SignIn
Kerala Kaumudi Online
Saturday, 20 April 2024 8.29 AM IST

കാലുമാറ്റവും കാലമാറ്റവും

photo

പതിന്നാലു ഡി.സി.സി അദ്ധ്യക്ഷന്മാരെ വാഴിച്ചതിനു ശേഷം കോൺഗ്രസിലുണ്ടായ രാഷ്ട്രീയ ഭൂകമ്പം തത്കാലം അടങ്ങിയ മട്ടാണ്. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും മറ്റു ഗ്രൂപ്പ് മാനേജർമാരും ഉൗരിയ വാൾ ഉറയിലിട്ടു. ഹൈക്കമാൻഡിന്റെ ഇടപെടലുണ്ടാകുമെന്ന പ്രതീക്ഷ ദുർബലമായെങ്കിലും നിലനില്‌ക്കുന്നു. എന്നാൽ തുടർചലനങ്ങൾ അവസാനിച്ചിട്ടില്ല. പാലക്കാട്ട് വാർത്താസമ്മേളനം നടത്തി നേതൃത്വത്തെ വെല്ലുവിളിച്ച എ.വി. ഗോപിനാഥ് ഇനിയങ്ങോട്ടുള്ള സമീപനം എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല. പാലോ‌ട് രവിയെ തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റാക്കിയതിൽ പ്രതിഷേധിച്ച് പി.എസ്. പ്രശാന്ത് സി.പി.എമ്മിൽ ചേർന്നു. അച്ചടക്ക ലംഘനത്തിന് സസ്പെൻഷനിലായ കെ.പി. അനിൽകുമാറും കൊട്ടാരക്കര സീറ്റു കിട്ടാഞ്ഞതിനെത്തുടർന്ന് നിരാശയിലായിരുന്ന ജി. രതികുമാറും എ.കെ. ജി സെന്ററിൽ ചെന്ന് കോടിയേരി ബാലകൃഷ്‌ണന്റെ രാഷ്ട്രീയ നേതൃത്വം അംഗീകരിച്ചു. ഇരുവരെയും ചുവന്നഷാൾ അണിയിച്ച് സ്വീകരിക്കുകയും ചെയ്തു.

