SignIn
Kerala Kaumudi Online
Wednesday, 17 April 2024 2.18 AM IST

കാനപ്പകയും തീരാവേദനകളും

varavisesham

ആനയിൽ നിന്ന് കാനത്തിലേക്കുള്ള ദൂരം കേവലം 'ക'യുടെ ഒരധികപ്പറ്റ് മാത്രമാണെന്ന് മാതംഗലീല എഴുതിയ കാലത്ത് തിരുമംഗലത്ത് നീലകണ്ഠൻ മൂസ് ചിന്തിച്ചിരുന്നില്ല. അതിന് മൂസിനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. അന്ന് കാനം സഖാവ് എന്നൊരാൾ ഈ ഭൂമുഖത്ത് ഭൂജാതനാവുമെന്ന് മൂസ് അറിഞ്ഞിരുന്നില്ലല്ലോ. പക്ഷേ, അന്നത് മൂസിന് സംഭവിച്ച ഏറ്റവും വലിയ വീഴ്ചയായിപ്പോയി എന്ന് പല ആനഗവേഷകരും ഇന്നിപ്പോൾ ചൂണ്ടിക്കാട്ടുന്നു.

ആനപ്പകയും കാനപ്പകയും ഒന്നുതന്നെയാണെന്നാണ് രണ്ട് പകകളും സസൂക്ഷ്മം വിലയിരുത്തിയിട്ടുള്ള ആനഗവേഷകർ സാക്ഷ്യപ്പെടുത്തുന്നത്. പക ഒളിച്ചുവയ്ക്കുന്ന ശീലം കാനം സഖാവിനുമില്ല,​ ആന സഖാക്കൾക്കുമില്ലെന്നാണ് പറയുന്നത്. ആന സഖാക്കളെപ്പോലെ കാനം സഖാവിനും ഗന്ധങ്ങൾ കാലങ്ങളോളം സൂക്ഷിച്ചുവയ്ക്കാനാകുമത്രേ. ഉദാഹരണത്തിന് ദൊരൈസ്വാമി രാജ സഖാവിന്റെ മണം കാറ്റത്ത് ദൂരേ നിന്നടിച്ചാൽ കാനം സഖാവ് വയലന്റാവും. അതിനെ പലരും കാനപ്പക എന്ന് സ്നേഹത്തോടെ വിളിക്കാറുണ്ട്.

'നമ്മുടെ പൊലീസ് നമ്മളെത്തല്ലിയാൽ നിങ്ങൾക്കെന്തേ കോൺഗ്രസേ' എന്ന് പണ്ടാരോ ചോദിച്ചത് പോലെ കാനം സഖാവ് ദൊരൈസ്വാമി രാജ സഖാവിനോട് അടുത്തിടെ ചോദിക്കുകയുണ്ടായി. യൂപിയിലായാലും കേരളത്തിലായാലും പൊലീസ്, പൊലീസ് തന്നെയെന്ന് രാജ സഖാവ് പറഞ്ഞുപോയതാണ് കാനം സഖാവിന്റെ മദമിളക്കിയത്. കേരള പൊലീസ് പിടികൂടുന്ന ആളുകളെയെല്ലാം 'സഹോദരീ', 'മഹാനുഭാവാ', 'സഹോദരാ', 'മാന്യരത്നമേ' എന്നിങ്ങനെയൊക്കെയുള്ള പദാവലികളാൽ മാത്രമേ ഇനി സംബോധന ചെയ്യാവൂ എന്ന കല്ലേപ്പിളർക്കുന്ന കല്പന ഡി.ജി.പിയദ്ദേഹം പുറപ്പെടുവിക്കുന്നതിന് മുമ്പായിരുന്നു അതെങ്കിലും കാനം സഖാവിന് രാജ സഖാവിന്റെ പറച്ചിൽ ഒട്ടും ദഹിച്ചില്ല. ആ നേരത്തെ കാനം സഖാവിന്റെ ദേഷ്യം പിടിച്ച പെരുമാറ്റത്തിനൊപ്പം തലയുടെ വശത്തെ ഗ്രന്ഥിയിൽ നിന്ന് പ്രത്യേക ദ്രാവകവും ഇറങ്ങിവരുന്നത് കണ്ടവർക്കാണ് സംഗതി പിടികിട്ടിയത് ! സംഗതി അതുതന്നെ, മദപ്പാട് !

