SignIn
Kerala Kaumudi Online
Thursday, 25 April 2024 10.12 AM IST

മാരീചനായി കൊറോണ വൈറസ്, ലക്ഷ്‌മണരേഖ ലംഘിക്കാതെ ജനം

ee

സ്വാതന്ത്ര്യദിനം, ഗാന്ധിജയന്തി തുടങ്ങിയ പ്രത്യേകദിനങ്ങളിൽ സ്‌പെഷൽ കാർട്ടൂണുകൾ വരക്കുന്നതിനെക്കുറിച്ച് മുൻലക്കങ്ങളിൽ പറഞ്ഞു. ശ്രീകൃഷ്‌ണജയന്തി,രാമായണമാസാരംഭം, ഈസ്റ്റർ, ക്രിസ്‌മസ് തുടങ്ങിയ ദിവസങ്ങളിലും ഇതിനോട് ബന്ധപ്പെട്ട കാർട്ടൂണുകൾ വരയ്‌ക്കാറുണ്ട്. രാമായണമാസമാണല്ലോ ഇത്.രാമായണത്തെ അടിസ്ഥാനമാക്കി വരച്ച കാർട്ടൂണുകളെക്കുറിച്ചാണ് ഇത്തവണ.

രാമായണവുമായി ബന്ധപ്പെട്ട് കാർട്ടൂണുകൾക്ക് സാധ്യതയുള്ള നിരവധി ഇമേജുകൾ ഉണ്ട്. വനവാസം,വില്ലൊടിക്കൽ, ലക്ഷ്‌മണരേഖ, ലങ്കാദഹനം,പാദുകപട്ടാഭിഷേകം, ഒളിയമ്പ്,ചിറകെട്ടൽ, കുംഭകർണസേവ തുടങ്ങി പല ഇമേജുകളും കാർട്ടൂണുകളിൽ നിരവധി തവണ ഉപയോഗിച്ചിട്ടുണ്ട്. ഇണപ്പക്ഷികളിലൊന്നിനെ കാട്ടാളൻ അമ്പെയ്തു വീഴ്‌ത്തുന്നതും ശൈവചാപം ഒടിക്കുന്നതും മാത്രമല്ല, വനവാസം, പാദുകപട്ടാഭിഷേകം, പുഷ്‌പകവിമാനം, ജടായുമരണം, ബാലികേറാമല,ലങ്കാദഹനം, സേതുബന്ധനം, മൃതസഞ്ജ്ജീവനി, അഗ്നിപരീക്ഷ, അശ്വമേധം എന്നിങ്ങനെ രാമായണവുമായി ബന്ധപ്പെട്ട ഒട്ടേറെ പരാമർശങ്ങൾ പലകാലങ്ങളിലായി കാർട്ടൂണിലേക്ക് കടന്നു വന്നതായി കാണാം.

എഴുത്തച്‌ഛന്റെ അദ്ധ്യാത്മരാമായണത്തിലെ 'ചക്ഷുശ്രവണഗളസ്ഥമാം ദർദ്ദുരം ഭക്ഷണത്തിന്നപേക്ഷിക്കുന്നതു പോലെ" പാമ്പിന്റെ വായിൽ അകപ്പെട്ട തവള ഭക്ഷണത്തിനു അപേക്ഷിക്കുന്നതു ഒരുപാട് സന്ദർഭങ്ങളിൽ കാർട്ടൂൺ ആയിട്ടുണ്ട്.

ഉമ്മൻചാണ്ടിയെ അട്ടിമറിച്ച് മാണിയെ മുഖ്യമന്ത്രിയാക്കാനുള്ള ആലോചനകളുമായി ബന്ധപ്പെടുത്തി ഏട്ടനു വനവാസം അനുജനു രാജ്യഭരണം എന്ന 'കമ്മ്യൂണിസ്റ്റ് 'മാണി'ഫെെ്രസ്രാ' തീർക്കുന്ന സി.പി.എം നേതൃത്വവും വാൽ ഉയർത്തി ഇരിപ്പിടമൊരുക്കുന്ന ഹനുമാനു പകരം എൻ.എസ്.എസ് പിന്തുണയോടെ 'ജാതിവാൽ' ഉയർത്തി മന്ത്രിസഭയിൽ പ്രമുഖസ്ഥാനം നേടാൻ ശ്രമിക്കുന്ന രമേശ് ചെന്നിത്തലയും കാർട്ടൂണിൽ കഥാപാത്രമായിട്ടുണ്ട്.