മാർക്‌സിസം - ലെനിനിസത്തിൽ ആകൃഷ്ടരായിട്ടല്ല മേൽപറഞ്ഞ നേതാക്കളൊക്കെ സി.പി.എം കൂടാരത്തിലേക്ക് പോയിട്ടുള്ളത്. അവരാരും മിച്ചമൂല്യ സിദ്ധാന്തത്തിലോ വർഗസമരത്തിലോ വിശ്വസിക്കുന്നവരല്ല. ഇന്നല്ലെങ്കിൽ നാളെ മഹത്തായ ഇന്ത്യൻ വിപ്ളവം യാഥാർത്ഥ്യമാകുമെന്നും തൊഴിലാളിവർഗ സർവാധിപത്യം നടപ്പിൽ വരുമെന്നും വ്യാമോഹിക്കുന്നവരുമല്ല. എന്തിന്, കേരളത്തിൽ പിണറായി വിജയൻ നേതൃത്വം നൽകുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ അനുപമമായ പ്രവർത്തന ശൈലിയിൽ ആകൃഷ്ടരായിട്ടു പോലുമല്ല ഇൗ നേതാക്കൾ പാർട്ടിവിട്ട് പാർട്ടി മാറിയിട്ടുള്ളത്. പാലോട് രവിയല്ല മറ്റാരെങ്കിലുമായിരുന്നു തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റെങ്കിൽ പി.എസ്. പ്രശാന്ത് കോൺഗ്രസ് പാർട്ടിയിൽത്തന്നെ ഉണ്ടാകുമായിരുന്നു. കോഴിക്കോട് ഡി.സി.സി അദ്ധ്യക്ഷ സ്ഥാനത്ത് തന്നെ നിയമിച്ചിരുന്നെങ്കിൽ കെ.പി. അനിൽകുമാർ അച്ചടക്ക കാര്യത്തിൽ ശാഠ്യം വച്ചുപുലർത്തുന്ന നേതാവായി തുടരുമായിരുന്നു. കൊട്ടാരക്കരയിൽ മത്സരിച്ചു തോല്‌ക്കാനുള്ള അവസരമെങ്കിലും ലഭിച്ചിരുന്നെങ്കിൽ ജി. രതികുമാറും മാതൃസംഘടനയിൽ തന്നെ ഉറച്ചു നിൽക്കുമായിരുന്നു. നിർഭാഗ്യവശാൽ അവരാരും ആഗ്രഹിച്ച രീതിയിലല്ല കാര്യങ്ങൾ നടന്നത്. അതുകൊണ്ട് മോഹഭംഗമുണ്ടായി. പാർട്ടിവിട്ട് പോകാൻ തീരുമാനിച്ചു. തൊട്ടു തലേദിവസം വരെ രാഷ്ട്രീയമായി തങ്ങൾ ഏറ്റവും അധികം എതിർത്തിരുന്ന മാർക്‌സിസ്റ്റ് പാർട്ടിയിലേക്കു തന്നെ ഇൗ നേതാക്കൾ ചേക്കേറി. അതിൽ തെറ്റൊന്നുമില്ല. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. ഒാരോരുത്തർക്കും അവർ ആഗ്രഹിക്കുന്ന പാർട്ടിയിൽ ചേർന്നു പ്രവർത്തിക്കുന്നതിന് തടസമൊന്നുമില്ല. എന്നാൽ സി.പി.എം പോലെ അച്ചടക്കത്തിനും രാഷ്ട്രീയ ധാർമ്മികതയ്ക്കും വലിയ പ്രാധാന്യം നൽകുന്ന, ആദർശത്തിനും പ്രത്യയശാസ്ത്രത്തിനും ഉൗന്നൽ നൽകുന്ന ഒരു പാർട്ടി ഇതുപോലെയുള്ള അവസ‌രവാദികളെ ഇരുകൈയും നീട്ടി സ്വീകരിക്കുന്നതിൽ എന്തു ന്യായമാണുള്ളത് ? ഇവരുടെ കാലുമാറ്റം അഥവാ കൂറുമാറ്റം ആശയപരമല്ല, ആമാശയപരമാണെന്ന് ഇൗ നാട്ടിൽ അരിയാഹാരം കഴിക്കുന്ന എല്ലാവർക്കുമറിയാം. സി.പി.എം നേതാക്കൾക്കുമറിയാം. അപ്പോൾ ഇത്തരം രാഷ്ട്രീയ മാലിന്യങ്ങളെ സ്വീകരിക്കേണ്ടുന്ന എന്തു അടിയന്തര സാഹചര്യമാണ് സി.പി.എമ്മിൽ നിലനില്‌ക്കുന്നത് ?

മുമ്പും പല നേതാക്കളും സി.പി.എം പാളയത്തിലേക്ക് വന്നിട്ടുണ്ടെന്നതു മറക്കുന്നില്ല. ടി.കെ.ഹംസ, ചെറിയാൻ ഫിലിപ്പ്, പീലിപ്പോസ് തോമസ്, ശോഭനാ ജോർജ്ജ് എന്നിവർ കോൺഗ്രസിൽ നിന്നും ലോനപ്പൻ നമ്പാടൻ കേരള കോൺഗ്രസിൽ നിന്നും വന്നവരാണ്. കെ.ടി. ജലീൽ, പി.ടി.എ റഹീം, കാരാട്ട് റസാഖ് മുതലായവർ മുസ്ളിം ലീഗിൽ നിന്ന് വന്നവരും. പക്ഷേ ഇവരൊക്കെ വന്നത് ഏതെങ്കിലും തിരഞ്ഞെടുപ്പിന്റെ ഘട്ടത്തിലാണ്. കോൺഗ്രസിൽ അല്ലെങ്കിൽ മുസ്ളിം ലീഗിൽ സീറ്റു കിട്ടുകയില്ലെന്ന സാഹചര്യത്തിൽ ഇടതുപക്ഷത്തേക്ക് കൂറുമാറിയവരാണ്. മാത്രമല്ല, അവർ നേരിട്ട് പാർട്ടിയിൽ ചേരുകയുമല്ല ചെയ്തത്. ഇടതുപക്ഷ സ്വതന്ത്രൻ എന്ന മേൽവിലാസത്തിലാണ് വളരെക്കാലം തുടർന്നത്. ടി.കെ. ഹംസയും ലോനപ്പൻ നമ്പാടനും പില്‌ക്കാലത്ത് പാർട്ടി അംഗത്വം സ്വീകരിച്ചുവെന്നത് സത്യമാണ്. മറ്റെല്ലാവരും സ്വതന്ത്രരായിത്തന്നെ നിലനിന്നു. ടി.കെ. ഹംസയും പി.ടി.എ റഹീമും കാരാട്ട് റസാഖും കെ.ടി. ജലീലുമൊക്കെ സി.പി.എമ്മിന് അന്യഥാ ജയസാദ്ധ്യതയില്ലാത്ത സീറ്റുകൾ പിടിച്ചെടുക്കാൻ പാർട്ടിയെയും ഇടതു മുന്നണിയെയും സഹായിച്ചവരാണ്. ചെറിയാൻ ഫിലിപ്പും പീലിപ്പോസ് തോമസും ചാവേറുകളായി വന്നവരാണ്. അതുകൊണ്ടു തന്നെ അവരെ സ്വീകരിക്കേണ്ട രാഷ്ട്രീയവും ധാർമ്മികവുമായ ബാദ്ധ്യത പാർട്ടിക്കുണ്ടായി എന്നതാണ് സത്യം. ഇപ്പോൾ തിരഞ്ഞെടുപ്പിന്റെ ഒരു അടിയന്തര സാഹചര്യം സി.പി.എമ്മിന്റെയോ ഇടതു മുന്നണിയുടെയോ മുന്നിലില്ല. എന്നിട്ടും കെ.പി. അനിൽകുമാറിനെയും ജി. രതികുമാറിനെയുമൊക്കെ എന്തിന് സ്വാഗതം ചെയ്തുവെന്നതാണ് പ്രസക്തമായ ചോദ്യം.