മദപ്പാടിന്റെ സമയത്ത് ചില നാട്ടാനകളെ പട്ടിണിക്കിട്ട് കെട്ടിയിടുന്നത് പോലെ കാനം സഖാവിനോട് സാധിക്കില്ല. കാനം സഖാവിനെ അങ്ങനെ പട്ടിണിക്കിട്ടാലും മദപ്പാട് നിലയ്ക്കില്ലെന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. അതിനാൽ 'കുറച്ചങ്ങട് സഹിക്ക്യ' തന്നെയെന്ന് വർഷങ്ങളായി എമ്മെൻസ്മാരകത്തിൽ പരിചാരകവൃത്തിയിലേർപ്പെട്ടു വരുന്ന വേറെ ചില 'കാ'നം ചികിത്സകരൊക്കെ ഉപദേശിക്കുകയുണ്ടായി. അങ്ങനെ സഹിക്കാൻ തിരുവനന്തപുരത്ത് തൈക്കാട്ടുള്ള എമ്മെൻ സ്മാരകത്തിലെ ബാക്കി സഖാക്കളെല്ലാം തീരുമാനിക്കുകയും 'വരിക വരിക സഹജരേ, സഹന, സമര സമയമായ്...' എന്ന് പാട്ടുപാടുകയും ചെയ്തു. ഇപ്പോഴും എമ്മെൻസ്മാരകം വഴി സഞ്ചരിക്കുന്നവർക്ക് ഇങ്ങനെയൊരു പാട്ടിന്റെ ശബ്ദം കേൾക്കാമെന്നാണ് അതുവഴി പോയവരൊക്കെ പറയുന്നത്.

സംഗതി ദൊരൈസ്വാമി രാജ സഖാവ് ജനറൽസെക്രട്ടറിയും കാനം സഖാവ് കേരള സംസ്ഥാനത്തെ സെക്രട്ടറിയുമൊക്കെ തന്നെയാണ്. ജനറൽസെക്രട്ടറിയോ മൂത്തത് അതോ സംസ്ഥാന സെക്രട്ടറിയോ എന്ന ചോദ്യം അണ്ടിയോ മൂത്തത്, മാങ്ങയോ എന്ന് ചോദിക്കുമ്പോലെയേ ഉള്ളൂ എന്ന് ഇസ്മായിൽ സഖാവിന് അറിയാത്തതിനാലാണ്, രാജ സഖാവിനെ കുറ്റം പറഞ്ഞ കാനം സഖാവിനെ ചോദ്യം ചെയ്യാൻ ഇസ്മായിൽ സഖാവ് മുതിർന്നത്. പോരാത്തതിന് ഡാങ്കെയെ വിമർശിച്ച പാർട്ടിയാണിതെന്ന നഗ്നസത്യം കാനം സഖാവ് ഓർമ്മിപ്പിച്ചതുമാണ്. ജനറൽ സെക്രട്ടറിയായ രാജ സഖാവിനെ നാല് ചീത്ത പറയുമ്പോൾ കിട്ടുന്ന സുഖമൊന്ന് വേറെ തന്നെയാണെന്ന് ഇസ്മായിൽ സഖാവിനും പരീക്ഷിച്ചു നോക്കിയാൽ ബോദ്ധ്യപ്പെടാവുന്നതേയുള്ളൂ.

...........................................