മറ്റൊരു കാർട്ടൂണിൽ വിവാദങ്ങളുയർത്തി സ്വന്തം ഇല്ലം ചുട്ടുകരിക്കുന്ന വി.എസ്. അച്യുതാനന്ദനാണ് ഹനുമാനായി രംഗത്തുവരുന്നത്. കേരളകൗമുദി ഫ്ളാഷിനുവേണ്ടി സെന്റർ സ്‌പ്രെഡിൽ വരച്ച രാമായണമാസ സ്‌പെഷൽ കാർട്ടൂൺ ശ്രദ്ധിക്കപ്പെട്ടിരുന്നു.രാമായണകഥ മുഴുവൻ ഒറ്റശ്ലോകത്തിൽ പറയുന്ന ഏകശ്ലോക രാമായണം കുട്ടിക്കാലം മുതലേ കേട്ടിട്ടുള്ളതാണ്.സംസ്‌കൃതത്തിലുള്ള ആ ശ്ലോകം ഇപ്രകാരമാണ്.

'പൂർവ്വം രാമതപോവനാനി ഗമനം ഹത്വാമൃഗം കാഞ്ചനം
വൈദേഹിഹരണം ജടായുമരണം സുഗ്രീവസംഭാഷണം
ബാലീനിഗ്രഹണം സമുദ്രതരണം ലങ്കാപുരീമർദ്ദനം
കൃത്വാ രാവണകുംഭകർണ്ണനിധനം സമ്പൂർണ്ണരാമായണം."

രാമായണത്തിലെ പ്രധാനകഥാസന്ദർഭങ്ങളെല്ലാം ഒറ്റശ്ലോകത്തിലേക്ക് കൊരുത്ത് ഇണക്കിയതാണ് ശ്ലോകത്തിന്റെ പ്രത്യേകത. വർഷം 2009 ആണ്. പാർട്ടി ആദ്യം സീറ്റ് നിഷേധിച്ചെങ്കിലും പിന്നീട് വലിയ പ്രതിഷേധങ്ങൾക്കൊടുവിൽ പോരാടിനേടിയ വിജയവുമായി വി.എസ്. മുഖ്യമന്ത്രിയായി ഭരിക്കുന്ന കാലം.മുഖ്യമന്ത്രിയാണെങ്കിലും പാർട്ടി നേതൃത്വവുമായി നിരന്തരം ഇടഞ്ഞുകൊണ്ടായിരുന്നു വി.എസിന്റെ ഭരണം. മലപ്പുറം കോട്ടയം പാർട്ടി സമ്മേളനങ്ങൾക്ക് ശേഷം പാർട്ടി നിർദ്ദേശിച്ച അച്ചടക്ക മാർഗരേഖ ലംഘിക്കാൻ വി.എസ് മടിച്ചില്ല.ലാവ്ലിൻ അടക്കം പല വിഷയങ്ങളിലും പാർട്ടിനേതൃത്വത്തിന്റെ നിലപാടിനു വിരുദ്ധമായ തന്റെ കടുത്ത നിലപാടുകളുമായി വി.എസ് മുന്നോട്ടുപോയി. എ.ജിയുടെ ഉപദേശപ്രകാരം ലാവ്‌ലിൻ കേസിൽ പാർട്ടി സെക്രട്ടറിയായ പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നിഷേധിച്ച മന്ത്രിസഭയുടെ നിലപാടിനുവിരുദ്ധമായി പ്രോസിക്യൂഷൻ അനുമതി ആകാം എന്ന് അന്നത്തെ ഗവർണർ ആർ.എസ്. ഗവായ് നിലപാടെടുത്തത് വി.എസ് പക്ഷം രഹസ്യ ആയുധമാക്കി.പക്ഷെ പാർട്ടി കേന്ദ്രനേതൃത്വം പിണറായിയെ ശക്തമായി പിന്തുണച്ച് ഉറച്ചുനിന്നു.