കോൺഗ്രസ് വിട്ട നേതാക്കൾ ബി.ജെ.പിയിൽ പോകാതെ രക്ഷിച്ചെടുത്തുകൊണ്ട് തങ്ങൾ ത്യാഗം ചെയ്തുവെന്നാണ് സി.പി.എം വൃത്തങ്ങൾ പറയുന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി തന്നെ ഇൗ രീതിയിലുള്ള അഭിപ്രായം പറയുന്നതു കേട്ടു. കോൺഗ്രസ് നേതൃത്വത്തോടു കലഹിച്ചു പുറത്തുവന്ന നേതാക്കളാരും തന്നെ ജനസമ്മതിയുള്ളവരല്ല. ഇവരാരും മുമ്പ് ഒരു തിരഞ്ഞെടുപ്പിലും മത്സരിച്ച് ജനപിന്തുണ തെളിയിച്ചവരുമല്ല. ഒരുപക്ഷേ കുടുംബാംഗങ്ങളല്ലാതെ മറ്റാരും അവർക്കൊപ്പം ഉണ്ടാവുകയേയില്ലെന്ന കാര്യം വ്യക്തമാണ്. ഇവർ ബി.ജെ.പിയിലോ മുസ്ളിം ലീഗിലോ മറ്റേതെങ്കിലും പാർട്ടിയിലോ ചേർന്നിരുന്നെങ്കിലും യാതൊരു വ്യത്യാസവും ഉണ്ടാകുമായിരുന്നില്ല. ബി.ജെ.പിയിലാണ് ചേർന്നതെങ്കിൽ അവർക്ക് ബാദ്ധ്യതയാകുമെന്നല്ലാതെ ആ പാർട്ടിയുടെ ജനകീയ അടിത്തറ ശക്തിപ്പെടുമായിരുന്നില്ല. മുമ്പ് ജി. രാമൻ നായരും ടോം വടക്കനും പോയപോലെ തന്നെയാകുമായിരുന്നു. സി.പി.എം പച്ചക്കൊടി കാണിച്ചില്ലായിരുന്നെങ്കിൽ ഇവർ കോൺഗ്രസിനകത്തു തന്നെ ശല്യക്കാരായി നിലനില്‌ക്കാനേ സാദ്ധ്യതയുണ്ടായിരുന്നുള്ളൂ. ഒരുപക്ഷേ എൻ.സി.പിയിൽ ചേരാനുള്ള വിദൂര സാദ്ധ്യതയേ നിലനിന്നിരുന്നുള്ളൂ. കോൺഗ്രസിൽ നിന്ന് തലമുണ്ഡനം ചെയ്തു പുറത്തു വന്ന ലതിക സുഭാഷ് എൻ.സി.പിയിൽ ചേർന്നത് തികച്ചും സ്വാഭാവികം. കാരണം കോൺഗ്രസും എൻ.സി.പിയും കൈയാളുന്ന രാഷ്ട്രീയ പ്രത്യയശാസ്‌ത്രം ഒന്നു തന്നെയാണ്. കോൺഗ്രസിൽ നിന്ന് എൻ.സി.പിയിലേക്കോ കോൺഗ്രസ് (എസ്) ലേക്കോ പോകുന്നതും ആ പാർട്ടികളിൽ നിന്ന് കോൺഗ്രസിലേക്ക് തിരിച്ചു വരുന്നതും തികച്ചും സ്വാഭാവികമായ ഒരു രാഷ്ട്രീയ പ്രക്രിയയാണ്. അതുപോലെയല്ല സി.പി.എം. കോൺഗ്രസിന്റെയും കമ്മ്യൂണിസ്റ്റ് പാർട്ടികളുടെയും രാഷ്ട്രീയ പശ്ചാത്തലം വേറെയാണ്. പ്രത്യയശാസ്ത്രം വേറെയാണ്. സംഘടനാ രീതികൾ തികച്ചും വ്യത്യസ്തമാണ്. കോൺഗ്രസിൽ നിന്ന് അച്ചടക്കം ലംഘിച്ച് പുറത്തു വരുന്നവർ അതിനെക്കാൾ എത്രയോ കർക്കശമായ നിയന്ത്രണങ്ങൾ പാലിച്ച് സി.പി. എമ്മിൽ എങ്ങനെ പ്രവർത്തിക്കുമെന്നത് കൗതുകകരമാണ്. കെ.പി.സി.സി പ്രസിഡന്റിനെക്കുറിച്ചു നടത്തിയതു പോലെയുള്ള പരാമർശങ്ങൾ സി.പി.എം സംസ്ഥാന സെക്രട്ടറിയെയോ മുഖ്യമന്ത്രിയെയോ കുറിച്ചാണ് പറഞ്ഞിരുന്നതെങ്കിൽ എന്തായിരിക്കും അനുഭവമെന്ന് കെ.പി. അനിൽകുമാർ ആത്മവിചിന്തനം നടത്തുന്നത് നന്നായിരിക്കും.