ജോസ് മോന് ജനകീയതയില്ലെന്നും മാണിഗ്രൂപ്പ് ഇടതുമുന്നണിയിലേക്ക് വന്നതിന്റെ മെച്ചം ആ പാർട്ടിക്കേ ഉള്ളൂവെന്നും സി.പി.ഐക്കാർ കുറ്റപ്പെടുത്തിയിരിക്കുന്നു. ജോസ് മോന് അതിൽ എന്തെന്നില്ലാത്ത സങ്കടവും വേദനയുമുണ്ടെന്നാണ് പറയുന്നത്. ജോസ് മോൻ വെറുതെ വേദനിച്ചിരുന്നിട്ട് കാര്യമില്ല. ജോസ് മോന് ചെയ്യാവുന്ന കാര്യം വിഷയം ജന.സെക്രട്ടറി ഡി. രാജയുടെ ശ്രദ്ധയിൽപ്പെടുത്തുകയും, ജോസ് കെ.മാണിയുടെത് ഒട്ടും ജനകീയതയില്ലാത്ത കള്ളപ്പാർട്ടിയാണെന്ന് പറയിപ്പിക്കുകയുമാണ്. അങ്ങനെ പറഞ്ഞാൽ, അപ്പോൾ തന്നെ കാനംസഖാവ് സർവസന്നാഹങ്ങളുമായി ജോസ് മോന്റെ സംരക്ഷണമേറ്റെടുക്കുമെന്നതിൽ നൂറ്റുക്കുനൂറു ശതമാനം ഗ്യാരണ്ടിയാണെന്നാണ് ചില അഭ്യുദയകാംക്ഷികൾ പറയുന്നത്. ഒന്ന് പരീക്ഷിച്ചുകൂടേ!

................................................

കോൺഗ്രസിനെ സെമി കേഡറാക്കുമെന്ന് കുമ്പക്കുടി സുധാകർജി പറഞ്ഞത് എത്രയാലോചിച്ചിട്ടും ചർക്ക കോൺഗ്രസായ ഹസൻ സായ്‌വിന് പിടികിട്ടിയിട്ടില്ല. ഓൾഡ് സ്കൂളായതിന്റെ കുഴപ്പമാണെന്നാണ് തോന്നുന്നത്. അഞ്ജനമെന്നതെനിക്കറിയാം, മഞ്ഞള് പോലെ വെളുത്തിട്ടല്ലേയെന്ന് ചോദിക്കുന്ന ബുദ്ധിശൂന്യനെ പോലെയാവാൻ തയാറില്ലാത്തത് കൊണ്ടാണ് സായ്‌വ് ഉള്ളത് ഉള്ളപോലെ പറഞ്ഞത്. സായ്‌വിന്റെ കണക്കിൽ ഏഴരവെളുപ്പിനെണീറ്റ് പച്ചവെള്ളം ചവച്ചരച്ച് കുടിച്ച് രഘുപതി രാഘവ പാടി ചർക്കയിൽ നൂൽനൂൽക്കുന്ന കോൺഗ്രസേയുള്ളൂ. സെമികേഡർ പോയിട്ട് സെമിഫൈനൽ എന്താണെന്ന് പോലും കേട്ടിട്ടില്ലാത്ത സായ്‌വാണ്. കേത്തലിന്റെ കോഴിക്കടയെപ്പറ്റി കേട്ടിട്ടുണ്ടെങ്കിലും കേഡറിനെപ്പറ്റി കേട്ടിട്ടേയില്ല. ഈ സാഹചര്യത്തിൽ കുമ്പക്കുടിജി എത്രയുംവേഗം പാർട്ടിസ്കൂൾ തുടങ്ങി ഹസൻ സായ്‌വ് അടക്കമുള്ള ഓൾഡ് സ്കൂളുകാർക്ക് ക്ലാസ് കൊടുക്കുന്നത് എന്തുകൊണ്ടും നന്നായിരിക്കും!

ഇ-മെയിൽ: dronar.keralakaumudi@gmail.com

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VARAVISESHAM
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.