ഇതായിരുന്നു കാർട്ടൂൺ വരക്കുന്ന സമയത്തെ സംസ്ഥാന രാഷ്ട്രീയ പശ്ചാത്തലം. പാർട്ടി സംസ്ഥാനനേതൃത്വത്തിന്റെയും പി.ബിയുടെയും തീരുമാനമാകുന്ന വില്ലൊടിച്ച് സീതയുടെ പിന്തുണ നേടിയ രാമൻ പിന്നീട് പി.ബിയിൽ സസ്‌പെൻഡ് ചെയ്യപ്പെട്ട് വനവാസത്തിനയക്കപ്പെടുന്നു.പാർട്ടി നിർദ്ദേശിച്ച മാർഗ്ഗരേഖ ലംഘിച്ച് ലാവ്ലിൻ എന്ന മായാമൃഗത്തിനു പിന്നാലെ പോകുന്ന രാമനാണ് അടുത്ത സീനിൽ ഈ തക്കം നോക്കി സീതയെ രാവണൻ അപഹരിക്കുന്നു.എതിർക്കാൻ ശ്രമിക്കുന്ന ജടായുവിന്റെ ചിറകുകൾ രാവണൻ അരിയുന്നു.ബാലിയെ തോൽപ്പിച്ച് സുഗ്രീവനുമായി സന്ധിചെയ്തും വാനരപ്പടയുടെ സഹായം തേടിയും സീതയെ വീണ്ടെടുക്കാൻ ലങ്കയിൽ എത്തുന്ന രാമൻ കാണുന്നത് രാവണനോടൊപ്പം സുഖമായി കഴിയുന്ന സീതയെയാണ്.ഇതായിരുന്നു കാർട്ടൂണിന്റെ ക്ലൈമാക്സ്.

കേരളകൗമുദി ഫ്ളാഷിന്റെ സെന്റർ സ്‌പ്രെഡിൽ കളറിൽ അച്ചടിച്ച ഈ കാർട്ടൂണിന് കർക്കടകമാസത്തെ സിൻഡിക്കേറ്റ് രാമായണം എന്നായിരുന്നു പേര്. സ്‌പീക്കർ സ്ഥാനത്തേക്ക് ചിറകെട്ടുന്ന ശ്രീരാമകൃഷ്‌ണന് പിന്തുണയുമായി അണ്ണാൻ കുഞ്ഞായി ജയ് ശ്രീറാം എന്ന് വിളിച്ച് വരുന്ന ഒ.രാജഗോപാലിന്റെ കാർട്ടൂണും ചർച്ചയായിരുന്നു. സ്‌പീക്കർ തിരഞ്ഞെടുപ്പിൽ രാജഗോപാൽ വോട്ട് ചെയ്‌തത് ശ്രീരാമകൃഷ്‌ണനായിരുന്നു. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെ കൂടി വിവാദത്തിൽ അകപ്പെടുത്താനായി പ്രതിപക്ഷം തങ്ങളാലാകും വിധം ശ്രമിച്ചുകൊണ്ടിരുന്ന കാലം.മുഖ്യമന്ത്രിയുടെ ഓഫീസ് കൂടി ആരോപണനിഴലിൽ നിൽക്കുന്ന വിവാദത്തിൽ ഈ സാഹചര്യത്തിലാണ് മന്ത്രി ജി സുധാകരന്റെ ഒരു പ്രസ്‌താവന വരുന്നത്.