സമീപകാലത്ത് കോൺഗ്രസിൽ നിന്ന് മാത്രമല്ല മുസ്ളിം ലീഗിൽ നിന്നും പ്രാദേശിക നേതാക്കൾ സി.പി.എമ്മിലേക്ക് ധാരാളമായി പോകുന്നുണ്ട്. അവരും ആദർശ പ്രചോദിതരായിട്ടല്ല, പാർട്ടിയിലെ പടലപ്പിണക്കങ്ങൾ കൊണ്ടാണ് മറുകണ്ടം ചാടുന്നത്. വരുംദിവസങ്ങളിൽ കൂടുതലാളുകൾ സി.പി.എമ്മിലേക്ക് വരുമെന്നാണ് പാർട്ടി നേതാക്കൾ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്. ഇപ്പോഴത്തെ നിലയ്ക്ക് അതിനുള്ള സാദ്ധ്യത കൂടുതലാണ്. കാരണം മാർക്സിസ്റ്റ് പാർട്ടിക്ക് അധികാരമുണ്ട്, ആൾ സ്വാധീനമുണ്ട്, പണമുണ്ട്. കൂറുമാറി വരുന്നവർക്ക് എന്തെങ്കിലും താത്കാലിക നേട്ടങ്ങൾ ഉണ്ടാക്കിക്കൊടുക്കാനും കഴിയും. മറുവശത്ത് യു.ഡി.എഫ് സംവിധാനം ശിഥിലമായിരിക്കുന്നു. സംഘടനാ പ്രശ്നങ്ങൾ കോൺഗ്രസിൽ മാത്രമല്ല മുസ്ളിം ലീഗിലും ആർ.എസ്.പിയിലും കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിലുമുണ്ട്. ജോസഫ് ഗ്രൂപ്പിൽ നിന്ന് പ്രവർത്തകരും നേതാക്കളും ജോസ് മാണി ഗ്രൂപ്പിലേക്കാണ് പോകുന്നത്. എന്നാൽ മുസ്ളിം ലീഗിൽ നിന്ന് ഐ.എൻ.എല്ലിലേക്കോ കോൺഗ്രസിൽ നിന്ന് എൻ.സി.പി, കോൺഗ്രസ് (എസ്) മുതലായ ദുർബല രാഷ്ട്രീയ കക്ഷികളിലേക്കോ അല്ല നേരെ സി.പി.എമ്മിലേക്കാണ് പ്രവർത്തകരും പ്രാദേശിക നേതാക്കളും കൂടുമാറുന്നത്.

