദഗ്ദ്ധസമിതിയെ സർവകലാശാല നിയോഗിക്കുകയായിരുന്നു.

വിവാദമുയർന്ന സാഹചര്യത്തിൽ സിലബസ് പുന:പരിശോധിക്കുമെന്ന് മന്ത്രി ആർ.ബിന്ദു അറിയിച്ചു. നിർദ്ദേശിക്കപ്പെട്ട പാഠഭാഗങ്ങളിൽ ഏതെങ്കിലും ഒഴിവാക്കപ്പെടേണ്ടതുണ്ടെങ്കിൽ ഒഴിവാക്കാനും, കൂട്ടിച്ചേർക്കേണ്ടതുണ്ടെങ്കിൽ കൂട്ടിച്ചേർക്കാനും സർവകലാശാല നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. സിലബസിൽ ആർ.എസ്.എസ് സൈദ്ധാന്തികരുടെ പുസ്തകങ്ങൾ ഉൾപ്പെട്ടതിനെക്കുറിച്ച് ഉന്നത വിദ്യാഭ്യാസ കൗൺസിലും സർവകലാശാലയോട് വിശദീകരണം തേടി.

എം. എ. ഗവേണൻസ് ആൻഡ് പൊളിറ്റിക്കൽ സയൻസ് പി.ജി മൂന്നാം സെമസ്റ്ററിലെ സിലബസിൽ ഗോൾവാൾക്കറുടെ 'വീ ഓർ ഔവർ നേഷൻഹുഡ് ഡിഫൈൻഡ്', 'ബഞ്ച് ഓഫ് തോട്ട്സ്' (വിചാരധാര), വി.ഡി സവർക്കറുടെ 'ഹിന്ദുത്വ : ഹു ഈസ് എ ഹിന്ദു' എന്നീ പുസ്തകങ്ങളിലെ ചില ഭാഗങ്ങൾ ഉൾപ്പെടുത്തിയതാണ് വിവാദമായത്.

സർവകലാശാലയെ കാവിവത്കരിക്കാനുള്ള ശ്രമമായി ഇതിനെ വ്യാഖ്യാനിക്കുന്നത് ശരിയല്ലെന്നാണ് വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞത്. വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ മാറ്റം വരുത്തും. ലെഫ്റ്റ് സോഷ്യോളജി അടക്കം വിട്ടുപോയിട്ടുണ്ട്. ഇടതുപക്ഷ ചിന്തകരുടെ പുസ്തകങ്ങൾ സിലബസിൽ ഇല്ലാത്തത് വീഴ്ചയാണ്. അത് പരിഹരിക്കാനാവശ്യമായ ഇടപെടലുകൾ നടത്തും. സവർക്കറിനെക്കു റിച്ചുള്ള പുസ്തകം വായിക്കാൻ പാടില്ലെന്ന് പറയുന്നത് ശരിയല്ല. ജെ.എൻ.യു ഉൾപ്പെടെ മറ്റ് സർവകലാശാലകളിൽ സവർക്കറെയും ഗോൾവാൾക്കറെയും പഠിപ്പിക്കുന്നുണ്ട്. സവർക്കറെക്കുറിച്ചുള്ള പുസ്തകം വായിച്ചാൽ മാത്രമേ ഇന്നത്തെ നമ്മുടെ മുന്നിലുള്ള രാഷ്ട്രീയം മനസിലാകൂ. എന്നാൽ, സിലബസിൽ ഹിന്ദു ആശയവാദികളുടെ അഞ്ച് പുസ്തകങ്ങൾ വേണ്ടിയിരുന്നില്ല. രണ്ട് പേരുടെ പുസ്തകങ്ങൾ മതിയായിരുന്നുവെന്നാണ് വി.സിയുടെ കണ്ടെത്തൽ. എന്നാൽ വിവാദം ശക്തമായതോടെ ആ പാഠഭാഗങ്ങൾ തത്‌കാലം പഠിപ്പിക്കേണ്ടതില്ലെന്ന നിലപാടിൽ സർവകലാശാലാ അധികൃതരെത്തുകയായിരുന്നു.

അതിനിടെ വിവാദ സിലബസിനെ ചൊല്ലി എസ്.എഫ്.ഐയിലെ ഭിന്നതയും പരസ്യമായി. ആർ.എസ്.എസ് നേതാക്കളുടെ പുസ്തകങ്ങൾ പഠിപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി നിലപാട് എടുത്തപ്പോൾ അതിനെ തള്ളി സംഘടനയുടെ കേന്ദ്ര സെക്രട്ടേറിയറ്റംഗം തന്നെ രംഗത്തെത്തിയതോടെയാണ് വിഷയത്തിൽ സംഘടനയുടെ അകത്ത് ഭിന്നാഭിപ്രായമുണ്ടെന്ന കാര്യം പരസ്യമായത്.