രാമായണ മാസത്തിൽ മുഖ്യമന്ത്രിയെ വേട്ടയാടാൻ പ്രതിപക്ഷവും ബി.ജെ. പിയും ശ്രമിക്കുന്നു എന്നതാണ് സുധാകരന്റെ വാദം. രാമായണമാസം രാക്ഷസീയ ചിന്തകൾ ഒഴിവാക്കേണ്ട മാസമാണ്. ഈ പുണ്യമാസത്തിൽ തന്നെ മുഖ്യമന്ത്രിയെ രാക്ഷസീയ ചിന്തകളോടെ വേട്ടയാടുകയാണ് പ്രതിപക്ഷവും ബി.ജെ. പിയും ചെയ്യുന്നത് എന്നായിരുന്നു കവി കൂടിയായ ജി സുധാകരന്റെ അഭിപ്രായം.

ആദികാവ്യമായ രാമായണം രൂപംകൊണ്ടത് ഒരു വേട്ട യിലൂടെയാണ്. മരക്കൊമ്പിലിരിക്കുന്ന ഇണക്കുരുവികളിൽ ഒന്നിനെ വേടൻ അമ്പെയ്‌തു വീഴ്‌ത്തിയത് കണ്ടപ്പോളുണ്ടായ ദുഃഖത്തിൽ നിന്നാണ് വാത്മീകി മഹർഷി രാമായണം എന്ന കാവ്യം രൂപപ്പെടുത്തിയത്. കവിയായ വാത്മീകിയും മുമ്പ് വേടനായിരുന്നു എന്നതും ഓർക്കാം. കവി കൂടിയായ ജി. സുധാകരനെ വാത്മീകിയായി ചിത്രീകരിക്കുന്നതായിരുന്നു കാർട്ടൂൺ. സുധാകരൻ ഒരു മരച്ചുവട്ടിൽ ആണ് ഇരിക്കുന്നത്. ആ മരത്തിന് മുകളിൽ ഇരുന്ന ഇണക്കുരുവികൾ ആയിരുന്നു ശിവശങ്കറും മുഖ്യമന്ത്രിയും. അതിൽ ഒരു ഇണക്കുരുവിയായ മുഖ്യമന്ത്രിയെ അമ്പെയ്‌തു വീഴ്‌ത്തുന്ന വേടൻ ആയി പ്രതിപക്ഷ നേതാവിനെയും വരച്ചു. ഹൃദയഭേദകമായ ഈ കാഴ്ച കണ്ട് അടുത്ത കവിത എഴുതാൻ ഒരുങ്ങുന്ന കവിയായാണ് ജി. സുധാകരൻ കാർട്ടൂണിൽ പ്രത്യക്ഷപ്പെടുന്നത്. മാനിഷാദ എന്നാണ് സുധാകരകവിയുടെ വാക്കുകൾ. കാർട്ടൂൺ കണ്ട് മന്ത്രി തന്നെ നേരിട്ട് വിളിച്ച് അഭിനന്ദനം അറിയിച്ചു.

കൊവിഡ് കാലത്ത് പ്രതിരോധത്തിനായി സാമൂഹിക അകലം പാലിക്കുന്നത് ഏറെ പ്രധാനമാണല്ലോ.അനുദിനം രൂപം മാറുന്ന ജനിതകമാറ്റം സംബവിച്ച വൈറസിനെയാണ് നാം പ്രതിരോധിക്കേണ്ടത്.മാരീചനായി വരുന്ന കൊവിഡ് വൈറസിൽ നിന്ന് രക്ഷനേടാൻ സാമൂഹിക അകലം എന്ന ലക്ഷ്‌മണരേഖ മറികടക്കാതിരിക്കുക എന്ന ബോധവൽക്കരണകാർട്ടൂണിന്റേയും പശ്ചാത്തലം രാമായണം തന്നെയാണ്.കേരളകൗമുദി ആഴ്‌ചപ്പതിപ്പിലായിരുന്നു ഈ കാർട്ടൂൺ പ്രസിദ്ധീകരിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CARTOON STORIES, WEEKLY, CARTOON, VARAYORMAKAL
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.