കോൺഗ്രസ് പാർട്ടി ദേശീയതലത്തിൽ വലിയ പ്രതിസന്ധി നേരിടുകയാണ്. വരുന്ന തിരഞ്ഞെടുപ്പിൽ പഞ്ചാബിൽ അധികാരം നിലനിറുത്താൻ കഴിയുമോ എന്നകാര്യം സംശയാസ്പദമാണ്. രാജസ്ഥാനിലും സ്ഥിതി വ്യത്യസ്തമല്ല. ഗുജറാത്തിലോ മദ്ധ്യപ്രദേശിലോ കർണ്ണാടകത്തിലോ അധികാരം തിരിച്ചുപിടിക്കാമെന്ന ആഗ്രഹം എത്രപേർ വച്ചു പുലർത്തുന്നുണ്ടെന്ന് അറിയില്ല. യു.പിയിലെ കാര്യം പറയാനുമില്ല. ദേശീയ രാഷ്ട്രീയത്തിൽ ബി.ജെ.പിക്ക് ഒരു വെല്ലുവിളിയാകാൻ കോൺഗ്രസിനു കഴിയുമോ എന്ന സംശയം നിലനില്‌ക്കുന്നു. കേരളത്തിൽ തുടർച്ചയായി രണ്ടുതവണ തോറ്റതിന്റെ ക്ഷീണത്തിൽ നിന്ന് പാർട്ടി കരകയറിയിട്ടില്ല. അതിനു പുറമേയാണ് ഇപ്പോഴത്തെ സംഘടനാ പ്രശ്നം. വിട്ടുപോയ നേതാക്കളുടെ ജനസമ്മതി അത്ര കാര്യമാക്കേണ്ടതില്ല. പാർട്ടി നേരിടുന്ന വെല്ലുവിളി അതിനെക്കാൾ വലുതാണ്. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് മുസ്ളിം ലീഗ് ഐക്യമുന്നണി വിടാനുള്ള സാദ്ധ്യത ചില നേതാക്കളെങ്കിലും സംശയിക്കുന്നു. അങ്ങനെയെങ്കിൽ പിന്നെ യു.ഡി.എഫിന് കേരള രാഷ്ട്രീയത്തിൽ യാതൊരു പ്രസക്തിയുമില്ല. കോൺഗ്രസ് അധികാരത്തിൽ തിരിച്ചുവരാനുള്ള സാദ്ധ്യതയും വിദൂരമാകുന്നു. ചുരുക്കിപ്പറഞ്ഞാൽ കേരളം പഴയ ബംഗാളാകാൻ പോകുന്നു.

അങ്ങനെയൊരു രാഷ്ട്രീയ സാഹചര്യം മുന്നിൽക്കണ്ടാണ് പല അവസരവാദികളും കോൺഗ്രസ് പാർട്ടിയോടു യാത്രപറഞ്ഞ് ആവുന്നതും വേഗം മാർക്സിസ്റ്റ് പട കുടീരത്തിൽ അഭയം തേടുന്നത്. ഇവർക്ക് അവിടെയെന്ത് സ്വാഗതമാണ് ലഭിക്കുകയെന്ന് ഇപ്പോൾ പ്രവചിക്കാൻ കഴിയില്ല. ചിലരെ വല്ല കോർപ്പറേഷന്റെയോ ബോർഡിന്റെയോ അദ്ധ്യക്ഷസ്ഥാനത്ത് അവരോധിക്കാം. ഒ.കെ. വാസു മാസ്റ്ററുടെയും പീലിപ്പോസ് തോമസിന്റെയും ശോഭനാ ജോർജ്ജിന്റെയും ഉദാഹരണങ്ങൾ നമ്മുടെ മുന്നിലുണ്ട്. അപൂർവം ചിലർക്ക് കെ.ടി. ജലീലിനെയോ ലോനപ്പൻ നമ്പാടനെയോ പോലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനും അവസരം ലഭിച്ചേക്കാം. അതിനപ്പുറം ഒരു വിപ്ളവവും ഇവിടെ നടക്കാൻ പോകുന്നില്ല. പക്ഷേ കോൺഗ്രസിൽ നിന്നാൽ അതുപോലും ലഭിക്കില്ലെന്ന തിരിച്ചറിവു കൊണ്ടാണ് ഇങ്ങനെ കൂട്ടംതെറ്റിയ കോലാടുകൾ മറ്റുള്ള ആലകൾ അന്വേഷിച്ചു പോകുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CHATHURANGAM
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.