വിവാദമായ പി.ജി സിലബസ് പിൻവലിക്കണമെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയും എം.എൽ.എയുമായ സച്ചിൻ ദേവ് നിലപാടെടുത്തപ്പോൾ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം നിധീഷ് നാരായണൻ അതിനെ തള്ളി രംഗത്തെത്തി. ആർ.എസ്.എസ് നേതാക്കളുടെ പുസ്തകവും സർവകലാശാലകൾ പഠിപ്പിക്കണമെന്ന് നിധീഷ് നാരായണൻ പറഞ്ഞു. ഇക്കാര്യത്തിൽ യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ എം.കെ. ഹസന്റെതാണ് ശരിയായ നിലപാടെന്നും നിധീഷ് വ്യക്തമാക്കി. യൂണിവേഴ്സിറ്റിയിൽ താലിബാനിസം പാടില്ലെന്നും നിധീഷ് നാരായണൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. എന്നാൽ താൻ പറയുന്നതാണ് സംഘടനയുടെ ഔദ്യോഗിക നിലപാടെന്നും മാറ്റാരെങ്കിലും പറയുന്നതല്ല സംഘടനയുടെ നിലപാടെന്നും സച്ചിൻ ദേവ് വ്യക്തമാക്കി. ഇക്കാര്യത്തിൽ ഭിന്നാഭിപ്രായം പ്രകടിപ്പിച്ച യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ എം.കെ.ഹസന്റെ പ്രതികരണം പരിശോധിക്കുമെന്നുമാണ് സച്ചിൻ ദേവ് അറിയിച്ചത്.

എല്ലാംകൂടി അവിയൽ പരുവത്തിലായ അവസ്ഥ. ഒരു ഭാഗത്ത് വിവാദങ്ങൾ. മറുഭാഗത്ത് കാൽനൂറ്റാണ്ടിന്റെ ആഘോഷ ഒരുക്കങ്ങൾ. കാൽനൂറ്റാണ്ടായിട്ടും കാലുറയ്‌ക്കാതെ മുന്നോട്ട് പോകുന്ന സർവകലാശാലയെ നേരെ നിറുത്താനുള്ള ശ്രമങ്ങളാണ് ഇനിയുണ്ടാകേണ്ടത്.

ഉത്തരമലബാറിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ കുതിപ്പേകാനുള്ള പ്രവർത്തനങ്ങളാണ് ജനം സർവകലാശാലയിൽ നിന്നും പ്രതീക്ഷിക്കുന്നത്. വിവാദങ്ങളുടെ കാര്യത്തിൽ ദേശീയശ്രദ്ധ നേടുന്നതിലുള്ള മിടുക്ക് മികവ് പ്രകടിപ്പിക്കുന്നതിലും കാണിക്കണമെന്നാണ് ജനം ആവശ്യപ്പെടുന്നത്. സർവകലാശാലയ്ക്ക് കീഴിൽ വിദൂരവിദ്യാഭ്യാസ കോഴ്സ് നടത്താനുള്ള അനുമതി പോലും നഷ്ടപ്പെട്ടിരിക്കയാണ്. നാക്, എൻ. ഐ. ആർ. എഫ് റാങ്കിംഗിൽ സർവകലാശാലയെക്കാൾ നിലവാരം പുലർത്തുന്ന നിരവധി കോളേജുകളുമുണ്ട്. രജിസ്ട്രാർ, ഫിനാൻസ് ഓഫീസർ എന്നീ തസ്തികകളിൽ ഇപ്പോഴും താത്കാലികക്കാരാണ്. നിർണായക കാര്യങ്ങളിൽ വൈസ് ചാൻസലറെ സഹായിക്കേണ്ട പ്രധാനപ്പെട്ട ഉദ്യോഗസ്ഥരാണ് ഇവർ.

പഠനവകുപ്പുകളിലെ ഫീസ് നിരക്ക് മറ്റു സർവകലാശാലകളെക്കാൾ കൂടുതലാണെന്നതും വിദ്യാർത്ഥികൾ മുഖം തിരിഞ്ഞു നിൽക്കാൻ കാരണമാകുന്നു.വിദ്യാർത്ഥിക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ പോലും നടപ്പാക്കാതെയാണ് ഈ പകൽകൊള്ള നടക്കുന്നത്. നൂറ്റമ്പതോളം സ്ഥിരം അദ്ധ്യാപകരുടെ ഒഴിവും ഇവിടെയുണ്ട്.

കേന്ദ്ര സർക്കാരിന്റെ ദേശീയ റാങ്കിംഗിൽ ഇരുന്നൂറിൽ ഒന്നായി പോലും ഇടംപിടിക്കാൻ സർവകലാശാലയ്ക്ക് കഴിയാതെ വന്നതും അവസാനിക്കാത്ത വിവാദങ്ങളാണ്. ഇരുപത്തിയേഴാം റാങ്കിൽ കേരള സർവകലാശാലയും 31ൽ എം.ജി സർവകലാശാലയും അറുപതാം റാങ്കിൽ കോഴിക്കോട് സർവകലാശാലയും 44ൽ കുസാറ്റും ഇടം നേടിയപ്പോഴാണ് കണ്ണൂർ സർവകലാശാല എങ്ങുമെത്താതെ നില്‌ക്കുന്നത്.

ദേശീയ റാങ്കിംഗിൽ മികച്ച സ്ഥാനം കിട്ടുമെന്നാണ് പ്രതീക്ഷ. എൻ. ഐ. ആർ. എഫ് റാങ്കിംഗിൽ അടുത്തവർഷം സ്ഥാനം കിട്ടുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്.അദ്ധ്യാപകരുടെ എണ്ണം കുറവാണെന്നതു യാഥാർത്ഥ്യമാണ്. 75 അദ്ധ്യാപകരെ നിയമിക്കാൻ സർക്കാരിനോട് അനുവാദം ചോദിച്ചിട്ടുണ്ട്. ഇതിനു അനുകൂല തീരുമാനം സർക്കാരിൽ നിന്നുണ്ടാകുമെന്നാണ് പ്രതീക്ഷ.

ഡോ. സാബു അബ്ദുൾഹമീദ്

പ്രൊ. വൈസ് ചാൻസലർ, കണ്ണൂർ സർവകലാശാല

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KANNUR DIARY, KANNUR UNIVERSITY
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.